#ദിനസരികള് 477 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയൊമ്പതാം ദിവസം.‌




||ഈശാവാസ്യോപനിഷത്ത്||

            ഉപനിഷത്ത് എന്ന പദത്തിന് തത്ത്വമസി ഏതു വിദ്യ അറിഞ്ഞാല്‍ ജീവിതത്തിന്റെ നാനാക്ലേശങ്ങള്‍ അവസാനിക്കുമോ അത് ഉപനിഷത്ത്എന്നാണ് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്.(തത്ത്വമസി പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് , പേജ് 28) എന്നുവെച്ചാല്‍ ജീവിതത്തിലെ ശോകമോഹാദികളെ അവസാനിപ്പിച്ചുകൊണ്ട് മനുഷ്യനെ ഉണര്‍വ്വിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപനിഷത്തുകള്‍ എഴുതപ്പെട്ടിട്ടുള്ളതു എന്നര്‍ത്ഥം.എന്നുവെച്ചാല്‍ മനുഷ്യനായി ഇവിടെ ജനിച്ചു കഴിഞ്ഞാല്‍ ദുഖം അനുഭവിക്കണം. അപ്പോള്‍പ്പിന്നെ എന്താണ് ദുഖത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി ? ജനിക്കാതിരിക്കുക എന്നതുതന്നെയാണ് ആ വഴി. ജനിക്കാതിരിക്കണമെങ്കില്‍ എന്തു വേണം? ശരിയായ വിദ്യ എന്താണെന്ന് അറിഞ്ഞ് ആ വിദ്യ നടപ്പില്‍ വരുത്തി ഇനി വരാനുള്ള ജന്മങ്ങളില്‍ നിന്നും വിമുക്തി നേടണം. അപ്പോള്‍ ജന്മങ്ങളുടെ ആവര്‍ത്തനങ്ങളെ അവസാനിപ്പിക്കണമെങ്കില്‍  ജന്മത്തില്‍ത്തന്നെ ശരിയായ വിദ്യ എന്താണെന്ന് ഗ്രഹിച്ച് അഭ്യസിച്ച് ആ വഴിയേ നടക്കണം. അത്തരം വിദ്യകളെ - മറ്റൊരു രീതിയില്‍ പറഞ്ഞാല് പരാവിദ്യയും അപരാവിദ്യയും - ഉപദേശിക്കുകയാണ് ഉപനിഷത്തുകള്‍ ചെയ്യുന്നതെന്ന് ഏറ്റവും ചുരുക്കി പറയാം.
            ഉപനിഷത്തുകളില്‍ ഈശ്വരനോ സ്വര്‍ഗ്ഗമോ മോക്ഷമോ ഒന്നുമില്ല.ആകെപ്പാടെയുള്ളത് ജീവാത്മാവും പരമാത്മാവുമായുള്ള ഐക്യപ്പെടല്‍ മാത്രമാണ്.ഒന്നുകൂടി വ്യക്തമാക്കിയാല്‍ തുള്ളി വെള്ളം മഹാസാഗരത്തിലേക്ക് ചെന്നു ലയിക്കുന്നതുപോലെ ജീവാത്മാവു പരമാത്മാവിലേക്ക് ചെന്നു ചേരുമ്പോള്‍ സംസാരദുഖവും ആവര്‍ത്തനാത്മകമായ ജന്മവും അവസാനിക്കുന്നു.ഈ ഇഴുകിച്ചേര്‍ച്ചയെയാണ് ഉപനിഷത്തുകളില്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.മനുഷ്യന്‍ തന്റെ ജീവിതത്തിന് വല്ല അര്‍ത്ഥവുമുണ്ടോ എന്നും താനും തന്റെ ആന്തരികപ്രകൃതിക്കിണങ്ങാത്ത ബാഹ്യപ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണെന്നും പ്രപഞ്ചത്തില്‍ തനിക്കുള്ള സ്ഥാനമെന്താണെന്നും മറ്റും ചിന്തിച്ചു പോകുക സ്വാഭാവികമാണ്.മനുഷ്യന്റെ ആന്തരിക സത്തയേയും സാമൂഹികസാഹചര്യങ്ങളേയും പൊരുത്തപ്പെടുത്താന്‍ കഴിയുമോ? മനുഷ്യനും മനുഷ്യനും തമ്മിലുള്ള അനൈക്യവും അകല്‍ച്ചയും അനിവാര്യമാണോ? മനുഷ്യരാശിയുടെ ഐക്യുവും സാഹോദര്യവും പുനസ്ഥാപിക്കാന്‍ കഴിയുമോ? അനുനിമിഷം മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഐഹികജീവിതത്തിന്റെ പിന്നില്‍ സ്ഥിരവും ശാശ്വതവുമായ എന്തെങ്കിലുമുണ്ടോ? ഇത്തരം പ്രശ്നങ്ങള്‍ക്കു സമാധാനം കണ്ടുപിടിക്കുവാന്‍ വേണ്ടി നടത്തിയ അന്വേഷണങ്ങളില്‍ നിന്നുമാണ് ഉപനിഷത്തുകളിലെ തത്വചിന്തകള്‍ ആവിര്‍ഭവിച്ചതെന്ന് ഭാരതീയ ചിന്തയില്‍ കെ ദാമോദരന്‍ എഴുതുന്നു.
            സി രവിചന്ദ്രന്‍ ബുദ്ധനെ എറിഞ്ഞ കല്ല് എന്ന പുസ്തകത്തില്‍ ഉപനിഷത്തിനെക്കുറിച്ചു പറയുന്നതു നോക്കുകഉപനിഷത്തുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിതറിയ ചിന്തകളാണ്.ഉപനിഷത്തുകളുടെ രചയിതാക്കളെ സംബന്ധിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല.അദ്വൈതം , സാംഖ്യം, ഭൌതികവാദം, ദ്വൈതം, നാസ്തികത തുടങ്ങി പരസ്പരവിരുദ്ധമായ താത്വികനിലപാടുകള്‍ ഉപനിഷത്തുകളില്‍ കണ്ടെത്താനാവുംഅക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരിയായ ഒരു പ്രസ്ഥാവനയാണ് അത്.എന്തും തള്ളിക്കയറ്റി വെക്കാവുന്ന തരത്തിലാണ് ഉപനിഷത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരസ്പരവിരുദ്ധമായ വാദമുഖങ്ങള്‍ക്കുപോലും ഉപനിഷത്തു അടിസ്ഥാനമായിരിക്കുന്നത് , ചിലപ്പോഴെങ്കിലും എങ്ങനേയും വ്യാഖ്യാനിച്ചെടുക്കാവുന്ന അതിന്റെ ഭാഷാപരമായ ഘടന കൊണ്ടുതന്നെയാണ്. വിഖ്യാതമായ ഒരുദാഹരണം, ഓം പൂർണമദഃ പൂർണമിദം പൂർണാത് പൂർണമുദച്യതേ.പൂർണസ്യ പൂർണമാദായ പൂർണമേവാവശിഷ്യതേ എന്നതാണ്.
            ഈശാവാസ്യമിദം സര്‍വ്വം എന്നു തുടങ്ങുന്ന ആദ്യമന്ത്രത്തില്‍ (ശ്ലോകമെന്ന് മനസ്സിലാക്കുക ) നിന്നാണ് ആ പേരുണ്ടായത്.ഈശാവാസ്യമിദം സര്‍വ്വം എന്നതിനു അത്യന്തസൂക്ഷ്മമായ പരമാണുമുതല്‍ അത്യന്തസ്ഥൂലമായ ബ്രഹ്മാണ്ഡമടക്കമുള്ള എല്ലാ വസ്തുക്കളിലും ഈശ്വരന്‍ അധിവസിക്കുന്നു എന്നാണ് പ്രസ്തുതവാക്യത്തിന്റെ ശബ്ദാര്‍ത്ഥമെന്ന് വേദാന്തവിജ്ഞാനത്തില്‍ സ്വാമി ജ്ഞാനാനന്ദസരസ്വതി പറയുന്നു.
            രണ്ടു തരത്തിലുള്ള ജീവിത രീതികളേയും പറ്റിയുള്ള ഉപദേശങ്ങള്‍ ഇതിലുണ്ട്.ആദ്യത്തെ മന്ത്രത്തില്‍ ബ്രഹ്മം മാത്രമാണ് സത്യമെന്നും ജഗത്തു മിഥ്യാണെന്നും ബ്രഹ്മത്താല്‍ ആച്ഛാദിതമായതുകൊണ്ടാണ് ജഗത്തിനു മൂല്യമുണ്ടാകുന്നതെന്നു അതിനാല്‍ ഭൌതികമൂല്യങ്ങളെ ഉപേക്ഷിച്ച് കാമകാഞ്ചനത്യാഗിയായി ബ്രഹ്മധ്യാനനിരതനായി ജീവിക്കണമെന്നുമുള്ള ആദ്ധ്യാത്മിക ജീവിതരീതിയെ പറയുന്നു.രണ്ടാമത്തെ മന്ത്രത്തില്‍ അന്തര്യാമിയായ ഈശ്വരനെ മാത്രം കണ്ടുകൊണ്ട് ഏഷണാത്രയമുപേക്ഷിച്ച് ത്യാഗജീവിതം നയിക്കാന്‍ സാധിക്കാത്തവര്‍ക്ക് ശാസ്ത്രവിഹിതമായ രീതിയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ജീവിച്ച് ക്രമേണ കര്‍മ്മമുക്തി നേടാനുള്ള ലൌകികജീവിതരീതിയേയും ഉപദേശിക്കുന്നു.ഈ രണ്ടുമാര്‍ഗ്ഗവും അനുസരിക്കാത്ത സ്വേച്ഛാചാരികള്‍ ആത്മഘാതികളാണെന്നും അവര്‍ക്ക് ജനനമരണരൂപമായ സംസാരത്തില്‍ നിന്നും മോക്ഷത്തിനു വഴിയില്ലെന്നും മുന്നറിയിപ്പു നല്കുകയാണ് മൂന്നാം മന്ത്രത്തില്‍.എന്ന് മൃഢാനന്ദസ്വാമി. പിന്നീടങ്ങോട്ടുള്ള പതിനഞ്ചോളം മന്ത്രങ്ങളില്‍ നിവര്‍ത്തി പ്രവര്‍ത്തി മാര്‍ഗ്ഗങ്ങളിലൂടെയുള്ള സഞ്ചാരങ്ങളെപ്പറ്റി വിശദമാക്കുന്നു.
            ഈശാവാസ്യത്തിന് ശ്രീ നാരായണന്‍ രചിച്ച മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു.
ഈശൻ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.
അല്ലെങ്കിലന്ത്യംവരെയും
കർമ്മം ചെയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാൻ.
ആസുരം ലോകമൊന്നുണ്ടു
കൂരിരുട്ടാലതാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നൂ മൃതരായതിൽ.
ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി.
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിൻ പ്രാണസ്പന്ദനത്തി-
ന്നധീനം സർവകർമ്മവും.
അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സർണ്ണാന്തരമതു
സർവത്തിന്നും പുറത്തുമാം.       
സർവഭൂതവുമാത്മാവിൽ
ആത്മാവിനെയുമങ്ങനെ
സർവഭൂതത്തിലും കാണു-
ന്നവനെന്തുള്ളു നിന്ദ്യമായ്?       
തന്നിൽ നിന്നന്യമല്ലാതെ
എന്നു കാണുന്നു സർവവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?    
പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിൻ മനമായ് തന്നിൽ
തനിയേ പ്രോല്ലസിച്ചിടും.       
അറിവാൽ നിറവാർന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്കീ
മുൻപോലീ വിശ്വമൊക്കെയും.       
അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതര-
ങ്ങതേക്കാൾ കൂരിരുട്ടിലും.       
അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.       
വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും.      
അസംഭൂതിയെയാരാധി-
പ്പവരന്ധതമസ്സിലും
പോകുന്നൂ സംഭൂതിരത-
രതേക്കാൾ കൂരിരുട്ടിലും.      
സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.       
വിനാശം കൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവർ.       
മൂടപ്പെടുന്നു പൊൻപാത്രം
കൊണ്ടു സത്യമതിൻ മുഖം
തുറക്കുകതു നീ പൂഷൻ!
സത്യധർമ്മന്നു കാണുവാൻ.       
പിറന്നാദിയിൽനിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ.       
അടക്കുകിങ്ങു കാണ്മാനായ്
നിൻ കല്ല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.       
നിന്നിൽ നില്ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാൻ;
പ്രാണൻ പോമന്തരാത്മാവിൽ;
പിമ്പു നീറാകുമീയുടൽ.       
ഓമെന്നു നീ സ്മരിക്കാത്മൻ!
കൃതം സർവം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാർഗ്ഗത്തൂടെ ഞങ്ങളെ.      
ചെയ്യും കർമ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളിൽ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങൾ ചെയ്യുന്നു
നമോവാകം മഹത്തരം.
           
           
           
           

പ്രസാധകര്‍- ശ്രീരാമകൃഷ്ണ മഠം , വില 7 രൂപ, ആറാം പതിപ്പ് മെയ്
 1994


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1