#ദിനസരികള്‍ 448 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തൊന്നാം ദിവസം.‌









||റെയ്മണ്ട് വില്യംസ് - സംസ്കാരം, സാഹിത്യം, രാഷ്ട്രീയം ഡോ. ഷീബ എം കുര്യ‍ന്‍||
           
സംസ്കാര പഠനം  എന്നു കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ മനസ്സിലേക്ക് റെയ്മണ്ട് വില്യംസ് എന്നു പേരുകൂടി വന്നെത്തും. പറഞ്ഞും കേട്ടും എഴുതിയും നമുക്ക് അത്രമാത്രം സുപരിചിതമായ ഒന്നായിട്ടുണ്ട് അദ്ദേഹം.1921 ആഗസ്റ്റ് 31 ന് ജനിച്ച് 1988 ജനുവരി 26 ന് മരിച്ച റെയ്മണ്ട് വില്യംസിന്റെ ജീവിതത്തേയും ചിന്തകളേയും കൂടുതലായി അവതരിപ്പിക്കുകയാണ് ഷീബ എം കുര്യന്‍ , റെയ്മണ്ട് വില്യംസ് സംസ്കാരം , സാഹിത്യം രാഷ്ടീയം എന്ന പുസ്തകത്തിലൂടെ.അദ്ദേഹത്തിന്റെ ആദ്യകൃതി , റീഡിംഗ് ആന്റ് ക്രിട്ടിസിസം , 1950 ല്‍ ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് പുറത്തുവന്നത്.പരമ്പരാഗത സാഹിത്യപഠനങ്ങള്‍ക്ക് നേരെയുള്ള വില്യംസിന്റെ പ്രതികരണങ്ങളാണ് അതിലെ പ്രമേയം. പാഠവിശകലനത്തിന്റെ പുതുമാര്‍ഗ്ഗങ്ങളാണിതിലുള്ളതെന്ന് ടെറി ഈഗിള്‍ടണും സമ്മതിക്കുന്നുണ്ട്.വില്യംസിന്റെ അധ്യാപന രീതിയുടെ തുടര്‍ച്ചയാണ് ഈ പുസ്തകമെന്ന അഭിപ്രായവും നിലവിലുണ്ട്.(പേജ് 12 )
ചെറുപ്പം മുതലേ കണ്ടും അനുഭവിച്ചും അറിഞ്ഞ തൊഴിലാളി ജീവിതം വില്യംസിന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്.ഒരു ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് എത്തുമ്പോഴേക്കും തൊഴിലാളി വര്‍ഗ്ഗത്തോടുള്ള അഭിനിവേശം അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടനില്‍ അംഗമാകുന്നത്. രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയോടൊത്ത് യുദ്ധം ചെയ്യേണ്ടി വന്നതിനു ശേഷം കേംബ്രിഡ്ജിനു കീഴില്‍  ഒരു ട്യൂട്ടറായിട്ടാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. അക്കാദമിക് പണ്ഡിതന്‍ മാത്രമല്ല , എല്ലായ്പോഴും പൊതുകാര്യങ്ങളില്‍ വ്യാപൃതനും മുഴുവന്‍ സമയ സാംസ്കാരിക പ്രവര്‍ത്തകനും മതേതരബുദ്ധി ജീവിയുമായിരുന്നു അദ്ദേഹമെന്ന്  ഗ്രന്ഥകര്‍ത്രി എഴുതുന്നു.എഴുത്തും ജീവിതവും എന്ന ഒന്നാം അധ്യായത്തില്‍ വില്യംസിന്റെ സംഭാവനകളെ സമഗ്രമായിത്തന്നെ അവതരിപ്പിക്കുന്നതിന് ഷീബ ശ്രമിച്ചിട്ടുണ്ട്.
സാംസ്കാരിക വിമര്‍ശത്തിന്റെ വെളിച്ചത്തില്‍ മാധ്യമപഠനത്തിന് സവിശേഷമായ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് സാഹിത്യം , സിനിമ , ടെലിവിഷന്‍ എന്ന ലേഖനം സാക്ഷ്യപ്പെടുത്തുന്നു. നാടകത്തേയും സിനിമയേയും നോവലിനേയും പ്രത്യേകം പ്രത്യേകമെടുത്തുകൊണ്ടാണ് വില്യംസിന്റെ നിലപാടുകളെ എഴുത്തുകാരി വിശദമാക്കുന്നത്. മാധ്യമപഠനത്തിന്റെ സങ്കീര്‍ണമായ മേഖലകളെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞ ഈ അധ്യായം പ്രാധാന്യമര്‍ഹിക്കുന്നു.” നാടക പഠനത്തെ സാംസ്കാരിക പഠനമാക്കി മാറ്റേണ്ടതിന്റേയും സംസ്കാരത്തെ പുതിയൊരു മാധ്യമത്തിലൂടെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കുംവില്യംസിനെ നാടപഠനങ്ങള്‍ എത്തിച്ചു.സിനിമയും ടെലിവിഷനും സഹോദര വിനിമയമാര്‍ഗ്ഗങ്ങളായാണ് റെയ്മണ്ട് വില്യംസ് പരിഗണിക്കുന്നത്.ബോധത്തിന്റേയും ശാസ്ത്രത്തിന്റേയും ലോകത്തെ നാടകീയമായ വിനിമയം ചെയ്യുന്നതാണ് സിനിമ എന്നാണദ്ദേഹം വാദിക്കുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ജീവിതത്തില്‍ ആര്‍ക്കും സ്പഷ്ടമാകുന്ന സാംസ്കാരികരൂപങ്ങള്‍ എന്ന നിലക്കാണ് ടെലിവിഷനേയും സിനിമയേയും കുറിച്ചുള്ള വില്യംസിന്റെ ചിന്തകള്‍ പ്രസക്തമാകുന്നത്(പേജ് 82)ഒറ്റകളേയും വൈരുധ്യങ്ങളേയും പുറംതള്ളി ചരിത്രപരമായി സംസ്കാരമെന്ന സങ്കല്പത്തെ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള പിന്നാമ്പുറ അന്വേഷണമാണ് നോവലുകളെന്നാണ് വില്യംസ് സങ്കല്പിക്കുന്നത്.
അവസാനകാലംവരെ തൊളിലാളിവര്‍ഗ്ഗ ബോധ്യങ്ങളെ മുറുകെപ്പിടിച്ച വില്യംസിന്റെ ചിന്താമണ്ഡലത്തിലേക്ക് ഗൌരവതരമായ ഒരു പ്രവേശികയാകുന്നുണ്ട് ഈ പുസ്തകം.



പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ് , വില 95 രൂപ, ഒന്നാം പതിപ്പ് ജനുവരി 2012


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1