#ദിനസരികള് 483 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയഞ്ചാം ദിവസം.‌




||റെയിന്‍ കോട്ട് മോഹനകൃഷ്ണന്‍ കാലടി||
            മോഹനകൃഷ്ണന്‍ കാലടി തികച്ചും സാധാരണമായ വാക്കുകളെയാണ് നിരത്തി വെക്കുന്നത്. അസാധാരണത്വമൊന്നുമില്ലാത്ത തികച്ചും സാധാരണ വാക്കുകളെന്ന് ആവര്‍ത്തിക്കട്ടെ. പക്ഷേ ആ വാക്കുകളുടെ സമ്മേളനമാകട്ടെ , അസാധാരണമായ ലോകങ്ങളെ ആവാഹിച്ചെടുക്കുന്നു. അവിടെ കവിത ഉരുവം കൊള്ളുന്നു. വായനക്കാരായ നമ്മള്‍ ചൂണ്ടയില്‍ കോര്‍‍ത്തെടുക്കപ്പെട്ട പോലെ പിടഞ്ഞുലയുന്നു. കള്ളിമിഠായികള്‍ എന്ന കവിത നോക്കുക.
            നിന്നോടു മിണ്ടില്ല ഞാനിനി നീയെന്റെ
            പഞ്ഞിമിഠായി കവര്‍ന്നതല്ലേ.
            നോട്ടുബുക്കില്‍ ഞാനൊളിപ്പിച്ചതൊക്കെയും
            നീയെടുത്താകാശം കാട്ടിയില്ലേ . എത്ര സാധാരണമാണ് ആ പരിഭവം? എന്റെ പഞ്ഞിമിഠായി കവര്‍ന്നു തിന്നുകയും നോട്ടുബുക്കിലൊളിപ്പിച്ചു വെച്ച മയില്‍പ്പീലികളെ ഞാനറിയാതെ പുറത്തെടുത്ത് ആകാശം കാണിക്കുകയും ചെയ്ത നിന്നോടു ഞാനെങ്ങനെ കൂടാനാണ്? ബാല്യകൌതുകങ്ങള്‍ക്കു ക്ഷമിക്കാനാകാത്ത കുറ്റമാണു കൂട്ടുകാരന്‍ ചെയ്തിട്ടുള്ളത്.അതുകൊണ്ടു ഇനി നിന്നോടു മിണ്ടില്ല എന്ന ചെറിയ ശിക്ഷയെങ്കിലും അവനു കൊടുത്തില്ലെങ്കില്‍പ്പിന്നെ എന്തുകാര്യം ? പക്ഷേ ആ കൂട്ടുകാരന്റെ വികൃതികള്‍ അവിടംകൊണ്ടു അവസാനിക്കുന്നില്ല.
            കൊല്ലപ്പരീക്ഷക്കു പോലുമൊരുത്തരം
            കാട്ടിത്തരാതെ മറന്നതല്ലേ
            എന്നക്കയറ്റാത്ത സൈക്കിളില്‍ വേറൊരു
            പെണ്ണിനെക്കൂട്ടിപ്പറന്നതല്ലേ -  നിന്റെ കൂട്ടുകാരനെന്നു പറഞ്ഞു നിന്റെ കൂടെ നടന്ന എന്നപ്പോലും കയറ്റാത്ത സൈക്കിളില്‍ ഏതോ ഒരു പെണ്ണിനെക്കേറ്റിക്കൊണ്ടു പോയതു എങ്ങനെയാണ് ഞാനിനി സഹിക്കുക? പരീക്ഷക്കു ഉത്തരം കാണിച്ചു തരാത്തതിനെക്കാള്‍ വലിയ സങ്കടമിതാണല്ലോ. കരുതിയത് നീ എന്റേയും ഞാന്‍ നിന്റേയും കൂട്ടുകാരനാണെന്നാണല്ലോ പക്ഷേ ഞാന്‍ നിന്റെ കണക്കില്‍ വെറുമൊരു അന്യനായിത്തീര്‍ന്നതു അസഹനീയമാകുന്നു. നിന്നോടു ക്ഷമിക്കാനാകാത്തവയുടെ കണക്കിലേക്ക് ഇവകളെക്കൂടി എനിക്കു കൂട്ടിച്ചേര്‍‌ക്കേണ്ടി വരുന്നു.അപ്പോള്‍ നിന്റെ കുറ്റം വര്‍ദ്ധിക്കുകയും നാം തമ്മിലുള്ള ശത്രുത ക്ഷമിക്കാനാകാത്ത തലത്തിലേക്കു മാറുകയും ചെയ്യുന്നു.
            കവി ഇത്രയും പറഞ്ഞതിന് ഉപയോഗിച്ച വാക്കുകളെ പരിശോധിക്കുക.രണ്ടു കുട്ടികള്‍ ഉപയോഗിക്കുന്ന പദങ്ങള്‍ക്കപ്പുറത്തേക്കുള്ള ഒന്നും നമുക്കവിടെ കണ്ടെത്താനാകുന്നില്ല.പക്ഷേ അവ നമ്മുടെ മനസുകളില്‍ സൃഷ്ടിച്ചെടുക്കുന്ന സൂചിനീട്ടലുകളെ അസാധാരണത്വങ്ങളെ നോക്കുക.കവിതയുടെ അവസാന വരികള്‍
            എങ്കിലുമേറെ നരച്ചതല്ലേ, കുറേ
            പല്ലും പടവും പൊഴിഞ്ഞതല്ലേ
            രണ്ടു വശങ്ങളിലേക്കു നടന്ന നാം
            കണ്ടു മുട്ടുന്ന കാന്താരമല്ലേ
            കണ്ണാടി തന്മുന്നിലെത്തിയ പോലെ നാം
            തമ്മില്‍‌ത്തെളിയുന്ന നേരമല്ലേ
            ചങ്ങാതിയെന്നും വിളിച്ചതല്ലേ പണ്ട് ;
            പഞ്ഞിമിഠായി പകുത്തടുക്കാം.
കവി ഇവിടെ വിരമിക്കുന്നു.അദ്ദേഹത്തെ ഇഴപിരിച്ചെടുക്കാനുള്ള നമ്മുടെ അവകാശത്തെ അവിടെത്തന്നെ വെറുതെയിട്ടുകൊണ്ട്.നീണ്ടു നീണ്ടവസാനിത്തിലേക്കെത്തി നില്ക്കുന്ന ജീവിതത്തിന്റെ ഗതിവിഗതകള്‍ നമ്മെ പരുവപ്പെടുത്തിയിരിക്കുന്നു. കാലുഷ്യങ്ങളെല്ലാമൊടുങ്ങിക്കഴിഞ്ഞിരിക്കുന്നു.കണ്ണിനെ മറയ്ക്കുന്ന കറുപ്പുകളുടെ തീക്ഷ്ണതയല്ല, എല്ലാം തെളിഞ്ഞു വിളയിക്കുന്ന പ്രകാശത്തിന്റെ സ്വച്ഛതയിലേക്ക് നാം ചെന്നു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടു ഉണ്ണപ്പിണക്കങ്ങളെ മറന്നുകൊണ്ടു നാം നമുക്കായി കരുതിവെച്ച പഞ്ഞിമിഠായിയുടെ കുഞ്ഞുമധുരങ്ങളെ പങ്കിട്ടെടുക്കുക.
            മോഹനകൃഷ്ണന്റെ കവിതകളുടെ ഒരു പൊതുസ്വഭാവമാണ് നമ്മള്‍  കണ്ടത്. ഭാഷാപരമായ കസര്‍ത്തുകളെ വിട്ടിട്ട് ലളിതമായ വാക്കുകളെ ഉപയോഗിച്ച് നീറിപ്പിടിക്കുന്ന ആശയങ്ങളെ ആവിഷ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിനുള്ള അസാമാന്യമായ ശേഷിക്ക് റെയിന്‍ കോട്ട് എന്ന ഈ കവിതാസമാഹാരം സാക്ഷ്യംപറയുന്നു.മോഹനകൃഷ്ണന്റെ സവിശേഷമായ മറ്റൊരു സ്വഭാവത്തെക്കൂടി പരിഗണിക്കുക. സാധാരണമായ വാക്കുകളിലെ ആശയങ്ങളെ തിരിച്ചിട്ടുകൊണ്ടു അദ്ദേഹം മറ്റൊരു ലോകത്തെ പണിതുയര്‍ത്തുന്നുണ്ട്.സൌന്ദര്യലഹരി എന്ന കവിത കാണുക
            ചോന്ന പൊട്ട് നിനക്കു ചേരില്ലെന്ന്
            നൂറുവട്ടം പറഞ്ഞതല്ലേ
            എന്നിട്ടിപ്പോള്‍ നിറുകയില്‍ത്തന്നെ നീ
            വെട്ടു കൊണ്ട പോല്‍ സിന്ദൂരവും തൊട്ട്
            വന്നു നിന്നാല്‍ നിറയാതിരിക്കുമോ
            നെറ്റിയില്‍ ഞാനടച്ചിട്ട തിരുമിഴി എന്ന ചോദ്യത്തില്‍ വാക്കുകളെ പാര്‍ശ്വവത്കരിച്ചുകൊണ്ടു അവയിലെ ആശയങ്ങളെ കുഴമറിക്കുന്ന അസാധാരണമായ സര്‍ഗ്ഗശേഷി നിറകൊണ്ടു നില്ക്കുന്നു.
            ഞാനൊരു വെറും ഭുമി
            നീയാരെന്നറിവീല
            നീ പെയ്ത പ്രളയത്തില്‍
            ഞാന്‍ പൊങ്ങിക്കിടക്കുന്നു എന്നഴുതുന്ന ഇക്കവിയെക്കുറിച്ച് ഇനിയും മലയാളം ഏറെ പുളകംകൊള്ളാനിരിക്കുന്നു ; പഠിക്കാനും.
           
പ്രസാധകര്‍- ഡി സി ബുക്സ് വില 45 രൂപ, ഒന്നാം പതിപ്പ് ആഗസ്റ്റ് 2011


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1