#ദിനസരികള് 473 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയഞ്ചാം ദിവസം.‌


||ഗീതഗോവിന്ദം – ജയദേവന്‍||
(പ്രസ്തുത കൃതിയ്ക്ക് സി വി വാസുദേവ ഭട്ടതിരിപ്പാടെഴുതിയ വ്യാഖ്യാനമാണ് ചേര്‍ത്തിരിക്കുന്ന പുസ്തകം.)

ഒറീസ്സക്കാരനായ ജയദേവന്‍ പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതിയ ഗീതഗോവിന്ദം എന്ന കാവ്യത്തിന് കേരളത്തില്‍ ഒട്ടേറെ ആരാധകരുണ്ട്.ക്ഷേത്രങ്ങളിലെ സോപാനസംഗീതത്തിന് അഷ്ടപദി എന്നുകൂടി അറിയപ്പെടുന്ന ഗീതഗോവിന്ദമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഭക്തിസാഹിത്യത്തില്‍ ജയദേവരുടെ ഈ കൃതിയോളം പുകഴ്ത്തപ്പെടുന്നവ വിരളമാണെന്നു തന്നെ പറയാം. കേരളീയരുടെ ഭക്തി സംസ്കാരത്തിലേക്ക് അത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്ന പ്രസ്തുത കൃതി ചങ്ങമ്പുഴ ദേവഗീത എന്ന പേരില്‍ മലയാളീകരിച്ചിട്ടണ്ട്. ആ കൃതിയുടെ മുഖവുരയില്‍ ചങ്ങമ്പുഴ എഴുതുന്നു :- ഇന്നത്തെ ചില റിയലിസ്റ്റ് സാഹിത്യകാരന്മാര്‍ വ്യഭിചാരത്തെ വിഷയമാക്കി കഥകളും നോവലുകളും മറ്റും എഴുതുന്നതില്‍ യാഥാസ്ഥിതിക നിരൂപകന്മാര്‍ കണക്കിലധികും അരിശം കൊള്ളുന്നതായി കാണാം.ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ഉദരത്തിന്റെ ആഹ്വാനത്തില്‍ മനസ്സാക്ഷിയുടെ ധാര്‍മിക ചോദനത്തെ അവഗണിച്ചുകൊണ്ട് സ്വശരീരത്തെ വില്ക്കുവാന്‍ ദയനീയമാംവിധം നിര്‍ബന്ധിതനായിത്തീരുന്ന ഒരു പാവപ്പെട്ട വേശ്യയുടെ ചിത്രീകരണം അക്കൂട്ടരെ ക്ഷോഭിപ്പിക്കുന്നു.എന്നാല്‍ ഭര്‍ത്തൃമതികളായ ഗോപസ്ത്രീകള്‍ ശ്രീകൃഷ്ണന്റെ അംഗലാവണ്യത്തിലും കലാസിദ്ധിയിലും ഭ്രമിച്ച് സ്വകാന്തന്മാരെ കൈവെടിഞ്ഞ് കാമാവേശത്താല്‍ വ്യഭിചാരസന്നദ്ധകളായി വന്ന് , മദനോത്സവം കൊണ്ടാടുന്നതായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഭക്തിപാരവശ്യങ്ങളാല്‍ അവര്‍ കൈകൂപ്പുകയും ചെയ്യുന്നു.ഈ വിരുദ്ധ സ്വഭാവം എനിക്കു പലപ്പോഴും വിചിത്രമായി തോന്നാറുണ്ട്.അക്കൂട്ടരുടെ സമാധാനം ആ നായികമാര്‍ ഗോപസ്ത്രീകളല്ല, ജീവാത്മാക്കളാണെന്നാണ്.അവരെ വഴി പിഴപ്പിച്ചു സ്വേച്ഛാപൂര്‍ത്തി നിര്‍വിഘ്നം നിര്‍വ്വഹിക്കുന്ന നായകന്‍ ശ്രീകൃഷ്ണനല്ല പരമാത്മാവാണെന്നാണ്.എല്ലാം ഒരു പരമവേദാന്തത്തിന്റെ സുന്ദരചിഹ്നങ്ങള്‍ മാത്രമാണത്രേ .ആയിരിക്കാം.; അല്ലെന്ന് എനിക്ക് വാദമില്ല.പക്ഷേ ജീവാത്മാവും പരമാത്മാവും തമ്മില്‍ ആഘോഷിക്കപ്പെടുന്ന സുരതോത്സവവും വേശ്യയും വിടനും തമ്മില്‍ ചെയ്യുന്ന ലൈംഗികകര്‍മ്മവും – അതേ, അവ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയല്ലേ എന്നാണ് എന്റെ ചോദ്യം.ഒന്ന് യഥേഷ്ടം വര്‍ണിക്കപ്പെടാമെന്നും മറ്റൊന്ന് നിശ്ശങ്കം പരിത്യജിക്കപ്പെടണമെന്നു പറയുന്നതിന്റെ മൌലികമായ തത്ത്വം ഇന്നും എനിക്കു മനസ്സിലാകുന്നില്ല.ഒരു സഹൃദയന്‍ എന്റെ സംശയം പത്രദ്വാരാ ഒരിക്കല്‍ ദൂരീകരിക്കുവാന്‍ ശ്രമിച്ചു.അദ്ദേഹം പറയുന്നത് ആദ്യം ഞാന്‍ പ്രസ്താവിച്ചിട്ടുള്ള സംഗതികള്‍ പുരാണങ്ങളാണ് , അവയ്ക്ക് പുരാണത്തിന്റെ മറയുണ്ട് എന്നെല്ലാമാണ്.ഈ പ്രസ്താവത്തില്‍ യുക്തിയുടെ ഒരംശം പോലും ഞാന്‍ കാണുന്നില്ല.ഒരാള്‍ നഗ്നനായി തെരുവീഥിയില്‍ക്കൂടി നടന്നുപോകുന്നതെന്തെന്നു ചോദിക്കുമ്പോള്‍ ആ നഗ്നതയ്ക്ക് അന്തരീക്ഷത്തിന്റെ മറയുണ്ട് എന്നു പറയുന്നതുപോലെ മാത്രമേ ആ സമാധാനം തൃപ്തികരമാകുന്നുള്ളു.”

ചങ്ങമ്പുഴക്കൃതികളുടെ മൂന്നൂറ്റി അറുപത്തിയൊമ്പതാം പേജില്‍ നിന്നാണ് ദീര്‍ഘമായ ഈ ഭാഗം ഞാനെടുത്തു ചേര്‍ത്തിട്ടുള്ളത്. (നാഷണല്‍ ബുക്ക് സ്റ്റാള്‍ 1974 ല്‍ പ്രസിദ്ധീകരിച്ചതാണ് ടി പുസ്തകം ) ഗീതഗോവിന്ദത്തിലെ ക്രീഢകളെക്കുറിച്ച് നിരവധിയായ ചര്‍ച്ചകള്‍ നാം കേട്ടിട്ടുണ്ട്. ആത്മീയമായ വ്യാഖ്യാനങ്ങളൊക്കെ ഈശ്വരനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ നിന്നും അപകര്‍ഷതയില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ളതാണ്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സമ്മേളനമാണ് പ്രസ്തുത രാസക്രീഢകളെന്നൊക്കെ അത്തരക്കാര്‍ വാദിച്ചുറപ്പിക്കുന്നു.ചങ്ങമ്പുഴയെപ്പോലെയുള്ള തല തെറിച്ചവര്‍ സംഭവം സമ്മേളനം തന്നെയാണെന്നും അത് ആത്മീയക്കാര്‍ പറയുന്നതുപോലെ ജീവാത്മാ – പരമാത്മാ കൂടിച്ചേരലൊന്നുമല്ലെന്നും സ്ത്രീപുരുഷ രതികേളികളാണെന്നും പുരപ്പുറത്തു കേറിനിന്നു വിളിച്ചുകൂവുന്നു. ചങ്ങമ്പുഴ ആ കാഴ്ചപ്പാടിനു വേണ്ടി ധാരാളമായി വാദിക്കുന്നുണ്ടെന്നതുകൊണ്ടുതന്നെ ഇനിയും അദ്ദേഹത്തെത്തന്നെ ശരണം പ്രാപിക്കട്ടെ “ മേല്‍ പ്രസ്താവിച്ച രീതിയില്‍ പൂരാണത്തിന്റെ മറയുള്ള ആയിരം പൂരപ്രബന്ധങ്ങല്‍ വേറെയുണ്ട്.അവയെല്ലാം നമുക്ക് തത്ത്വഭണ്ഡാഗാരാങ്ങളാണ്.അവയെ നാം വാനോളം വാഴ്ത്തി സ്തുതിക്കുന്നു.ഭര്‍ത്തൃപുത്രനെ മൃഗമാക്കാന്‍ പണിപ്പെട്ട് പരാജയപ്പെടുകയും ആ പരാജയത്തിന്റെ പൈശാചികമായ പ്രതികാരാവേശത്താല്‍ ധര്‍മ്മബോധത്തിന്റെ ശിരസ്സില്‍ പാപകീലം തറക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗത്തിലെ തേവിടിശ്ശികളെ – പുരാണത്തിന്റെ മറയ്ക്കു പിന്നില്‍ മദിച്ചു പുളച്ചു കൂത്താടുന്ന പുംശ്ചലികളെ – പൂവിട്ടു പൂജിക്കുന്ന നമുക്ക് വിധിയുടെ കൈയ്യില്‍ കളിപ്പന്തായിച്ചമഞ്ഞ ഈഡിപ്പസ് രാജാവിനെ കാണുമ്പോള്‍ അവജ്ഞയാണു തോന്നുന്നതെന്നു പറഞ്ഞാല്‍ അതുവെറും അസംബന്ധപ്രലപനത്തിന്റെ പര്യായമായി പരിഗണിക്കുവാനേ എനിക്കു നിവൃത്തിയുള്ളു. ഗുരുപത്നിയെ തട്ടിയെടുത്തുകൊണ്ടു പോയ ശിഷ്യപ്രമുഖന്മാരും സ്വപത്നി മധുവിധുവെല്ലാം കഴിഞ്ഞ് ശിഷ്യനില്‍ നിന്നും സമാര്‍ജ്ജിച്ച സന്താന സമ്പത്തുമായി തിരിച്ചെത്തുമ്പോള്‍ ഒരു പുളിച്ച ചിരി ചിരിച്ചുകൊണ്ട് വീണ്ടും സ്വാഗതം ചെയ്യുന്ന ചുണകെട്ട ഗുരുപ്രവന്മാരും നമ്മുടെ പുരാണത്തിന്റെ മറവില്‍ ഇന്നും അങ്ങനെ നിര്‍ബാധം കഴിഞ്ഞുകൂടുന്നു.അവര്‍ നമ്മുടെ സദാചാരബോധത്തെ അല്പം പോലും ചതിച്ചിട്ടില്ല.ശന്തനുവിന്റെ ആശ്രമത്തില്‍ വന്ന സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് അമോഘയെ കണ്ടമാത്രയില്‍ ശുക്ലം സ്രവിച്ചു.ആ സാധ്വിക്ക് ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍ അതു പാനം ചെയ്യേണ്ടിവന്നു.അതേ , ഇങ്ങനെ പുരാണത്തിന്റെ മറവില്‍ ദേവോചിതങ്ങളായ എത്രയെത്ര പരാക്രമങ്ങള്‍ പതിയിരിക്കുന്നു.അതിലൊന്നും നമുക്കു പരാതിയില്ല. നമ്മുടെ ചുറ്റും കണ്ടുവരുന്ന നിത്യജീവിതത്തിലെ ഇരുണ്ട വശങ്ങള്‍ അല്പമൊന്നു ചിത്രീകരിക്കുവാന്‍ ആരംഭിക്കുമ്പോഴേക്കും നമ്മുടെ സാന്മാര്‍ഗ്ഗിക ബോധം ആകമാനം അട്ടിമലര്‍ന്നുവെന്നുള്ള ആക്രോശങ്ങള്‍ ആവിര്‍ഭവിക്കുകയായി”.

ഞാനല്ല , ചങ്ങമ്പുഴ ആവശ്യത്തിലേറെ പറഞ്ഞുകഴിഞ്ഞു. ഇനിയും അതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാന്‍ ഞാനുദ്ദേശിക്കുന്നില്ല. കലയെ കലയായി കണ്ടുകൊണ്ട് ആവിഷ്കരിക്കാനും അനുഭവിപ്പിക്കാനുമുള്ള കലാകാരന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന സമീപകാലപ്രവണതകള്‍ നമ്മുടെ പൈതൃകത്തിനോട് യോജിക്കുന്നതല്ല എന്നു ചൂണ്ടിക്കാണിക്കുവാനാണ് ഇത്രയും എഴുതിയത്.എന്നിരുന്നാല്‍ത്തന്നെയും ഗീതഗോവിന്ദം ഒരു കൃതി എന്ന നിലയില്‍ വളരെ മനോഹരമായ ഒന്നാണെന്നു പറയാതിരിക്കുക വയ്യ.എത്രയെത്ര സുന്ദരമായ ശ്ലോകങ്ങളാണ് ജയദേവന്‍ എഴുതി വെച്ചിട്ടുള്ളത്! എത്ര അനുഭവിച്ചാലും , എത്ര വാരിക്കുടിച്ചാലും തീര്‍ന്നു പോകാത്ത രസക്കുടുക്കകളാണ് ഓരോന്നും.

ഞാന്‍ ഗീതഗോവിന്ദത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് , അല്ലെങ്കില്‍ ആ കൃതിയിലെ ഒരു ശ്ലോകം ആദ്യമായി വായിക്കുന്നത് ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്നുമാണ്.

വേദാനുദ്ധരതേ ! ജഗന്നിവഹതേ ! ഭ്രൂഗോളമുദ് വിഭ്രതേ-
ദൈത്യം ദാരയതേ ! ബലിം ഛലയതേ ! ക്ഷത്രക്ഷയം കുർവ്വതേ-
പൌലസ്ത്യം ജയതേ ! ഹലം കലയതേ ! കാരുണ്യമാതന്വതേ-
മ്ലേച്ഛാൻ മൂർച്ഛയതേ! ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ



എന്ന ശ്ലോകത്തിന്റെ മനോഹാരിതയാണ് എന്നെ ഇതേതു കൃതി എന്നന്വേഷിക്കുവാനും ജയദേവനിലേക്ക് എത്തിപ്പെടുവാനും സഹായിച്ചത്. ഗീതഗോവിന്ദത്തിലേക്ക് ഇടക്കിടക്കു ചെന്നു കയറുക എന്നുള്ളത് ഒരു രസകരമായ വിനോദമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1