#ദിനസരികള്‍ 449 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിരണ്ടാം ദിവസം.‌


||കാഴ്ചപ്പാടുകള്‍ – മുരളി തുമ്മാരുകുടി||

ദുരന്തനിവാരണ വിദഗ്ദനായ ശ്രീ മുരളി തുമ്മാരുകുടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ കാഴ്ചപ്പാടുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് അപകടങ്ങള്‍ക്ക് യാന്ത്രികമായ പ്രതിവിധികളെ തേടുകയും നിര്‍‍‌ദ്ദേശിക്കുകയും ചെയ്യുക എന്ന പതിവുരീതിയല്ല അദ്ദേഹം മുന്നോട്ടുവെയ്ക്കാന്‍ ശ്രമിക്കുന്നത്, മറിച്ച് മാനവികമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരുന്ന സാമൂഹികതയെ മുന്‍നിര്‍ത്തിയുള്ള തരണം ചെയ്യലുകള്‍ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്കുന്നതെന്നാണ്.അത് അപകടമുണ്ടാകാതെയിരിക്കാനുള്ള ജാഗ്രതയാണ്. മനുഷ്യന്‍ മനുഷ്യനോട് കരുതലുള്ളവനായാല്‍ത്തന്നെ ഒട്ടുമിക്ക ദുരന്തങ്ങളേയും പിന്മടക്കാന്‍ നമുക്കു കഴിയും എന്ന ബോധത്തെയാണ് മുരളി പകര്‍ന്നു നല്കാന്‍ ശ്രമിക്കുന്നത്. ഭൂമി വെറും വസ്തുവായി മാറുമ്പോള്‍ എന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു “ഭൂമിയെ നാം നിക്ഷേപ വസ്തുവോ സമ്പാദ്യ വസ്തുവോ ആക്കുന്നതിനുമുമ്പ് നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.ഒന്നാമത് ഓരോ ഭൂമിക്കും ഒരു ഭൂമിശാസ്ത്രമുണ്ട്.കുന്നുകള്‍ , മലകള്‍, വനങ്ങള്‍, നദികള്‍ സമതലപ്രദേശങ്ങള്‍ ഇവയ്ക്കെല്ലാം ഭൂമിശാസ്ത്രപരമായും ജീവശാസ്ത്രപരമായും ചില പ്രത്യേകതകളും കര്‍ത്തവ്യങ്ങളും ഉണ്ട്.നമ്മുടെ നീരൊഴുക്കും കാലാവസ്ഥയും അതുകൊണ്ടുതന്നെ ജന്തുക്കളുടേയും ജീവികളുടേയും ഒരു പരിധിവരെ മനുഷ്യന്റെ ജീവന്റെ നിലനില്പും എല്ലാം ഈ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു” മനുഷ്യനേയും ജന്തുക്കളേയുമൊക്കെ ഒരേ പ്രകൃതിയുടെ വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങളായി കണ്ടുകൊണ്ട് തുല്യപ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം എന്ന കാഴ്ചപ്പാടാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ആകെത്തുകയില്‍ മുന്നോട്ടുവെക്കുന്നതെന്ന് പറയാം.ഭൂമിയുടെ വിപണിമൂല്യം മാത്രം കണക്കിലെടുത്തുകൊണ്ടുള്ള പെരുമാറ്റങ്ങള്‍ ദുരന്തത്തിലാണ് അവസാനിക്കുകയെന്നും
അതിനെ മറികടക്കണമെങ്കില്‍ നമ്മുടെ ധാരണകളെ മാറ്റിയെഴുതേണ്ടതുണ്ടെന്നും അദ്ദേഹം എഴുതുന്നുണ്ട്. അതുകൊണ്ടായിരിക്കണം അവതാരികയില്‍ ശ്രീ എം പി വീരേന്ദ്രകുമാര്‍ , മുരളിയുടെ സമീപനം ഗുണാത്മകവും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തവും പരിഹാരങ്ങളെ നിര്‍‌ദ്ദേശിക്കുന്നതുമാണ് എന്നെഴുതിയത്.

ഞാന്‍ ചൂണ്ടിക്കാണിച്ച സാമൂഹികത എന്ന ബോധത്തെ ഷൊര്‍ണൂരില്‍ നിന്നും പഠിക്കേണ്ടത എന്ന ലേഖനത്തില്‍ അദ്ദേഹം ഒന്നുകൂടി ഇഴവിടര്‍ത്തി കാണിക്കുന്നത് നോക്കുക “ കമ്പാര്‍ട്ടുമെന്റിലെ പോലീസുകാരല്ല സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കേണ്ടത്.സമൂഹത്തിലെ എല്ലാവരും സംസ്കാരത്തോടെ പെരുമാറാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും പരസ്പരം സംരക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ പൊതു ഇടങ്ങള്‍ ആസ്വദിക്കാന്‍ പരസ്പരം അനുവദിക്കുമ്പോള്‍ അപ്പോഴാണ് സാമൂഹികസുരക്ഷ മെച്ചപ്പെടുന്നത് “ ഇവിടെ ഒരാളെ ഒറ്റപ്പെടുത്തി സംരക്ഷിച്ചെടുക്കുക എന്നതല്ല നയമായി സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്ത ധാരണകളെ അംഗീകരിക്കാനുള്ള ശേഷിയെ വര്‍ദ്ധിപ്പിച്ചുകൊണ്ട് അപരനെന്ന് ആരേയും മാറ്റി നിറുത്താതെ പാരസ്പര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത് എന്നാണ് മുരളി സൂചിപ്പിക്കുന്നത്.
പ്രകൃതിപ്രതിഭാസങ്ങള്‍ ദുരന്തങ്ങളാകുന്നത് മുന്‍കരുതലുകളുടെ അഭാവംകൊണ്ടാണെന്ന ഗ്രന്ഥകാരന്റെ കാഴ്പപ്പാട് ശരിതന്നെയാണ്.ദുരന്തങ്ങളുടെ പ്രഹരശേഷിയും അതിജീവിക്കേണ്ട മാര്‍ഗ്ഗങ്ങളും യഥാസമയം ബാധിതപ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് ഒട്ടുമിക്ക പ്രകൃതി പ്രതിഭാസങ്ങളും ദുരന്തങ്ങളാകാന്‍ കാരണമാകുന്നത്.ദുരന്തങ്ങളല്ലേ എന്തുചെയ്യാന്‍ കഴിയും എന്നൊരു നിസ്സഹായാവസ്ഥ അറിഞ്ഞോ അറിയാതെയോ നമ്മുടെ അധികാരികള്‍ പ്രകടിപ്പിക്കാറുണ്ട്. വന്നുകഴിഞ്ഞ ദുരന്തങ്ങളെ സംബന്ധിച്ച് ഒരു പരിധിവരെ അതുശരിയാണു താനും. എന്നാല്‍ ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി അറിയാനുള്ള ധാരാളം സജ്ജീകരണങ്ങള്‍ നിലവിലുള്ള ഇക്കാലത്ത് ഇത്തരം വിലാപങ്ങള്‍ ആശാസ്യമല്ലെന്നു തന്നെ പറയാം.

തമാശയുടെ പരിവേഷം ചാലിച്ച് നമ്മുടെയൊക്കെ അഹങ്കാരങ്ങളെ സമര്‍ത്ഥമായി കളിയാക്കിക്കൊണ്ട് രത്തന്‍ ടാറ്റ ക്യൂവില്‍ കാത്തുനിന്ന കഥ ഒരു ചിരിയോടെ പറയുന്നുണ്ട്, മുരളി. ആ ചിരി ഇദ്ദേഹത്തിന്റെ എഴുത്തിന്റെ സ്വഭാവമാണ്. പക്ഷേ വായനക്കാര്‍ കേവലമായ ആ ചിരിയുടെ രസത്തില്‍ സ്വയം മറന്നു നിന്നുപോകുന്നത് ഈ പുസ്തകത്തെ സംബന്ധിച്ച് ദുരന്തസദൃശ്യമായിക്കും. അതിനുമപ്പുറം പുസ്തകം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ ആഴം നാം മനസ്സിലാക്കുകയും നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിലേക്ക് പകര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന വെല്ലുവിളിയെയാണ് നാം സ്വീകരിക്കേണ്ടത്.വ്യത്യസ്തമായ വിഷയങ്ങളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട മുപ്പതോളം ലേഖനങ്ങളടങ്ങിയ പുസ്തകം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നവീനമായ ഉള്‍ക്കാഴ്ച നല്കാന്‍ പര്യാപ്തമാണ്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തും ഏകമുഖമായ ഒന്നല്ല. ഒറ്റയ്ക്കും കൂട്ടായുമൊക്കെ പ്രവര്‍ത്തിക്കുന്ന ജനതയും അവരെ കാത്തുപോരാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാറുകളുമൊക്കെ ഒന്നിച്ചു നിന്നുകൊണ്ടുവേണം ദുരന്തങ്ങള്‍‌ക്കെതിരെയുള്ള കോട്ടകള്‍ തീര്‍ക്കാനെന്നുള്ള ഗ്രന്ഥകാരന്റെ താക്കീതു നാം മാനിക്കുക


പ്രസാധകര്‍- മാതൃഭൂമി , വില 125 രൂപ, ഒന്നാം പതിപ്പ് ജനുവരി 2014




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1