#ദിനസരികള് 450 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിമൂന്നാം ദിവസം.‌



||വിഷസസ്യങ്ങള്‍ - ഡോ. എ നളിനാക്ഷന്‍||

തണുത്ത പൂന്തണല്‍ വീശി
പ്പടര്‍ന്നു ചൂഴ്ന്നു നില്ക്കുന്ന
മരത്തിന്റെ തിരുമുടി
ക്കിത തൊഴുന്നേന്‍
നീലകണ്ഠസ്വാമിയെപ്പോല്‍
വിഷംതാനെ ഭുജിച്ചിട്ടു
പ്രാണവായു തരുന്നോനാ
യിത തൊഴുന്നേന്‍
കനിഞ്ഞു പൂക്കളും തേനും
കനിയും നീട്ടി നില്ക്കും നിന്‍
നിറഞ്ഞ തൃക്കരങ്ങള്‍ക്കാ
യിത തൊഴുന്നേന്‍ -
വിഷം ഭുജിച്ചിട്ട് തേനും പൂക്കളും കനിയും നീട്ടി നില്ക്കുന്ന തൃക്കരങ്ങളെക്കുറിച്ചാണ് സുഗതകുമാരി ‘മരത്തിനു സ്തുതി’ എന്ന കവിതയില്‍ പറയുന്നത്.നന്മയെ കാണാനും പ്രതീക്ഷിക്കാനും പ്രചരിപ്പിക്കാനും വിധിക്കപ്പെട്ട കവിയെ സംബന്ധിച്ച് വൃക്ഷലതാദികള്‍ അഭയവും ആശ്രയവുമാകുന്നതിനെക്കുറിച്ചേ ചിന്തിക്കാന്‍ കഴിയൂ. എന്നാല്‍ അത് ഒരു വശം മാത്രമാണെന്നും അമൃത് മാത്രമല്ല വിഷവും നീട്ടിനില്ക്കുന്നവയും ഈ പ്രകൃതിയുടെ ഭാഗംതന്നെയാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഡോ എ നളിനാക്ഷന്‍ വിഷസസ്യങ്ങള്‍ എന്ന പുസ്തകത്തിലൂടെ.
“ചില വൃക്ഷലതാദികളുടെ ഇല പുവ് കായ് വേര് കറ മുതലായവ ഭക്ഷിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്താല്‍ മരണമോ ദോഷകരമായ മറ്റു ഫലങ്ങളോ ഉണ്ടാകുന്നതായി പണ്ടുമുതല്‍‌ക്കേ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു.വിഷസസ്യങ്ങളെ സാധാരണക്കാരന്റെ സംശയനിവാരണത്തിന് സഹായകമായ രീതിയില്‍ വിശദീകരിച്ചുകൊണ്ട് ആരംഭിക്കുന്ന വിഷസസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ 44 വിഷച്ചെടികളുടെ പ്രാദേശികനാമങ്ങള്‍ , രൂപവിവരണം, വിഷമയഭാഗം , വിഷത്തിന്റെ ലക്ഷണങ്ങളും മാരകമാത്രയും, ചികിത്സയും പ്രത്യൌഷവും ശുദ്ധി ചെയ്യേണ്ട വിധം ഇത്യാദി കാര്യങ്ങള്‍ ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു” (ആമുഖത്തില്‍ നിന്ന് )
കാടുമായി കളിച്ചിട്ടുള്ള ആര്‍ക്കും ഈ പുസ്തകത്തിന്റെ വില പെട്ടെന്ന് മനസ്സിലാകും.യാദൃശ്ചികമായിട്ടായിരിക്കും മുറിവുണ്ടാകുക. ചിലപ്പോള്‍ ചില പോറലുകളായിരിക്കും. എന്നാലും വീങ്ങാനും നീരുകെട്ടാനും പഴുക്കാനുമൊക്കെ സാധ്യതയുണ്ട്. ’മുറിവുണക്കി’ പോലെയുള്ള മരുന്നുകളാണ് പ്രതിവിധി. കാട്ടിലെ വിഷച്ചെടികള്‍ക്ക് കാട്ടില്‍ത്തന്നെയുണ്ട് മരുന്നുമെന്നതാണ് ആശ്വാസം.കണ്ടെത്തി അരച്ചോ കടിച്ചു ചവച്ചോ മുറിവില്‍ തേച്ചാല്‍ മതി.രണ്ടുദിവസംകൊണ്ട് മുറിവുണങ്ങും.ചൊറിയണംപോലെ കുഴപ്പം പിടിച്ചവയുണ്ട്. ചേര് അത്തരത്തിലുള്ള ഒന്നാണ്. എന്റെ ചെറുപ്പത്തില്‍ ചേരുതൊട്ട് പൊള്ളിയ ഒരു സംഭവമുണ്ട്.ഏഴിലോ എട്ടിലോ ആണ് പഠനം.ചേരുതട്ടി പൊള്ളി. പനി, തൊലി കരുവാളിക്കുക എന്നതൊക്കെയാണ് ലക്ഷണം.( തൊലി കരുവാളിച്ചത് അമ്മക്ക് മനസ്സിലായിട്ടുണ്ടാവില്ല, കാരണം കരുവാളിച്ചാലും മനസ്സിലാകാത്ത വിധത്തിലാണല്ലോ സ്വാഭാവിക നിറം ) എന്നാലും ചേരാണ് കുഴപ്പക്കാരന്‍ എന്ന് മനസ്സിലാക്കി. അതിനൊരു വഴിയേയുള്ളു. ഒന്നോരണ്ടോ വെറ്റിലയും അടയ്ക്കയും പുകയിലയും ചുണ്ണാമ്പുമായി അടുത്തുള്ള താന്നിമരത്തിന്റെ സമീപം ചെല്ലുക.സായാഹ്നങ്ങളിലാണ് ഈ ചടങ്ങ് നടത്തേണ്ടതെന്ന കാര്യം പറയാന്‍ മറന്നു. എന്നിട്ട് ഉടുത്തിരിക്കുന്നതെല്ലാം പറിച്ചു കളയുക.മുറുക്കാന്‍ മാത്രം കൈയ്യില്‍ പിടിച്ചുകൊണ്ട് “ചേരച്ചന്‍ ചതിച്ചതിന് താന്നിയച്ചന്‍ പൊറുക്കണേ” എന്നു പറഞ്ഞുകൊണ്ട് മൂന്നുവട്ടം താന്നിമരത്തിന് വലം വെക്കുക.എന്നിട്ട് കൈയ്യില്‍ കരുതിയ മുറുക്കാന്‍ താന്നിക്ക് സമര്‍പ്പിക്കുക.അതോടൊപ്പംതന്നെ താന്നിയിലയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക.എല്ലാം ശമിക്കും. (സംഗതിയുടെ ഗുട്ടന്‍സ് ഇവിടെയാണ്. താന്നിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിലെ ഔഷധഗുണമാണ് പനിയും പൊള്ളലും കുറയാന്‍ കാരണമാകുന്നതെന്ന് തോന്നുന്നു. മറ്റേതെല്ലാം ഗ്രാമീണമായ വിശ്വാസങ്ങളുടെ രസകരമായ ഭാഗങ്ങള്‍ മാത്രം )
കാട്ടില്‍ നിരവധി മരുന്നുകളുള്ളതുപോലെതന്നെ വിഷജാതികളുമുണ്ട്.വളരെ ആകര്‍ഷണീയമായ കായ്കളും പൂക്കളും ഇലകളുമൊക്കെയായി നില്ക്കുന്ന ഇവ പക്ഷേ മനുഷ്യശരീരത്തിന് ഹാനികരമാണ്.ഈ പുസ്തകത്തില്‍ പറയുന്ന ചെടികളുടെ പേരുകളില്‍ പ്രാദേശികമായ ഭേദങ്ങളുള്ളതിനാല്‍ പേരുകൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്തവയുണ്ട്.എന്നാല്‍ കൊടുത്തിരിക്കുന്ന ചിത്രം കാണുമ്പോള്‍ ഓരോ ചെടിയേയും തിരിച്ചറിയാന്‍ കഴിയും.
അക്ഷരമാലാക്രമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ ചെടിയുടേയും ബംഗാളി, ഗുജറാത്തി, കന്നട, തെലുഗു, തമിഴ്, ഹിന്ദി , സംസ്കൃത, ബൊട്ടാണിക്കല്‍ പേരുകളും പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത് തിരിച്ചറിയാന്‍ സഹായിക്കും.ചെടികളെക്കുറിച്ചു കൃത്യമായ വിശദീകരണത്തിനുശേഷം ഏതുഭാഗമാണ് വിഷഗുണമുള്ളതെന്നും വിഷത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിവിധികളെന്താണെന്നും പറയുന്നു.ഏറ്റവും നന്നായത് രാസഘടകങ്ങളെക്കുറിച്ചുകൂടി പറയുന്നു എന്നതാണ്.വിഷച്ചെടിയാണെങ്കിലു അവയെ നിയന്ത്രിതഉപയോഗത്തിന് വിധേയമാക്കിയാല്‍ മരുന്നുമാകുമെന്നതുകൊണ്ട് ചെടികളുടെ ഔഷധഗുണങ്ങളെപ്പറ്റിയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസാധകര്‍- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , വില 90 രൂപ, ഏഴാം പതിപ്പ് ജൂലൈ 2015

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1