#ദിനസരികള് 478 - നൂറു ദിവസം നൂറു പുസ്തകം – അമ്പതാം ദിവസം.‌


||ഉള്ളില്‍ കിന്നാരം പറയുന്നവര്‍ - നിത്യചൈതന്യയതി||‍

കിന്നരിക്കുക എന്ന വാക്കിന് ശ്രീകണ്ഠേശ്വരം പറയുന്ന അര്‍ത്ഥം ശൃംഗരിക്കുക എന്നാണ്.പ്രകൃതത്തില്‍ അതെത്രമാത്രം യോജിക്കുമെന്നത് സന്ദേഹാത്മകമാണ്.അഭിനവഗുപ്തനും എഴുത്തച്ഛനും കുമാരനാശാനും എം ഗോവിന്ദനും പാസ്റ്റര്‍നാക്കും റസ്സലും തോറോയും യുങ്ങും ഹെസ്സേയുമൊക്കെ ശൃംഗരിക്കുക എന്നതിനു സാധാരണ നാം സ്വീകരിക്കുന്ന അര്‍ത്ഥത്തോടു ചേര്‍ന്നു പോകുമോ?അതുകൊണ്ട് ഉള്ളിലെപ്പോഴും ഉണര്‍ന്നിരുന്ന് നമ്മുടെ ബോധ്യങ്ങളെ അനുനിമിഷം പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ നിര്‍മാണാത്മകമായ സംവാദങ്ങളുയര്‍ത്തുന്ന ആമന്ത്രണങ്ങള്‍ എന്നായിരിക്കണം കിന്നാരംകൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകുക. വാക്കുകണ്ടെത്തി ചേര്‍ത്തുവെച്ച കവിമനസ്സിനോട് എനിക്ക് കൂറുണ്ടെന്നുകൂടി പറയട്ടെ.

റസ്സലിനെപ്പറ്റി ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ സ്വാഭാവികമായ എന്റെ പക്ഷപാതം ആദ്യമായി അദ്ദേഹം കിന്നരിക്കുന്നത് കേള്‍ക്കുന്നതിലേക്ക് നയിക്കുന്നു.റസ്സല്‍ എന്തിനുവേണ്ടി ജീവിച്ചു എന്നു ചോദ്യത്തിനുള്ള ഉത്തരമാണ് യതി തേടുന്നത്.സ്നേഹം സംസ്ഥാപിച്ചെടുക്കാനും , ഓരോ ജീവനുകളേയും പരസ്പരം ആദരങ്ങളോടെ ചേര്‍ത്തു നിറുത്താനുമാണ് റസ്സല്‍ തന്റെ ജീവിതത്തെ ഉഴിഞ്ഞുവെച്ചത്.അതേ അദമ്യമായ അഭിവാഞ്ചയോടുകൂടി അദ്ദേഹം അറിവിനേയും അന്വേഷിച്ചു. “ഞാന്‍ എന്നും സ്നേഹം തേടി അലയുന്നവനായിരുന്നു.എന്തുകൊണ്ടെന്നാല്‍ സ്നേഹം സാക്ഷാത്കരിക്കു മ്പോഴെല്ലാം ഒരുവനെ അത് ആനന്ദഭരിതനാക്കുന്നു.ഏതാനും മണിക്കൂറുകള്‍ മാത്രമേ സ്നേഹം കൊണ്ട് ആനന്ദാനുഭൂതി ഉണ്ടാവുകയുള്ളുവെങ്കിലും അതിനുവേണ്ടി ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം മുഴുവന്‍ ത്യജിക്കുവാന്‍ പോലും ഞാന്‍ എന്നും തയ്യാറായിരുന്നു.സ്നേഹത്തെ ഞാന്‍ എത്ര കണ്ടു വിലമതിച്ചുവോ അത്രതന്നെ ആവേശത്തോടുകൂടിയാണ് അറിവിനായി ദാഹിച്ചിട്ടുള്ളത്.സഹോദരമനുഷ്യന്റെ ഹൃദയവ്യാപാരം എന്തെന്നറിയുവാന്‍ ഞാന്‍ എന്നും ഉല്‍സുകനാണ്” സ്നേഹവും അതിന്റെ വ്യാഹതികളും അറിഞ്ഞനുഭവിച്ച അദ്ദേഹം അവസാനം ഇനി ഞാനുറങ്ങിയാല്‍ അത് ഇനിയും ഞാനുറങ്ങിയാല്‍ അത് കൃതകൃത്യന്റെ ഉറക്കമായിരിക്കും എന്നാണ് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തുന്നത്.

ഭൂമിയില്‍ നിന്നും ആകെ നശിച്ചുപോയ മനുഷ്യന് പിഴച്ചത് എവിടെയായിരുന്നുവെന്ന് ഗ്രഹാന്തരങ്ങളില്‍ നിന്ന് എന്നെങ്കിലും ഇവിടേക്ക് വന്നെത്തുന്ന ഒരുവന്‍ ചിന്തിച്ചുപോയേക്കാം.പാഴായും ശൂന്യമായും ഇരിക്കുന്ന ഇവിടെ ചവിട്ടിനിന്നുകൊണ്ട് അവനിങ്ങനെ പറഞ്ഞുവെന്നും വരാം. “ മനുഷ്യന്‍ അവന്റെ ഇഷ്ടത്തിന് നിയമങ്ങളുണ്ടാക്കുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത വിഡ്ഢിയായിരുന്നു. ഭൂമിയുടേയോ പ്രകൃതിയുടേയോ നിയമങ്ങളെ കണ്ടെത്താനും അനുസരിക്കാനുമുള്ള മനസ്സു അവനുണ്ടായിരുന്നില്ല.അവന്‍ പ്രമാണിയായി നിന്നുകൊണ്ട് ഭൂമിയെ അടക്കിഭരിക്കാന്‍ ശ്രമിച്ചു.ഒരു പ്രഭാതത്തില്‍ ഒരു പൂവു ചെടിയില്‍ നിന്നും അടര്‍ത്തിമാറ്റുന്ന അത്ര ലാഘവത്തോടെ ഭൂമി മനുഷ്യനെ ഇവിടെ നിന്നും പറഞ്ഞയച്ചു.” അതുകൊണ്ടു പ്രകൃതിയുടെ നിയമങ്ങളെ പരിധിയില്ലാതെ ലംഘിക്കുന്ന ശീലങ്ങളില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടു നാളെ വരാനുള്ള നമ്മുടെ തലമുറക്കുകൂടി ഇവിടെ ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ഇന്നിവിടെ പുലരുന്ന നമുക്കാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക എന്നാണ് ഗായിയയെ അറിയുക എന്ന കുറിപ്പില്‍ പറയുന്നത്.

യതി തോറോയെക്കുറിച്ചും വാള്‍ഡനെക്കുറിച്ചും എഴുതുമ്പോള്‍ അതിലൊരു സുഖകരമായ കവിതയുടെ മുഴക്കം സ്വാഭാവികമായും വന്നുചേരുന്നു.ഭാഷ താളമുള്ളതാകുന്നു.വാക്കുകളില്‍ ഊഷ്മളത വന്നു നിറയുന്നു.അക്ഷരങ്ങളുടെ അരികുകളില്‍ അസാധ്യമായ ഒരു തിളക്കം വന്നുനിറയുന്നു. “പതയും നുരയുമായി പാഞ്ഞൊഴുകി വരുന്ന പെരുവെള്ളം കൊണ്ട് ആറ് ആനന്ദനൃത്തം ചെയ്തുവരുമ്പോള്‍ അതിന്റെ ആഹ്ലാദത്തിമര്‍പ്പില്‍ തോറോയുടെ പൊട്ടിച്ചിരി കൂടിയുണ്ട്.കാറ്റത്തു ഉലഞ്ഞു വീണുപോയ പൂക്കളെ കാട്ടാറു വാരിക്കൂട്ടി കൊച്ചുകൊച്ചു ആവര്‍ത്തിനികളുടെ നുണക്കുഴികളില്‍ ചേര്‍ത്തുവെച്ച് ചാഞ്ചാടുമ്പോള്‍ അതു ഒരു നദി ഒഴുകുന്നുവെന്നല്ല തോറോ വിചാരിക്കുന്നത്, തന്റെ കൂട്ടുകാരി ചുണ്ടത്തു ഒരു ചുംബനവുമായി വരുന്നുവെന്നാണ്”

ഗോവിന്ദന്‍ ജിതമാനസന്‍ എന്ന ലേഖനം വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. തന്റെ ആശയങ്ങളെ പരുവപ്പെടുത്തിയെടുക്കാന്‍ യതിക്കു ഗോവിന്ദന്‍ എത്രമാത്രം സഹായിയായി എന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. എന്നുമാത്രവുമല്ല ഗോവിന്ദന്‍ കെട്ടിയ ചക്കിനു ചുറ്റുമാണ് താനിപ്പോഴു കറങ്ങുന്നതെന്നുകൂടി അദ്ദേഹം പറയുമ്പോള്‍ ആ ബന്ധം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് നമുക്കുമനസ്സിലാകുന്നു.ഗോവിന്ദന്‍ ‘ചത്തെന്ന്’ വിശ്വസിക്കുവാന്‍ തയ്യാറാകാത്ത യതി, കേവലമായ ശരീരത്തിന്റെ പരിമിതിയിലല്ല ഗോവിന്ദന്‍ ജീവിക്കുന്നതന്നും നിത്യനായി തന്റെ ആത്മാവിനോടു ചേര്‍ന്നു നിന്നാണെന്നും പറയുമ്പോള്‍ നമുക്കതു അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല.”ഒരാളും ഒരു പീജിയന്‍ ഹോളില്‍ ഒതുങ്ങി നില്‍ക്കുകയില്ല.പ്രത്യേകിച്ചും ഗോവിന്ദനെപ്പോലെയുള്ളയാള്‍.അതുകൊണ്ട് നാം അദ്ദേഹത്തെ ആരെന്നു വിലയിരുത്തുവാന്‍ ശ്രമിക്കേണ്ട.പല മാധ്യമങ്ങളില്‍ക്കൂടി പല മാതിരി അദ്ദേഹം നമുക്കു നമ്മെത്തന്നെ കാണിച്ചുതന്നു.സാധാരണ അര്‍ത്ഥത്തില്‍ ഗോവിന്ദന്‍ ഒരു ആന്ത്രപ്പോളജിസ്റ്റായിരുന്നില്ല, ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നില്ല, ഒരു സാമൂഹിക ശാസ്ത്രജ്ഞനായിരുന്നില്ല, എന്നാല്‍ ഏതു സര്‍വ്വകലാശാലയിലേയും പണ്ഡിതാഗ്രേസരനു ചെന്നെത്താന്‍ കഴിയാത്ത ആഴം വരെപ്പോയി അദ്ദേഹം സാധാരണക്കാരന്റെ മനശാസ്ത്രജ്ഞനും സാമൂഹിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായെന്നു മാത്രമല്ല , താന്‍ തുടങ്ങിവെച്ചതു തുടര്‍ന്നുകൊണ്ടുപോകുവാന്‍ ജനജീവിതത്തിന് ഒരു പ്രേരണയായിത്തീരുകയും ചെയ്തു” എന്ന് യതി എഴുതുന്നത് സാംസ്കാരിക കേരളം ശരിവെക്കും.

കിന്നാരം പറയുന്നവര്‍ തീരുന്നില്ല. ചിലരെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. നമുക്ക്, വര്‍ത്തമാനകാലത്തിലെ ജനതക്ക് ഇതുപോലെ സ്നേഹംപ്രസരിപ്പിക്കുന്ന കുറച്ചാളുകളെ ഉള്ളില്‍ പേറാന്‍ കഴിഞ്ഞുവെങ്കില്‍ ഒരു സമൂഹം എന്ന നിലയല്‍ നാം നേരിടുന്ന ജാതീയവും മറ്റുമായ വൈതരണികളെ നിസ്സാരമായി അതിലംഘക്കുവാന്‍ കഴിയുമെന്നാണ് ഈ പുസ്തകം ലോകത്തോടു വിളിച്ചു പറയുന്നതു. അതുകൊണ്ട് വിദ്വേഷം പ്രചരിപ്പിക്കാതെ മനുഷ്യനെ സ്നേഹിക്കാനും ചേര്‍ത്തു പിടിക്കാനും പഠിപ്പിക്കുന്ന ഗുരുക്കന്മാരെ നാം കണ്ടെത്തുക.
പ്രസാധകര്‍- ഗ്രീന്‍ ബുക്സ്, വില 105 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2016

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1