#ദിനസരികള് 481 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിമൂന്നാം ദിവസം.‌




||അധികാരത്തിന്റെ ഭാഷാവഴക്കങ്ങള്‍ – ഡോ.ഉണ്ണി ആമപ്പാറയ്ക്കല്‍||

അധികാരം ഭാഷയില്‍ ഇടപെടുന്നതെങ്ങനെയൊക്കെയാണെന്ന് വിശദമാക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ഏറെയൊന്നുമില്ല. എന്നു മാത്രവുമല്ല, ഇത്തരത്തിലുള്ള ബോധ്യങ്ങളെക്കുറിച്ച് നാം വിശദമായി ചിന്തിക്കാന്‍ ശ്രമിക്കുന്നതുപോലും ഈയടുത്ത കാലത്താണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഭാഷയേയും അധികാരത്തേയും കുറിച്ച് ഉണ്ണി ആമപ്പാറയ്ക്കല്‍ തയ്യാറാക്കിയ ഈ പുസ്തകത്തിനു പ്രസക്തി ഏറെയാണ്.അധികാരം ആര്‍ജ്ജിക്കുന്നതിലും അതു ഉറപ്പിച്ചു നിറുത്തുന്നതിലും ഭാഷക്കുള്ള സ്വാധീനം എത്രത്തോളമുണ്ടെന്നുള്ള ഒരന്വേഷണമാണ് ഈ ശ്രമത്തിനു പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അധികാരം എന്ന സവിശേഷ സ്വരൂപത്തെക്കുറിച്ചുള്ള വിശദമായ ഒരു പഠനത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്.” ഒറ്റയൊറ്റയായി ജീവിച്ചിരുന്ന മനുഷ്യന്‍ ഗോത്രസമൂഹങ്ങളായി ജീവിക്കാന്‍ തുടങ്ങിയതോടെ നയിക്കാന്‍ - നായകന്റെ – ആവശ്യമുണ്ടാകുന്നു.കൂട്ടത്തിലൊരാള്‍ ആന്തരികമായ ബാഹ്യമായോ കരുത്തുള്ള ഒരാള്‍ കേന്ദ്രസ്ഥാനത്തു പ്രതിഷ്ടിക്കപ്പെടുന്നു.ആദ്യമാദ്യം കൂട്ടായെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് അയാള്‍ നേതൃത്വം നല്കുന്നു.പിന്നെ തീരുമാനങ്ങളെടുക്കുന്നത് അയാളാകുന്നു.അയാളെടുക്കുന്ന തീരുമാനങ്ങള്‍ ഗോത്രനന്മയെ ലാക്കാക്കിയുള്ളതാണെന്ന ധാരണ രൂഢമൂലമാകുന്നു.” അങ്ങനെയുണ്ടാകുന്ന അധികാരകേന്ദ്രങ്ങള്‍ പിന്നീട് തങ്ങളുടെ സ്വാധീനങ്ങള്‍ക്കു കുറവുണ്ടാകാതാരിക്കാനുള്ള രീതികളെ അവലംബിക്കുകയും ആയവയെ അവസാന തീര്‍പ്പുകളായി മാറ്റിയെടുക്കുകയും ചെയ്യുന്നതോടെ സ്ഥിരമായ ഒരു കേന്ദ്രം നിര്‍മിക്കപ്പെടുന്നു. പിന്നീടുണ്ടാകുന്നതെല്ലാം ആ നായകന്റെ അഥവാ അയാളുടെ അധികാരത്തിന്റെ കീഴിലേക്ക് ചെന്നു ചേരുന്നു.പ്രധാനമായും ഫൂക്കോയുടെ കാഴ്ചപ്പാടുകളെ പിന്‍പറ്റിയാണ് അധികാരത്തെക്കുറിച്ചും അതിന്റെ ഘടനകളെക്കുറിച്ചും ഉണ്ണി ചിന്തിക്കുന്നത്.അറിവും അധികാരവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അവ രണ്ടിന്റേയും സമ്മേളനമാണ് എല്ലാ കേന്ദ്രങ്ങളേയും സൃഷ്ടിച്ചെടുക്കുന്നതെന്നുമുള്ള ഫൂക്കോയുടെ നിലപാട് അദ്ദേഹം എടുത്തെഴുതുന്നുണ്ട്.തടവറയേയും ലൈംഗികതയേയുമൊക്കെ അധികാരത്തിന്റെ പീഠങ്ങളെ ഉറപ്പിച്ചു നിറുത്തുവാന്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു.ബര്‍ട്രന്റ് റസ്സിലിനേയും അദ്ദേഹത്തിന്റെ Power: A New Social Analysis എന്ന പുസ്തകത്തിനേയും മുന്‍നിറുത്തിയുള്ള ചിന്തകളേയും ഈ അധ്യായത്തിന്റെ അവസാനാ ഭാഗത്തു ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നു.അധികാരത്തിന്റെ വിവിധങ്ങളായ മുഖങ്ങളെ – പൌരോഹിത്യ അധികാരം, രാജകീയ അധികാരം , നഗ്നമായ അധികാരം, വിപ്ലവകരമായ അധികാരം , സാമ്പത്തികമായ അധികാരം എന്നിങ്ങനെ – ഇഴപിരിച്ചെടുത്തുകൊണ്ടാണ് റസ്സല്‍ അധികാരത്തെക്കുറിച്ച് സംസാരിക്കുന്നത്.

മലയാളത്തില്‍ നാളിതുവരെയായി പുറത്തു വന്നിട്ടുള്ള, അധികാരവുമായ ബന്ധപ്പെട്ട വിവിധങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ് രണ്ടാമത്തെ അധ്യായത്തില്‍ ചെയ്യുന്നത്. ഇ ബാനര്‍ജി, സെബാസ്റ്റ്യന്‍ വട്ടമറ്റം,ഉഷ നമ്പൂതിരിപ്പാട്, പി എം ഗിരീഷ്, കെ കെ ബാബുരാജ് , കവിയൂര്‍ മുരളി വിജയന്‍ വള്ളിക്കാവ്, പി കെ രാജശേഖരന്‍ എന്നിവരെ പരിചയപ്പെടുത്തിയിരിക്കുന്നു. പി എം ഗിരീഷിനേയും ഉഷയേയും പോലെയുള്ളവരേയും സാഹിത്യത്തില്‍ അധികാരമുണ്ടാക്കിയെടുക്കുന്ന വഴക്കങ്ങളെക്കുറിച്ച് രാജശേഖരന്റെ കാഴ്ചപ്പാടുകളേയും കുറച്ചുകൂടി സമഗ്രമായി പ്രതിപാദിക്കേണ്ടതായിരുന്നു.

ഭാഷയും അധികാരവും എന്ന അധ്യായമാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്കു തോന്നുന്നത്. എന്നാല്‍ ഈ ഭാഗം വേണ്ടത്ര ശ്രദ്ധയോടെയാണ് തയ്യാറാക്കിയെടുത്തത് എന്ന അഭിപ്രായമെനിക്കില്ല. പ്രത്യേകിച്ചും വ്യാകരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അധികാരസൂചകങ്ങളായ പ്രയോഗങ്ങളെക്കുറിച്ചു കുറച്ചുകൂടി നീണ്ട തലത്തിലുള്ള ഒരു വിചിന്തനം എന്തുകൊണ്ടും പ്രയോജനകരമായിരുന്നു.എന്നാല്‍ അക്കാര്യത്തില്‍ ശ്രീ ഉണ്ണി വേണ്ടത്ര ശ്രമപ്പെട്ടിട്ടില്ല.എന്നാല്‍‌പ്പോലും ഭാഷയിലേയും വ്യാകരണത്തിലേയും അധികാരത്തെക്കുറിച്ച് അന്വേഷിക്കുന്നവന്‍ പോകേണ്ട വഴി ഏതാണെന്നുള്ള ഒരു കൈചൂണ്ടി സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല. “സ്വയം അധമനാണെന്ന് ഉദ്ഘോഷിക്കുന്ന പ്രയോഗങ്ങളേ ഒരു കാലത്ത് ഒരു വിഭാഗത്തിന് മേലാളനോട് പ്രയോഗിക്കാനാകുമായിരുന്നുള്ളു.ഭാഷ ഉടലെടുത്തതുമുതല്‍ ഒരു പക്ഷേ ഈ വേര്‍തിരിവ് നിലനിന്നിരിക്കണം.ഒരു ജനവിഭാഗത്തിന്റെ സാംസ്കാരികപഠനം ഭാഷാപരമായ പഠനവും നടത്തിയിരിക്കണം.” എന്ന പത്മിനിയുടെ അഭിപ്രായത്തെ ഉദ്ധരിക്കുന്നതിലൂടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവുമെന്താണെന്ന് മനസ്സിലാക്കാന്‍ വായനക്കാര്‍ക്കും കഴിയുന്നുണ്ട്.

എന്തായാലും ഞാന്‍ തന്നെയാണ് രാജ്യം എന്ന് പണ്ടൊരു ഭരണാധികാരി ഊറ്റംകൊണ്ടതുപോലെയുള്ള വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ക്കൂടി കടന്നു പോകുന്ന നാം എന്നും വിവിധങ്ങളായ അധികാരത്തിന്റെ മുഖങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. സ്റ്റേറ്റ്, മതം, കുടുംബം, ദേശീയത, പുരുഷാധിപത്യപ്രവണത എന്നിവയൊക്കെ അധികാരകേന്ദ്രങ്ങളാകുകയും നിയന്ത്രിച്ച് നിലക്കു നിറുത്തുവാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുകതന്നെ ചെയ്യുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.

പ്രസാധകര്‍- പൂര്‍ണ പബ്ലിക്കേഷന്‍സ് വില 60 രൂപ, ഒന്നാം പതിപ്പ് ഫെബ്രു 2012



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം