#ദിനസരികള്‍ 446 - നൂറു ദിവസം നൂറു പുസ്തകം – പത്തൊമ്പതാം ദിവസം.‌




||തനിച്ചിരിക്കുമ്പോള്‍ ഓര്‍മിക്കുന്നത്  കെ പി അപ്പന്‍||


            തന്റെ ധൈഷണികമായ എഴുത്തുജീവിതത്തെയാണ് തനിച്ചിരിക്കുമ്പോള്‍ ഓര്‍മിക്കുന്നത് എന്ന ആത്മകഥയിലൂടെ കെ പി അപ്പന്‍ അടയാളപ്പെടുത്തുന്നത്. പിന്നിട്ടുപോന്ന ജീവിതത്തിന്റെ കാടും പടലും തല്ലി  കുപ്പത്തൊട്ടികളില്‍ നിന്നും കണ്ടെടുക്കുന്ന മിഠായിക്കടലാസും വളപ്പൊട്ടും ബലൂണ്‍വക്കുമൊക്കെയായി എഴുതപ്പെടുന്ന ആത്മകഥയെന്നെ സാമ്പ്രദായികതയെ അപ്പന്‍ നിഷേധിക്കുന്നത് ബൌദ്ധികമായ വ്യവഹാരങ്ങളെ പകരം വെച്ചുകൊണ്ടാണ്.താന്‍ എഴുത്തുകാരനാണെന്നും എഴുത്തുകാരന്റെ ജീവിതമാണ് പറയേണ്ടതെന്നുമുള്ള ബോധ്യം ഓരോ നിമിഷങ്ങളിലും അപ്പനെ ഭരിച്ചുകൊണ്ടിരുന്നതായി ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കും.അതോടൊപ്പം തന്നെ ഈ കഥയെഴുതാന്‍ അപ്പന്‍ സ്വീകരിച്ചിരിക്കുന്ന ഭാഷയുടെ ഊര്‍ജ്ജ്വസ്വലമായ വിതാനങ്ങള്‍ നമ്മെ ആഹ്ലാദിപ്പിക്കുകയു അത്ഭുതപ്പെടുത്തുകയും ചെയ്യും. ആ വിതാനങ്ങളെ ചില പ്രയോഗങ്ങളും നിരീക്ഷണങ്ങളും ചേര്‍ന്ന് വജ്രതുല്യം തിളക്കമാര്‍ന്നു നില്ക്കുന്നതാക്കുന്നു.
            മാറ്റുക എന്നതാണ് സാഹിത്യത്തിന്റെ ലക്ഷ്യം.ഓരോ നല്ല കൃതിയും ചെയ്യുന്നത് ഇതാണ്. ഓരോ നല്ല കൃതിയും അതു വായിക്കുന്നവനെ വേട്ടയാടുന്നു. അവനെ ഉരുക്കിപ്പണിയുന്നു. അതുവരെയുണ്ടായിരുന്നവനെ പൊടിച്ചു കളഞ്ഞുകൊണ്ട് പുതിയ ഒരുവനെ പരുവപ്പെടുത്തുന്നു.സാഹിത്യത്തിന് മാത്രം കഴിയുന്ന ഒരു ശേഷിയാണ് ഇത്.പുറംപൂച്ചുകളുടെ ആലഭാരങ്ങളെ തിരസ്കരിച്ചുകൊണ്ട് അത് നിങ്ങളുടെ ആത്മവിനെ നഗ്നമാക്കുന്നു.ഭൌതികസാഹചര്യങ്ങളിലേക്ക് ഏതൊക്കെ മാധുര്യങ്ങളില്‍ പുരട്ടി നിങ്ങളുടെ അഭിനയശേഷിയെ വിക്ഷേപിച്ചാലും ആത്മാവില്‍ നിങ്ങള്‍ ഒറ്റപ്പെടുന്നു. അവിടെ നടക്കുന്ന വിചാരണയില്‍ നിങ്ങള്‍ നിങ്ങളെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിറുത്തുന്നു. നവീകരിക്കപ്പെടുന്ന മൂല്യബോധങ്ങളാല്‍ വിചാരണ ചെയ്യപ്പെടുന്നു. ഒരു നല്ല കൃതി നമ്മെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന കാവലാളായി വര്‍ത്തിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
            അപ്പന്റെ ആത്മകഥയും ഇങ്ങനെ നമ്മെ പുതുക്കിപ്പണിയുന്നു. കേവലം ഒരു വ്യക്തിയുടെ വിശേഷങ്ങളില്‍ നിന്നുമാറി ആകെയുള്ള മാനവികതയെ ചെന്നു തൊടുകയും അതിനോടു സംവദിക്കുന്ന ഒന്നായിത്തീരുകയും ചെയ്യുന്നു എന്നുള്ളതാണ് അപ്പന്റെ ആത്മകഥയുടെ എടുത്തുപറയേണ്ട പ്രാധാന്യം. അതു മുറിവുകളെ അംഗീകരിക്കുന്നില്ല.സൌമ്യവും ദീപ്തവുമായ തഴുകലുകളാ‍ല്‍ എല്ലാ മുറിവുകളേയു എല്ലാ വിരുദ്ധ പ്രവണതകളേയും ആട്ടിയകറ്റാന്‍ അപ്പന്‍ ശ്രമിക്കുന്നു.അതുകൊണ്ട് സാര്‍ത്രിനെ ഉപജീവിച്ചുകൊണ്ട് എഴുതുക എന്നു പറഞ്ഞാല്‍ നിറയൊഴിക്കുക എന്നുതന്നെയാണ് അര്‍ത്ഥം എന്ന് അപ്പന്‍ കണ്ടെത്തുന്നു. നിറകളുടെ ലക്ഷ്യം തിന്മകളെയാണ്. നിലനില്ക്കുന്ന തിന്മകളോടുള്ള യുദ്ധമാണ് എഴുത്ത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
            ദാക്ഷിണ്യമില്ലാത്ത നിലപാടുകളും മര്‍മങ്ങളെ തൊട്ടുകാണിക്കുന്ന വെളിപ്പെടുത്തലുകളുമാണ് ഒരു വിമര്‍ശകന്റെ ബലമുള്ള ചിറകുകളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അതിനായി അവര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടെ കാര്യത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. അപ്പന്റെ കാര്യത്തിലും ഭിന്നമല്ല.പൂവു പറിച്ചെടുത്തുകൊണ്ടുപോയി കണ്ണാടിമാളികയിലെ ചില്ലുപാത്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ചുറ്റുപാടും മനോഹരമാക്കിത്തീര്‍ക്കുന്ന ഗൃഹാലങ്കാരവിദഗ്ദയുടെ സൌന്ദര്യബോധത്തെ നമുക്ക് അഭിനന്ദിക്കാം. എന്നാല്‍ ആ പൂവ് നട്ടു വളര്‍ത്തി പാകമാക്കിയെടുത്ത തോട്ടപ്പണിക്കാരിയെ നാം പാടേ വിസ്മരിക്കുകയെന്നത് അക്ഷന്തവ്യമായ അപരാധമാണ്.കെ പി അപ്പന്റെ ചില നിലപാടുകള്‍ മുറിച്ചെടുത്തുവെച്ചിരക്കുന്ന പൂവിനെ കണ്ട് അതവിടെ കൊണ്ടുവെച്ചവരുടെ ബോധ്യങ്ങളെ പുകഴ്ത്തുന്ന തലത്തിലാണ് എന്ന അഭിപ്രായമുണ്ട്. പൂവിനെ വിദഗ്ദമായി ഉപയോഗിക്കുന്നവളേയും നട്ടുവളര്‍ത്തിയവളേയും രണ്ടു തലത്തില്‍ നിന്നുകൊണ്ടാണെങ്കിലും അംഗീകരിക്കുമ്പോഴേ സമഗ്രതയുണ്ടാകുകയുള്ളു. ആ സമഗ്രതയെയാണ് സാഹിത്യം തേടുന്നതും. ആ അര്‍ത്ഥത്തില്‍  അഭിപ്രായവ്യത്യാസങ്ങളെ നിലനിറുത്തിക്കൊണ്ടുതന്നെ അപ്പനെ ആസ്വദിക്കുവാന്‍ കഴിയുക എന്നത് സഹൃദയന്റെ ഹൃദയവിശാലതക്കുദാഹരണമാകുന്നു.
            ഈ സമഗ്രതയെ കണ്ടെടുക്കുക എന്നത് സാഹിത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ അനുപേക്ഷണീയമാണ്. അല്ലെങ്കില്‍ ഒ വി വിജയനെ ഹിന്ദു തീവ്രവാദത്തിന്റെ വക്താവാക്കി അഭിരമിച്ചതുപോലെയുള്ള അല്പത്തരങ്ങളിലേക്ക് നാം കൂപ്പുകുത്തും എന്നുകൂടി ആത്മകഥയിലൊരിടത്ത് അപ്പനെഴുതുന്നുണ്ട്.ഇത്തരം അഭിപ്രായങ്ങള്‍ വെണ്ണയില്‍ ആണിയടിക്കുന്ന പോലെയാണ് എന്നാണ് അപ്പന്‍ ഫലിതീകരിക്കുന്നത്.
            അപ്പന്‍ ചോദിക്കുന്നു.ഏറെ നാളത്തെ വായനക്കും രചനക്കും ശേഷം സാഹിത്യവിമര്‍ശനം എനിക്ക് എന്താണ് നല്കിയത് ? സന്ദേഹങ്ങള്‍ തന്നെ.യാഥാര്‍ത്ഥ്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുകയും സൌന്ദര്യത്തെ അനുഭവിക്കുകയും സാംസ്കാരിക പഠനങ്ങള്‍ നിര്‍മിക്കുകയും വിധിനിര്‍ണയം നടത്തുകയും ചെയ്യുന്ന വിമര്‍ശനം തന്നെയും , ദൈവമേ ഒരു നാട്യമാണോ? അതെ എന്നുത്തരം പറയാന്‍ എനിക്കു സാധ്യമല്ല.കാരണം ആത്മഹത്യയാണ്.എന്നാല്‍ വിമര്‍ശനകനെ പിന്‍പറ്റുന്നവര്‍ക്ക് ഒരുത്തരം കണ്ടെത്തിയേ പറ്റൂ.പട്ടി എന്നു തന്നെ വിളിക്കാന്‍ എഴുത്തുകാരനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവനാണ് വിമര്‍ശകന്‍.ആ വിമര്‍ശകനെ നിലനിറുത്തണോ ആത്മഹത്യ ചെയ്യിക്കണോ എന്ന തീരുമാനം രൂപീകരിക്കാന്‍ സമഗ്രമായ ഒരു കാഴ്ചപ്പാടിനെ പിന്‍പറ്റുകതന്നെ വേണം. അത്തരമൊരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുകതന്നെ ചെയ്യും.
പ്രസാധകര്‍- ഡി സി ബുക്സ്  , വില 90 രൂപ, രണ്ടാം പതിപ്പ് ഫെബ്രുവരി 2014


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1