#ദിനസരികള്‍ 445 - നൂറു ദിവസം നൂറു പുസ്തകം – പതിനെട്ടാം ദിവസം.‌


||സാഹിത്യം സംസ്കാരം ദര്‍ശനം – പി ജി||

ഏതെങ്കിലും ഒരു പുതിയ ആശയം മനസ്സിലാക്കണമെന്നിരിക്കട്ടെ. പി ജി അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരിക്കും ഞാന്‍ ആദ്യമായി അന്വേഷിക്കുക.ഉണ്ടെങ്കില്‍ അധ്വാനം നേര്‍‌പകുതിയായി കുറയും.കാരണം ആ ആശയത്തിന്റെ സത്ത പി ജി തന്റെ ലേഖനത്തിലേക്ക് കുറുക്കിയെടുത്തിട്ടുണ്ടാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ആ കുറിപ്പ് വായിച്ചു കഴിയുന്നതോടെ നമുക്ക് പ്രസ്തുത ആശയത്തെക്കുറിച്ചും അതു പണിതെടുത്തിരിക്കുന്ന അസ്തിവാരങ്ങളെക്കുറിച്ചും നമുക്കൊരു ധാരണ കിട്ടും. വിഷയങ്ങളെ അതിന്റെ സമഗ്രതയില്‍ത്തന്നെ മനസ്സിലാക്കി ദുര്‍ഗ്രഹതയില്ലാതെ കൃത്യമായി അവതരിപ്പിക്കാന്‍ പി ജിയോളം പോന്നവര്‍ മലയാളത്തില്‍ കുറവാണ് എന്നു പറഞ്ഞാല്‍ കേവലം അലക്ഷ്യമായ ഒരു പ്രസ്ഥാവനയായി അതു മാറുമെന്നതുകൊണ്ട് എന്‍ വി കൃഷ്ണവാരിയര്‍ക്കു ശേഷം മലയാളി കണ്ട ചിന്തകനായിരുന്നു പി ജി എന്ന് കൃത്യമായിത്തന്നെ പറയുകയെന്നത് എന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു. കെട്ടി നിറുത്തപ്പെട്ട കേരളത്തിന്റെ ഇടതുപക്ഷ അവബോധങ്ങളെ ലോകാന്തരങ്ങളിലേക്ക് തുറന്നു വിട്ടതില്‍ പി ജിക്കുള്ള പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആ പങ്കിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ സാഹിത്യം , സംസ്കാരം , ദര്‍ശനം എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിച്ചുകൊണ്ട് വിവിധ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില ലേഖനങ്ങളെ സമാഹരിച്ചിരിക്കുകയാണ് എഡിറ്ററായ ശ്രീ ഡി ശ്രീധരന്‍ നായര്‍.

ഒന്നാം ഭാഗം – സാഹിത്യം

പന്ത്രണ്ടു ലേഖനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്.നമ്മുടെ നിലവിലുള്ള നിഖണ്ടുക്കളിലെ സൂക്ഷ്മതക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുതിയിരിക്കുന്ന ഒന്നാമത്തെ ലേഖനം “ഗുണ്ടര്‍ട്ടിന്റെ സര്‍വ്വ വിദിതമായ പരിമിതികള്‍” കൂടി പരിഹരിച്ചുകൊണ്ട് പുതിയ ഒരെണ്ണമുണ്ടാകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു.ഭാഷയുടെ സജീവമായ നിലനില്പിന് കാലാനുസൃതമായ പരിഷ്കരണവും സൂക്ഷ്മതയു വരുത്തേണ്ടതിന്റെ പ്രാധാന്യം ഈ ലേഖനം വ്യക്തമാക്കുന്നു.ഈ വിഭാഗത്തില്‍ മലയാള സാഹിത്യത്തിലെ ജാതീയ പ്രവണതകള്‍ എന്ന പേരിലെഴുതിയിരിക്കുന്ന ലേഖനം സമൂഹത്തില്‍ ഇന്നും നിലനില്ക്കുന്ന , വര്‍ത്തമാനകാലത്തെ പിന്നോട്ടടിക്കുന്ന ജാതീയമായ പ്രതിലോമശക്തികളുടെ ഇടപെടലുകളെക്കുറിച്ച് ആശങ്കപ്പെടുന്നു. പഴയതുപോലെ അത്രകണ്ട് പ്രത്യക്ഷമായിട്ടല്ലെങ്കിലും ‘വിപല്‍ സാധ്യതകള്‍’ അപ്പാടെ നിഷേധിക്കുന്നത് ശരിയായിരിക്കില്ല എന്ന ആശങ്കയാണ് പിജി പങ്കുവെക്കുന്നത്.”ആധുനിക ജാതീയത വര്‍ഗ്ഗീയത പ്രവണതകള്‍ക്ക് ചരിത്രത്തിലേക്ക് നീളുന്ന വേരുകള്‍ കൂടിയുണ്ടെന്നു കാണുമ്പോള്‍ ‘ ഇതിനെതിരെ ഒരു തരത്തിലുള്ള അലംഭാവവും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.വിശ്വോത്തരമാനങ്ങളുള്ള കൃതികള്‍ മലയാളത്തിലില്ലെന്ന് എം കൃഷ്ണന്‍ നായര്‍ പറയുന്നതിനെ ഒരു പരിധി വരെ അംഗീകരിക്കുന്നുവെങ്കിലും പരിപൂര്‍ണമായും ശരിയല്ലെന്ന് പറയുകയാണ് മാനദണ്ഡം അവരുടേതോ നമ്മുടേതോ എന്ന ലേഖനത്തില്‍.സാഹിത്യത്തെ അളക്കുന്ന കോലുകളെക്കുറിച്ച് സൂക്ഷ്മമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നമ്മെ സഹായിക്കും. ഈ ഭാഗത്തിലെ ചില ലേഖനങ്ങളാണ് ചൂണ്ടിക്കാണിച്ചത്.താരാട്ടുപാട്ടുകളിലെ വര്‍ഗ്ഗ സംസ്കാരം, കേരളക്കരയുടെ അരുണ ദശകം , നീ മറഞ്ഞാലും തിരയടിക്കും നീലക്കൂയിലേ നിന്‍ ഗാനമെന്നും പോലെയുള്ള ശ്രദ്ധിക്കപ്പെടേണ്ട ലേഖനങ്ങള്‍ ഇനിയുമുണ്ട്.

രണ്ടാം ഭാഗം - സംസ്കാരം.

അതിശയോക്തി ഒട്ടുമില്ലാതെ ഒരു കാര്യം പറയാം. ഈ പുസ്തകത്തിലെ മറ്റു രണ്ടു ഭാഗങ്ങളെ മാറ്റിവെച്ചാലും സംസ്കാരം എന്നു പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിലെ ലേഖനങ്ങള്‍ മാത്രം മതി ഈ പുസ്തകത്തെ അദ്വിതീയമാക്കുവാനെന്നാണ് എന്റെ അഭിപ്രായം. സംസ്കാരത്തെക്കുറിച്ചും സാംസ്കാരിക പഠനത്തെക്കുറിച്ചുമൊക്കെ നിലനില്ക്കുന്ന ആശയങ്ങളെ ഒരു കുപ്പിയിലേക്ക് ആവാഹിച്ചിരുത്തിയിരിക്കുകയാണ് പി ജി. റെയ്മണ്ട് വില്യംസിന്റെ അഭിപ്രായത്തില്‍ ഏറ്റവും കുഴപ്പം പിടിച്ച വാക്കുകളിലൊന്നാണ് സംസ്കാരം.പി ജി തന്റെ സ്വതസിദ്ധവും വക്രതയില്ലാത്തതുമായ ഭാഷയില്‍ സംസ്കാരം (Culture ) എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് സംസ്കാരം :കുഴപ്പം പിടിച്ച ഒരു വാക്ക് എന്ന ലേഖനത്തില്‍ പറയുന്നു. “സംസ്കാരമെന്നാല്‍ സാഹിത്യവും കലയും മാത്രമല്ല, മനുഷ്യരുടെ ധാര്‍മികവിശ്വാസവും മൂല്യബോധവും ആചാരാനാനുഷ്ഠാനങ്ങളുമെല്ലാം അതില്‍‌പ്പെടും.” എന്ന് ഭരണകൂടവും സംസ്കാരവും എന്ന ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിന്നും ഏതെങ്കിലും ഒരു ലേഖനത്തെ തെരഞ്ഞെടുക്കാന്‍ ആരെങ്കിലും ആവശ്യപ്പെടുന്നുവെങ്കില്‍ ഭരണകൂടവും സംസ്കാരവും എന്നതിലേക്കായിരിക്കും ഞാന്‍ കൈ ചൂണ്ടുക. സംസ്കാരിക പഠനമെന്താണെന്ന് അക്കമിട്ടു പറയുന്ന സംസ്കാരിക പഠനത്തിന്റെ പ്രസക്തി എന്ന ലേഖനം ഏതൊരു വിദ്യാര്‍ത്ഥിയും വായിച്ചിരിക്കേണ്ടതാണ്. സാംസ്കാരിക പഠനത്തിന്റെ മേഖലയില്‍ നാളിതുവരെയുണ്ടായിട്ടുള്ള മുന്നേറ്റങ്ങളുടെ ഒരു നഖചിത്രമാണ് ഈ ലേഖനം.

ഭാഗം മൂന്ന് ദര്‍ശനം

മിസ്റ്റിസിസം ഒരു വിമര്‍ശനം, മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം , അപശൂദ്രാധികരണത്തിന്റെ പരിഷ്കരിച്ച പതിപ്പ് , ആധുനികോത്തരതയുടെ അസംബന്ധങ്ങള്‍ , വിവേകാനന്ദനും ഗോള്‍വാള്‍‌ക്കറും തുടങ്ങി എണ്ണം പറഞ്ഞ ലേഖനങ്ങളാണ് ഈ വിഭാഗത്തിലുള്‍‌പ്പെടുത്തിയിട്ടുള്ളത്.മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം ബ്രിട്ടീഷ് സംഭാവന എന്ന ലേഖനത്തില്‍ സമകാലികരായ ടെറി ഈഗിള്‍ടണിലേക്കും ഇ പി തോംപ്സണിലേക്കും വരെ അദ്ദേഹം എത്തിനില്ക്കുന്നു.ഭഗവത് ഗീതയും മാര്‍ക്സിസവും , ഗീതയും ജാതിയും മതവും എന്നീ ലേഖനങ്ങള്‍ വര്‍ത്തമാനകാലത്തില്‍ മതപാഠങ്ങള്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പരിശോധിക്കുന്നു.
ഒരു കുറ്റബോധത്തോടെയാണ് ഞാന്‍ അവസാനിപ്പിക്കുന്നത്. പുസ്തകത്തോട് നീതി പുലര്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ചെറുതായ ഈ കുറിപ്പിന് കഴിയുന്നില്ല എന്നതാണ് എന്നെ തലകുനിപ്പിക്കുന്നത്.അതിവിപുലമായ മേഖലകളെ അനായാസം കൈകാര്യം ചെയ്യുന്ന 336 പേജുകളോളം വരുന്ന ഈ പുസ്തകത്തെ രണ്ടരപ്പേജിലേക്ക് ഗുളികപ്പെടുത്തുക എന്നത് അസാധ്യമാണെന്ന് അറിയാതെയല്ല. ആരെയെങ്കിലും ഈ പുസ്തകം വായിപ്പിക്കാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും നല്കാന്‍ കഴിഞ്ഞാല്‍ നന്ന് എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളു.










പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ് , വില 260 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2013




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1