#ദിനസരികള്‍ 447 - നൂറു ദിവസം നൂറു പുസ്തകം – ഇരുപതാം ദിവസം.‌




||ഇ എം എസ് ഓര്‍മ്മപ്പുസ്തകം  എഡി . കാവുമ്പായി ബാലകൃഷ്ണന്‍||

            ഒ വി വിജയന്‍ സംഘപരിവാറുകാരനാണെന്ന അല്പത്തരത്തിന്റെ ആവര്‍ത്തനത്തില്‍ അഭിരമിക്കുന്ന സക്കറിയ പ്രഭൃതികളുടെ കുടിലതകളെ സാംസ്കാരികകേരളം സ്വീകരിക്കുക തികഞ്ഞ അവജ്ഞയോടെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നിരുന്നാല്‍‌പ്പോലും കാലം കടന്നുപോകെ സക്കറിയയുടെ അനുചരന്മാര്‍ ഇക്കഥ ആവര്‍ത്തിക്കുകയും എതിര്‍നിലപാടുകള്‍ ശോഷിച്ചു വരികയും ചെയ്യുന്ന ഒരു ദശാസന്ധിയില്‍ ഒ വി വിജയന്‍ സംഘപരിവാരത്തിന്റെ കുഴലൂത്തുകാരനായി പരിണമിക്കുന്ന സാഹചര്യം സംജാതമാകുമെന്നതില്‍ ഞാന്‍ ഭയപ്പെടുന്നു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ചാപ്പകുത്തി അങ്ങേക്കടവിലേക്ക് ആളെക്കടത്തുന്ന രഹസ്യപ്പണി നമുക്ക് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവല്ലോ. തെറ്റുകള്‍ സംഭവിച്ചുവെങ്കില്‍‌പ്പോലും തിരുത്തി കൂടെ നിറുത്തേണ്ട ഈ സന്ദിഗ്ദഘട്ടത്തില്‍ ആര്‍ക്കുവേണ്ടിയാണ് സക്കറിയ ഈ ചക്കുന്തുന്നത് ? ഓണ്‍‌ലൈനിടങ്ങളില്‍ ഏതെങ്കിലും തരത്തില്‍ എതിരഭിപ്രായം ഏതെങ്കിലും വിഷയത്തില്‍ ഉന്നയിക്കുന്നവരേയും  സക്കറിയ ചെയ്തതുപോലെ അപ്പോള്‍ത്തന്നെ ചാപ്പകുത്തിയെടുക്കുന്ന രീതികളും നാം കണ്ടിട്ടുണ്ട്. ധാരണക്കുറവുമൂലം തെറ്റായ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചുപോയവരുടെ മുകളില്‍ ബൌദ്ധികമായ മേല്‍‌ക്കോയ്മ സ്ഥാപിച്ചുകൊണ്ട് ആട്ടിയകറ്റുകയല്ല വേണ്ടത് , അപചയങ്ങളെ തെള്ളിക്കളഞ്ഞ് കൂടെനിറുത്തുകയാണ്. സാഹചര്യങ്ങള്‍ അതാണ് ആവശ്യപ്പെടുന്നത്. തെറ്റുകളെ തിരുത്തുന്നതാണ് കരുണ നിറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനം, മറ്റേതെല്ലാം ഹിംസയാണ്. ആത്മീയമായും ഭൌതികമായുമായുള്ള ഹിംസ. അപക്വം, അരുതാത്തത്.
           ഇ എം എസിന്റെ ഓര്‍മകളുമായി ബന്ധപ്പെട്ട് ഈ പുസ്തകത്തിലെ ഒരു കുറിപ്പില്‍ ഇത്തരം ഒരു സന്ദര്‍ഭത്തെ ഒ വി വിജയന്‍ സഹാനുഭൂതിയോടെ നേരിടുന്നുണ്ട്. കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ നാല്പതു വര്‍ഷത്തെ സ്വത്വം ആരിലൂടെ പ്രതീകവത്കരിക്കാം എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഒരേയൊരു ഉത്തരം മാത്രമേയുള്ളു.ശങ്കരന്‍ നമ്പൂതിരിപ്പാടിലൂടെ .
അല്പബുദ്ധിയായ യുക്തിവാദി ചരിത്രത്തില്‍ ഇടംകോലിടുന്നു.അതെങ്ങനെ? അദ്ദേഹം ഹിന്ദുമതപക്ഷവാദിയാണല്ലോ?
സ്തബ്ദമായ എന്റെ തലമുറ പ്രതികരിക്കുന്നു.അതെയോ?”
അല്ലെങ്കില്‍ പേരിന്റെ കൂടെ നമ്പൂതിരിപ്പാടെന്ന് ചേര്‍ക്കുന്നതെന്തിന്?”
വിജയന്‍ നേരിട്ട സ്തബ്ദത ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് നമ്മെയാണ്.ജാതിയുടേയും മതത്തിന്റേയും കോട്ടകൊത്തളങ്ങളില്‍ അരുളിമരുവിയിരുന്ന ഒരു സവര്‍ണ സമൂഹത്തില്‍ തന്റെ കൌമാരകാലം മുതല്‍ വിടവുകളുണ്ടാക്കാന്‍ ശ്രമിക്കുകയും ഒരു ഘട്ടമെത്തിയപ്പോള്‍‌ ആ കോട്ടകളെ അപ്പാടെ തലകീഴാക്കി നിറുത്തുകയും ചെയ്ത ഒരു മനുഷ്യനെയാണ് അല്പരായ ചിലര്‍ അസത്യപ്രചാരണംകൊണ്ട് മലിനപ്പെടുത്തുവാനും അപമാനിക്കുവാനും ശ്രമിക്കുന്നത്. സക്കറിയയും ഫലത്തില്‍ ചെയ്യുന്നത് അതുതന്നെയാണ്.വിജയനെ ഇരുളിലേക്ക് നീക്കിനിറുത്തിയിട്ട് സക്കറിയയ്ക്ക് എന്താണ് നേട്ടം എന്നെനിക്കറിയില്ല. എന്നാല്‍ പൊതുസമൂഹത്തിന് ഒരുപാട് നഷ്ടമുണ്ടാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.ഇ.എം.എസിനെക്കുറിച്ചുള്ള ഓര്‍മകളെ സമാഹരിച്ച പുസ്തകത്തെക്കുറിച്ചഴുതാനാണ് ശ്രമമെങ്കിലും ഇന്നലെ രാത്രി സക്കറിയയുടെ ഒരു പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിന്റെ വേവലാതി ചിന്തയിലേക്ക് കടന്നുവന്നതാണ് ഇത്രയും എഴുതാനുള്ള പ്രേരണ.നുണകള്‍‌ക്കെതിരെ സ്വന്തം ജീവിതം കൊണ്ട് പടവെട്ടിയ ഒരാളെ സ്മരിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള ഒരു കുറുകെ ചാടല്‍ ഒട്ടും അസ്ഥാനത്തല്ലെന്നു ഞാന്‍ കരുതുന്നു.
            ശരി. പുസ്തകത്തിലേക്ക് വരാം. ഇ എം എസ് കേരളത്തിന് എന്തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കാവുമ്പായി ബാലകൃഷ്ണന്‍ എഡിറ്റു ചെയ്തിരിക്കുന്ന ഈ പുസ്തകം.ഒ വി വിജയനും പി ജിയും സി ജെ തോമസും കെ എന്‍ പണിക്കരും എന്‍ വി പി ഉണിത്തിരിയും കെ ഇ എന്നും രാജന്‍ ഗുരിക്കളും സാറാജോസഫും ബി രാജീവനുമടക്കമുള്ള എഴുത്തുകാര്‍ നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിന്റെ നേര്‍ പരിച്ഛേദമാകുന്നു.അതുകൊണ്ടുതന്നെ ഇ എം എസിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ക്ക് നിലപാടുകള്‍ക്ക് അര്‍ത്ഥശങ്കയില്ലാത്തവിധം അനിഷേധ്യതയുണ്ടാകുന്നു.അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ പെടുത്തിയിരിക്കുന്ന ഓരോ ലേഖനങ്ങളും ഇ എം എസ് എന്ന മഹാമനുഷ്യനിലേക്കുള്ള ചൂണ്ടുപലകയാകുന്നു.
            സ്മരണകളെ അലസമായി പിന്തുടരുമ്പോഴല്ല അതിനെ ഒരു സമരായുധമായി വികസിപ്പിക്കുമ്പോഴാണ് അനുസ്മരണം ഒരു വിപ്ലവപ്രവര്‍ത്തനമായി മാറുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന കെ ഇ എന്നിന്റെ ഇ എം എസ് നവോത്ഥാനത്തിനുമപ്പുറം എന്ന ലേഖനം വളരെയേറെ പ്രസക്തമായ ഒന്നാണ്. പി പരമേശ്വരന്റെ പുനരുത്ഥാനപരമായ ആശയങ്ങളോട് പ്രതികരിക്കുന്ന ലഘുപുസ്തകത്തിന് ഇ എം എസ് നല്കിയ തലക്കെട്ട് ഭാരത തനിമക്കെതിരെ ഇന്ത്യന്‍ ദേശീയത എന്നാണ്.ഇന്ത്യയെ ഭാരതം എന്ന് നിര്‍ബന്ധപൂര്‍വ്വം പുനര്‍നാമകരണം ചെയ്യുന്ന പുനരുത്ഥാന പ്രവണതയോട് എതിരിടുകയാണ് നിസ്സാരമെന്ന് തോന്നുന്ന ഒരു തലക്കെട്ടിലൂടെ ഇ എം എസ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖനം നവോത്ഥാനന്തര കേരളത്തിന്റെ സ്രഷ്ടാവായ അതികായനെയാണ് വരച്ചിടുന്നത്.
            സമൂഹത്തിന്റെ അടിത്തറയായ സാമ്പത്തിക ഘടനയും ആ ഘടനയെ അടിസ്ഥാനപ്പെടുത്തി രൂപം കൊള്ളുന്ന മേല്പുരയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന ഇ എം എസിന്റെ സാഹിത്യ ചിന്തയില്‍ പ്രതിഫലിച്ചതെങ്ങനെ എന്നാണ് പി ജി അന്വേഷിക്കുന്നത്. തെറ്റായിപ്പോയ യാന്ത്രികമായ വാദമുഖങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ഇ എം എസ് നടത്തിയ തിരുത്തലുകളെ സൂചിപ്പിക്കുന്ന ഈ ലേഖനം സാംസ്കാരിക സാഹിത്യ പഠനമേഖലകളെ നിര്‍ണായകമായി സഹായിക്കുന്നതാണ്.അ..... അ..... അതെനിക്കറിയില്ല മതി ..അത്രയും മതി, സംസാരിക്കുന്നതാരാണെന്ന് മനസ്സിലാക്കാന്‍. വീര്‍പ്പുമുട്ടിക്കുന്ന ആ വിക്കും തുറന്ന അജ്ഞതാസമ്മതവും കേരളത്തില്‍ ഒരാള്‍ക്കുമാത്രമേയുള്ളു.അദ്ദേഹമാണ് എവിടെ നിന്നോ വന്ന ഒരു നമ്പൂതിരി എന്ന് വീരശ്രീ പട്ടം താണുപിള്ളയവര്‍കള്‍ ചിത്രീകരിച്ച ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് സീ ജെ തോമസ് രസകരമായി കുറിക്കുന്നു.
            ഇ എം എസ് എന്താണെന്ന് വ്യക്തമാക്കുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ചിന്തകളെ പിന്‍പറ്റുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ.അക്ഷരത്തെറ്റുകളുടെ ഒരു ഘോഷയാത്രയുണ്ട് പുസ്തകത്തിലാകെ. അടുത്ത പതിപ്പിലെങ്കിലും ഇതു തിരുത്തുമെന്ന് പ്രതീക്ഷിക്കുക.

           
പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ്  , വില 150 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2017

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1