#ദിനസരികള് 475 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയേഴാം ദിവസം.‌



|| ആശാന്റെ സീതാകാവ്യം സുകുമാര്‍ അഴീക്കോട് ||
            രാമായണം രാമന്റെ അയനത്തിന്റെ കഥമാത്രമല്ല, സീതയുടേതു കൂടിയാണെന്ന് -കാവ്യം രാമായണം കൃല്‍സ്നം സീതായാശ്ചരിതം മഹത് എന്ന് - ആദികവി വാല്മീകിതന്നെ പറയുന്നുണ്ട്. പക്ഷേ കവി നിര്‍മിച്ച പാത്രത്തെ ദൈവമായി ആരാധിക്കുന്ന നാം കവിയുടെ ഈ നിലപാടിനെ നിസ്സംശയം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.രാമായണം രാമന്റെ കഥയാണ് എന്നു പറഞ്ഞും ചിന്തിച്ചും നാം ഉറപ്പിച്ചെടുത്തിരിക്കുന്നു.അതല്ലെങ്കിലും ഗുണവാനായ നരനെ തേടിയ ആദികവി ചെന്നു നിന്നതു രാമന്റെ മുന്നിലാണെന്നതും ആ നരനാണ് രാമായണത്തിലെ നായകനായതെന്നതും മറന്നുകൊണ്ട് ഈശ്വരീയമായ അവതാരത്തിന്റെ പരിവേഷം ചാര്‍ത്തി വീര്യവാനും ഗുണവാനുമായ അവനെ ദൈവമാക്കിമാറ്റിയെടുക്കുകയാണെല്ലോ ചെയ്തത്.അങ്ങനെയുള്ള രാമനെ പ്രതിക്കൂട്ടില്‍ നിറുത്തി ഒരു സ്ത്രീപക്ഷവായന നടത്തിയ ശ്രീ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ , തന്റെ മര്‍മ്മസ്പര്‍ശിയായ പഠനത്തിലൂടെ ഒന്നുകൂടി ഇഴവിടര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണ് ആശാന്റെ സീതാകാവ്യം എന്ന പഠനത്തിലൂടെ ശ്രീ സുകുമാര്‍ അഴീക്കോട് നിര്‍വഹിക്കുന്നത്.കമ്പും കേടുമുണ്ടോ എന്ന അടിതൊട്ടുമുടി വരെ പരിശോധിച്ചുകൊണ്ട് അദ്ദേഹം കയറിപ്പോകുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെയാണ്. വെട്ടേണ്ട ശിഖരങ്ങളെ വെട്ടിയും തഴുകി നിറുത്തേണ്ടവയെ തഴുകിയും അന്യമരങ്ങളില്‍ നിന്നും നീണ്ടെത്തുന്നവയെ തടുത്തുമാറ്റിയും സുകുമാര്‍ അഴീക്കോട് സീതയെ പ്രതിഷ്ഠിച്ചെടുക്കുന്ന രീതി അനുകരണീയമാണെന്ന് പറയാതെ വയ്യ.
            ആശാന്റെ സീതയുടെ മഹനീയത വെളിപ്പെടുത്തുന്ന പഠനം ചിലപ്പോള്‍ ആശാന്‍ പോലും കാണാത്ത ഇടങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നുവെന്ന് വരാം.അഴീക്കോടിന്റെ ഗൃദ്ധ്രദൃഷ്ടി ചെന്നെത്താത്ത മര്‍മ്മങ്ങളില്ല.പിന്നെ ഇതൊരു കാവ്യഗ്രന്ഥമാണ്, യുക്തിശാസ്ത്രഗ്രന്ഥമല്ല എന്ന് അഭിപ്രായപ്പെട്ട മലയാളത്തിലെ ഒരു മഹാപണ്ഡിതന് , സാക്ഷാല്‍ ആറ്റൂര്‍ കൃഷ്ണപ്പിഷാരടിക്ക് ,അഴീക്കോട് കൊടുക്കുന്നമറുപടി നോക്കുക “ Poetry is not logic” എന്ന ചൊല്ല് അതിദുര്‍ബലമായ ഒരു യുക്തിയാണ്.കാവ്യം യുക്തിശാസ്ത്രമല്ലെങ്കില്‍ അത് അതേസമയം അയുക്തികകാവ്യമല്ല.കാവ്യം യുക്തിപ്രധാനമല്ല, യുക്തിയില്‍ അധിഷ്ടിതമല്ല എന്ന തത്ത്വം മാത്രമേ ആ ചൊല്ലിന് അര്‍ത്ഥമാക്കിക്കൂടൂ.അതില്‍ക്കവിഞ്ഞ വല്ലതും വിളിച്ചു പറയുന്നതു അനുചിതമാകും.കാവ്യം ഭാവപ്രധാനമാണല്ലോ അതുകൊണ്ടു യുക്തിപ്രധാനമല്ല എന്നു വേര്‍തിരിച്ചു കാണിക്കുന്ന നല്ലതുതന്നെ.അതുകൊണ്ടു കാവ്യം യുക്തിശാസ്ത്രമല്ല എന്ന വാദത്തിനു വല്ല അര്‍ത്ഥവുമുണ്ടെങ്കില്‍ അത് വ്യതിരേകരീതിയില്‍ ലഭിക്കുന്നതത്രേ കാവ്യം ഭാവാത്മകമാണ് എന്ന്.അല്ലാതെ മറന്ന് കാവ്യങ്ങളില്‍ യുക്തിക്കു സ്ഥാനമില്ലെന്നോ അയുക്തികള്‍ വെച്ചു പൊറുപ്പിക്കാമെന്നോ പറഞ്ഞു തുടങ്ങുമ്പോള്‍ വിമര്‍ശകര്‍ സൂക്ഷിക്കണം.ഈ തിരുത്ത് അദ്ദേഹത്തിന്റെ മര്‍മജ്ഞതയുടെ പ്രത്യക്ഷ ഉദാഹരണമാണെന്ന് സീതാകാവ്യം സാക്ഷ്യപ്പെടുന്നു.
            ചിന്താവിഷ്ടയായ സീതയുടെ എതിര്‍പക്ഷത്തുനിന്നും ഉന്നയിക്കപ്പെട്ട വാദമുഖങ്ങളെ കുലങ്കഷമായി പരിശോധിക്കുന്ന വാദപ്രതിവാദങ്ങള്‍ എന്ന അധ്യായം സവിശേഷമായി ശ്രദ്ധിക്കേണ്ടതുതന്നെയാണ്.സീതയെ കാമ്പോടുകാമ്പ് പരിശോധിക്കുന്നത് ഇവിടെയാണ്. സീത കുറ്റമറ്റ ഒരു കൃതിയാണെന്ന് വാദിച്ചുറപ്പിക്കുന്ന കാഴ്ച അതിരസകരമാകുന്നതു അനുഭവിച്ച് അറിയുകതന്നെ വേണം. ആശാന്റെ ചിന്തകള്‍ക്കുനേരെ അതുവഴി സീതക്കുനേരെയും ഉയരുന്ന ശങ്കകളെ കശക്കിയെറിയുന്നു , വാദപ്രതിവാദങ്ങള്‍.എന്നാല്‍ ആശാന്റെ ശബ്ദഭംഗിയോ എന്ന ചോദ്യത്തിനുമുന്നില്‍ വഴുതിക്കളിക്കുന്ന ഒരു വിമര്‍ശകനേയും നാം കാണാതിരുന്നുകൂട.അതിന്റെ അര്‍ത്ഥം , ശയ്യാഗുണത്തില്‍ ആശാന്റെ വാക്കുകള്‍ എവിടെയൊക്കെയോ പാളുന്നുവെന്നു തന്നെയാണ്. പക്ഷേ അതും അഴീക്കോടു സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. അദ്ദേഹം വാദിക്കുന്നു :- ഒഴുകിപ്പോകുന്ന പുഴയുടെ ഉരുളന്‍ ചരല്‍ക്കല്ലുകള്‍പോലും മണല്‍ത്തിട്ടില്‍ തട്ടിത്തട്ടി മാര്‍ദ്ദവും പ്രാപിക്കുന്നതുപോലെ അനര്‍ഗ്ഗളമായ പ്രതിഭാപ്രവാഹത്തിന്റെ അര്‍ത്ഥതരംഗങ്ങളേറ്റാല്‍ എത്ര പരുഷമായ ശബ്ദവും കേള്‍ക്കാന്‍ ഇമ്പം കൊടുക്കും എന്ന ഉരുളലിനേയുംനാം കാണാതിരുന്നുകൂട. അപ്രീതിക്കു പാത്രമാകുന്നവരെ കൊന്നുകളയുകയും പ്രീതിക്കാരെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയും ചെയ്യുന്ന പാടവം അഴീക്കോടിനു പരിചിതമായിരുന്നുവെന്ന കാര്യം നാം വിസ്മരിക്കാതിരിക്കുക. അങ്ങനെയൊക്കെയാണെങ്കിലും ഒരു കൃതിയെ തലനാരിഴ കീറി പരിശോധിക്കേണ്ടതെങ്ങനെയെന്നതിന് ആശാന്റെ സീതാകാവ്യം ഒരു മാതൃകയാണ്.ആരും അനുകരിക്കാന്‍ പാടില്ലാത്തൊരു മാതൃക.!    
           


പ്രസാധകര്‍- നാഷണല്‍ ബുക്ക് സ്റ്റാള്‍ , വില 70 രൂപ, പതിനൊന്നാമത്  പതിപ്പ് ആഗസ്റ്റ് 2014

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1