#ദിനസരികള് 472 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിനാലാം ദിവസം.‌


||മഴപ്പുസ്തകം – എഡി ടോണി ചിറ്റേട്ടുകുളം, ഫൈസല്‍ ബിന്‍ അഹമ്മദ് ||

നാം മഴ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ക്കിടകം ചാഞ്ഞും ചെരിഞ്ഞും പെയ്തുകൊണ്ടിരിക്കുന്നു.തോടും പുഴയും മറ്റു ജലാശയങ്ങളുമെല്ലാം നിറഞ്ഞിരിക്കുന്നു. പലയിടത്തും ജീവിതങ്ങള്‍ തന്നെ ഒലിച്ചു പോയതായ വാര്‍ത്തകള്‍ വരുന്നു.മഴയുടെ രൌദ്രവും സൌമ്യവുമായ സഹജഭാവങ്ങളെല്ലാംതന്നെ ഈ വര്‍ഷക്കാലും നമുക്കു മുന്നില്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ മഴയെ വായനയിലൂടെ അനുഭവിപ്പിച്ച ഒരു പുസ്തകത്തെ അവതരിപ്പിക്കുക എന്ന ശ്രമം പാഴായിപ്പോകുമോ? “മഴപ്പുസ്തകത്തിലൂടെ നീങ്ങുമ്പോള്‍ നിങ്ങള്‍ കണ്ടെത്തുന്നത് മലയാളം കണ്ടതിലേക്കും മികച്ച മഴക്കവിതകളും കഥകളുമാണ്.” എന്ന എഡിറ്റര്‍‌മാരുടെ അവകാശവാദം എന്നെ പക്ഷേ ഇല്ല എന്നു പറയാനാണ് പ്രേരിപ്പിക്കുന്നത.മഴയോട് ഇഷ്ടക്കൂടുതലുള്ള മലയാളികള്‍ക്ക് പ്രത്യേകിച്ചും.
വേഴാമ്പല്‍ പോലുന്മുഖനായി നില്ക്കും
കൃഷീവലന്നേറെ വിടര്‍ന്ന കണ്ണാല്‍
സുഖാഞ്ജനസത്തെഴുതിച്ചു മേഘം
സൌദാമിനീരൂപ്യശലാകയാലേ എന്ന് കര്‍ഷകന് ഉള്ളം കുളിര്‍ക്കുന്നവളായി മഴ പക്ഷേ മാറുന്നതിനെക്കുറിച്ച് ധാരാളിത്തത്തിന്റെ ഇ കാലത്ത് ഓര്‍മ വേണം എന്നൊരു കരുതല്‍ വെയ്ക്കുന്നതു നല്ലതുതന്നെയല്ലേ ?
എജ്ജാതി മഴകളാണ് ഈ പുസ്തകത്തിലാകെ പെയ്തു നിറയുന്നത് ? നേരെ വന്നു ഭൂമിയിലേക്ക് വീഴുന്ന ശരിമഴ, നോഹയുടെ പെട്ടകക്കാലത്തു പെയ്ത കൊടുംമഴ, കുമാരനാശാന്റെ പ്രരോദനമേഘം ചൊരിഞ്ഞ സങ്കടമഴ,ഉള്ളൂരിന്റെ മുത്തുമഴ, വള്ളത്തോളിന്റെ കര്‍ഷകന്‍ കണ്ട പ്രതീക്ഷാമഴ, സുഗതകുമാരിയുടെ രാത്രിമഴ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്നേഹമഴ, പി രാമന്റെ വേനല്‍ മഴ അങ്ങനെയങ്ങനെ മലയാള കവിതയിലെ കുലപതിമാരും ഇളമുറക്കാരുമൊന്നു പോലെ കണ്ട, അറിഞ്ഞ, അനുഭവിച്ച മഴയെ ആവിഷ്കരിച്ചെടുക്കുമ്പോള്‍ നാം മുഖം തിരിക്കുന്നതെങ്ങനെ ?
കെ ജി എസു പെയ്യിക്കുന്ന മഴയുടെ ശക്തി അസാധാരണമാണ്. ഒരു നാട് ഒന്നാകെ വ്യര്‍ത്ഥമായി ഒലിച്ചുപോകുന്നതിനെ വേവലാതിപ്പെടുത്തി വെച്ചിരിക്കുന്ന ഈ കവിത ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ കവിതകളില്‍ ഒന്നാണെന്ന് പറയാതെ വയ്യ.
മഴ പെയ്യുന്നു
മദ്ദളം കൊട്ടുന്നു
മഴ പെയ്യുന്നു
പാന്റ് മുറ്റത്ത്
സാരി മുറ്റത്ത്
ഷര്‍ട്ട് മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
മുത്തച്ഛന്‍ മുറ്റത്ത്
കണ്ണട മുറ്റത്ത്
ഭാരതം മുറ്റത്ത്
കോണകം മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
ഞാനും മുറ്റത്ത്
വീടും മുറ്റത്ത്
നാടും മുറ്റത്ത്
മഴ പെയ്യുന്നു
മഴ മഴ മഴ മഴ മഴ
ഴ ഴ ഴ ഴ ഴ ഴ ഴ
കുഞ്ഞുമാഷിന്റെ ഒരു കുഞ്ഞു സ്വപ്നത്തെക്കൂടി പകര്‍ത്തട്ടെ
മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയ്യിലൊരിത്തിരി കാശും വേണം
ജീവിതമെന്നാല്‍ പരമാനന്ദം – എന്നു കണ്ടെത്തുന്ന കുഞ്ഞുണ്ണി മാഷു എല്ലാവരുടേയും സ്വപ്നങ്ങളെയാണ് പാടിയുണര്‍ത്തുന്നത്.
രണ്ടാംഭാഗത്തെ മഴക്കഥകളില്‍ തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന വിഖ്യാതമായ കവിതയാണ് ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്. എത്ര വായനയിലും ഒരു വായനക്കുകൂടിയുള്ള കോപ്പ് ആ കവിതയില്‍ തകഴി ഒരുക്കിവെച്ചിരിക്കുന്നു , മുറുക്കത്തിന് ഒരഴിച്ചിലുമില്ലാതെ ഉറൂബ് , എസ് കെ പൊറ്റക്കാട്, ടി പത്മനാഭന്‍ നന്തനാര്‍ തുടങ്ങി അര്‍ഷാദ് ബത്തേരിയും ഗ്രേസിയും വി എച്ച് നിഷാദുമടക്കം ഒരു പറ്റം കാഥികര്‍ നമ്മെ കാത്തിരിക്കുന്നു.
മഴക്കുറിപ്പുകള്‍ എന്ന പേരില്‍ എംടിയും ഇ ഹരികുമാറും രൂപേഷ് പോളും എഴുതുന്നു. ബാബുഭരദ്വാജിന്റെ എഴുത്തിലെ ഹമീദ് നീറിനില്ക്കുന്ന ഒരു തീമഴയായി പുസ്തകം മടക്കിവെച്ചുകഴിഞ്ഞാലും നമ്മെ അലട്ടിക്കൊണ്ടേയിരിക്കും.മഴക്കു ശേഷവും പെയ്യുന്ന മരങ്ങളെപ്പോലെ .!



പ്രസാധകര്‍- ഒലീവ് , വില 125 രൂപ, രണ്ടാം പതിപ്പ് ജൂലൈ 2015

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1