#ദിനസരികള് 474 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയാറാം ദിവസം.‌



|| സാഹിത്യ പര്യടനം കുട്ടികൃഷ്ണമാരാര്‍ ||

            മാതൃഭൂമി പ്രസിദ്ധീകരിച്ച് കല ജീവിതം തന്നെ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് മാരാരെക്കുറിച്ച് പ്രവചനാത്മകമായ ഒരു പ്രസ്താവന നടത്തുന്നുണ്ട് :- ശാശ്വത മൂല്യദൃഷ്ടിയും മുമ്പു പറഞ്ഞ സ്വതന്ത്രചിന്തയും മാരാര്‍ മലയാളത്തിലെ ഏറ്റവും കാലപരാധീനനല്ലാത്ത വിമര്‍ശകനായിത്തീര്‍ന്നിരിക്കുന്നു.മാരാരെ ഇന്നലത്തെ വിമര്‍ശകനെന്നോ ഇന്നത്തെ വിമര്‍ശകനെന്നോ നാളത്തെ വിമര്‍ശകനെന്നോ കാലക്കുറിമാനം ചേര്‍ത്തു വിളിക്കുക സുകരമല്ല.നമ്മുടെ വിമര്‍ശന സാഹിത്യത്തില്‍ ജോസഫ് മുണ്ടശ്ശേരിക്ക് ചരിത്രപ്രാധാന്യം കൂടുമെങ്കില്‍ മാരാര്‍ക്കാണ് സ്വതപ്രാമാണ്യം കൂടുതല്‍. സ്വതപ്രാമാണ്യമുള്ളവര്‍ തല്ക്കാലം ശ്രദ്ധിക്കപ്പെട്ടില്ലെന്നു വന്നാലും അവരുടെ സ്വാധീനത പിന്നീടു പ്രബലമായിത്തീരുംആയിരത്തിത്തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ അന്തരിച്ച ഒരാളെ നമ്മുടെ സാഹിത്യലോകം സജീവമായി ഇപ്പോഴും ചര്‍ച്ചക്കെടുക്കുന്നുവെങ്കില്‍ ഈ പ്രസ്താവന ശരിതന്നെ എന്നു വേണം കരുതുവാന്‍ .
            മാരാരെ നമുക്കു എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം.രണ്ടായാലും ഒരു നില വേണം. സ്വന്തമായി അത്തരമൊരു നിലയുണ്ട് എന്നതാണ് മലയാള സഹിത്യത്തില്‍ മാരാരുടെ സവിശേഷത. സാഹിത്യ ഭൂഷണം പ്രസിദ്ധീകരിച്ച നാളുകളില്‍ രാജരാജനെ എതിര്‍ക്കുവാന്‍ ധൈര്യമുള്ള ഒരുവനോ എന്ന് കേരളീയ സാഹിത്യലോകം മൂക്കത്തു കൈവെച്ചപ്പോള്‍ മാരാര്‍ക്കു ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല.രാജരാജനല്ല , മറ്റാരാണെങ്കിലും എതിര്‍‌ക്കേണ്ടതെങ്കില്‍ എതിര്‍ക്കുക എന്നുതന്നെയാണ് മാരാരുടെ നിലപാടു്.മുഖം നോക്കിയല്ല, മൊഴിനോക്കിയാണ് വിലമതിക്കുന്നതെന്നതിന് മാരാരാണ് എന്റെ ഉദാഹരണം.
            സാഹിത്യ പര്യടനത്തില്‍ കുട്ടികൃഷ്ണമാരാരുടെ പതിനഞ്ച് ലേഖനങ്ങളെ സമാഹരിച്ചിരിക്കുന്നു.നിരൂപണ സാഹിത്യം , നിരൂപണം എന്തിന് ? വിമര്‍ശാദര്‍ശം ,കലയിലെ ശാശ്വത മൂല്യങ്ങള്‍ , ആധുനിക കവിത, കലാകാരന്മാരോട് , സാഹിത്യ ലോകത്തില്‍ ജാതിമത്സരം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെ പുരസ്കരിച്ചാണ് പ്രസ്തുത ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്.
            വിമര്‍ശകരോട് അസഹിഷ്ണുത തോന്നാത്ത എഴുത്തുകാര്‍ ആരുണ്ട് ? നല്ലതു പറഞ്ഞാല്‍ രസിക്കുകയും മറിച്ചായാല്‍ ഭര്‍ത്സിക്കുകയും ചെയ്യുന്നതിനെയാണ് നിരൂപണങ്ങള്‍ എന്തിന് എന്ന ലേഖനത്തിലൂടെ മാരാര്‍ ചോദ്യം ചെയ്യുന്നത്.എഴുത്തുകാരന്‍ ആവിഷ്കരിച്ചുവെച്ചിരിക്കുന്നതിനെ അടപടലേ പരിശോധിച്ചുകൊണ്ടു വിധി പറയുക എന്ന കര്‍മ്മത്തിലാണ് നിരൂപകന്‍ ഏര്‍‌‍പ്പെട്ടിരിക്കുന്നത്. അവിടെ സ്വന്തമായ താല്പര്യങ്ങളൊന്നുമില്ല.എന്നാല്‍‌പ്പോലും എതിര്‍ത്തു പറയുമ്പോള്‍ ഏറ്റവുമധികം നിന്ദിക്കപ്പെടുന്നവരിലാണ് നിരൂപകന്റെ സ്ഥാനം.എന്നാല്‍ നിരൂപകന്‍ എഴുത്തുകാരനെ കൂടുതല്‍ നന്നായി ജനങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നതെന്നും അത് എഴുത്തുകാരനുതന്നെ ഗുണമായി ഭവിക്കുന്നുവെന്നും ഈ ലേഖനം വാദിക്കുന്നു.
            മാരാരുടെ കൈയ്യൊപ്പു പതിഞ്ഞ വേറെയും ലേഖനങ്ങള്‍ വായിക്കേണ്ടതായി ഈ പുസ്തകത്തിലുണ്ട്.കലാകാരന്മാരോട് സാഹിത്യ പുരോഗതിയെങ്ങിനെ എന്നതൊക്കെ ആ ഗണത്തില്‍ പെടുന്നു. കുമാരനാശാനിലും വള്ളത്തോളിലും ജാതിചിന്ത നിലനിന്നിരുന്നോ എന്ന് അന്വേഷിക്കുന്ന കുറിപ്പില്‍ മാരാരുടെ പുരോഗമനമുഖം വെളിപ്പെടുന്നുണ്ട്. കൃതിയെ അളക്കുവാന്‍ ജാതിയെയാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ ആ പ്രവണത അതിദയനീയമായിരിക്കും എന്നുതന്നെയാണ് മാരാരുടെ നിലപാട്.പുരോഗമനപ്രസ്ഥാനങ്ങളോട് മാരാര്‍ നടത്തിയ ദ്വന്ദ്വയുദ്ധങ്ങള്‍ ഇതുപറയുമ്പോള്‍ എന്റെ മനസ്സിലുണ്ടെന്നുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ.
            ഏതായാലും എഴുത്തുകാരനെന്ന് അവകാശപ്പെടുന്നവര്‍ ഒരു തവണയെങ്കിലും മാരാര്‍ കൃതികളെ വിളക്കുവെച്ചു വായിക്കുകതന്നെ വേണമെന്ന് ഓര്‍മിപ്പിക്കട്ടെ !





പ്രസാധകര്‍- മാരാര്‍ സാഹിത്യ പ്രകാശം , വില 52 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 1999


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍