#ദിനസരികള്‍ 444 - നൂറു ദിവസം നൂറു പുസ്തകം – പതിനേഴാം ദിവസം.‌



||ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍  ആണ്ടലാട്ട്||
നായകന്മാരുടെ വിശേഷണങ്ങളും വീരേതിഹാസങ്ങളും രേഖപ്പെടുത്തി വെക്കുന്നതാണ് ചരിത്രമെന്ന ധാരണയെ നേരെ തലകീഴായി നിറുത്തുകയാണ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ചെയ്യുന്നത്. അതായത് ചരിത്രം നായകരുടെയല്ല, മറിച്ച് ഒരു ചാലകശക്തിയായി അവരെ മുന്നോട്ടു തള്ളിയ ജനതയുടേതാണ് എന്ന തിരിച്ചറിവാണ് ചരിത്രരചനയുടെ മുഖ്യമായ ആയുധമായി ജനപക്ഷത്തു നിന്നും ചരിത്രം രചിക്കുന്നവര്‍ സ്വകരിക്കുന്നത്.ഇത് കൊളോണിയല്‍ ചരിത്രരചനാപദ്ധതിയുടെ എതിര്‍ദിശയിലേക്ക് ചലിക്കുന്ന നിലപാടാണ്.ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പാതയില്‍ ഒരു വീരനോ ധീരനോ നായകനോ ഒക്കെ നേതൃത്വത്തിലേക്ക് വന്നുപോയേക്കാം, പക്ഷേ ചാലകശക്തിയായി നിലകൊള്ളുന്ന ജനതയുടെ പിന്തുണയില്ലെങ്കില്‍ ചരിത്രത്തില്‍ ഇടപെടാനോ മാറ്റിത്തീര്‍ക്കാനോ അവര്‍ അശക്തരായിരിക്കും.അതുകൊണ്ടാണ് അധ്വാനിക്കുന്ന ജനതയിലേക്കാണ് , മറിച്ച് അവരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന നായകരിലേക്കല്ല നോക്കേണ്ടതെന്ന് ഇടതുപക്ഷ ചരിത്രകാരന്മാര്‍ വാദിക്കുന്നത്. ബ്രെഹ്ത് ഈ ആശയം ഇങ്ങനെ പറയുന്നു.
Who built Thebes of the 7 gates ?
In the books you will read the names of kings.
Did the kings haul up the lumps of rock ?
And Babylon, many times demolished,
Who raised it up so many times ?
In what houses of gold glittering Lima did its builders live ?
Where, the evening that the Great Wall of China was finished, did the masons go?
Great Rome is full of triumphal arches.
Who erected them ?
Over whom did the Caesars triumph ? 
Had Byzantium, much praised in song, only palaces for its inhabitants ?
Even in fabled Atlantis, the night that the ocean engulfed it,
The drowning still cried out for their slaves.
The young Alexander conquered India.
Was he alone ?
Caesar defeated the Gauls.
Did he not even have a cook with him ?
Philip of Spain wept when his armada went down.
Was he the only one to weep ? 
Frederick the 2nd won the 7 Years War.
Who else won it ?
Every page a victory.
Who cooked the feast for the victors ? 
Every 10 years a great man.
Who paid the bill ?

So many reports. 
So many questions.
          ഉല്പാദനോപാധികള്‍ സമൂഹത്തില്‍ എങ്ങനെയാണ് ഇടപെടുന്നതും പരുവപ്പെടുത്തുന്നതെന്നും കണ്ടെത്താന്‍ മേല്‍ക്കൂരകളെ മാത്രം ആശ്രയിച്ചാല്‍ കഴിയില്ല, കൊസാംബി സൂചിപ്പിക്കുന്നതുപോലെ അടിത്തറയിലേക്ക് ഇറങ്ങേണ്ടതുണ്ട്. അത്തരത്തില്‍ ജനതയുടെ ജീവിതത്തെ നോക്കിക്കാണുകയാണ് ശ്രീ ആണ്ടലാട് ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ എന്ന പുസ്തകത്തില്‍ ചെയ്യുന്നത്. കേരളത്തിലെ സാമ്പ്രദായക ചരിത്രകാരന്മാര്‍ രേഖപ്പെടുത്താതെ വിട്ട ജീവിതങ്ങളെയാണ് ആണ്ടലാട്ട് നമുക്കുവേണ്ടി പറഞ്ഞുതരുന്നത്.ഒരു ജനത എങ്ങനെയൊക്കെയാണ് ജീവിച്ചത്, അധികാരം അവരുടെയിടയല്‍ പ്രവര്‍ത്തിച്ചത് എങ്ങനെയാണ്, ധനവിനിയോഗം എങ്ങനെയായിരുന്നു തുടങ്ങി ചരിത്രരചനയുടെ പ്രാഥമിക പ്രമാണങ്ങളെ ഈ പുസ്തകത്തില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നതാണ്.
           അധികാരശക്തിയുടെ മുന്നില്‍ തലകുനിച്ചു നില്ക്കേണ്ടിവന്ന ഒരു ജനതയെയാണ് ഈ പുസ്തകം തുറന്നുകാണിക്കുന്നത്. സ്വന്തമായി ജീവിതം മുന്നോട്ടു നയിക്കാനുള്ള യാതൊരു ശേഷിയുമില്ലാത്തവര്‍ കോവിലകങ്ങളുടേയും കൊട്ടാരങ്ങളുടേയും മറ്റു ഉന്നതസ്ഥാനങ്ങളുടേയും മുന്നില്‍ കുമ്പിട്ടുപോകുക സ്വാഭാവികമാണ്. ജാതീയമായ വേര്‍തിരിവുകളുടെ സ്വാധീനം ശക്തമായി നിലനിന്നിരുന്നത് മൂലം മര്‍ദ്ദകര്‍ക്ക് അടിച്ചമര്‍ത്തലിനെ കൂടുതല്‍ സ്വാഭാവികവും നീതിയുക്തവുമാക്കി നിറുത്തുവാന്‍ കഴിഞ്ഞു.ജാത്യാചാരങ്ങളെ ചുറ്റിപ്പറ്റിയാണ് ആ ജീവിതങ്ങള്‍ ഏറെയും പീഢിപ്പിക്കപ്പെട്ടത്. സവര്‍ണപക്ഷ ബാധ കാരണം അത്തരം സംഭവങ്ങളെ  പ്രമാണികരായ ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വംതന്നെ മറന്നു കളയുന്നതിനോ അവഗണിക്കുന്നതിനോ കാരണമായിട്ടുണ്ട്.
          രേഖയില്ല എന്ന കാരണത്താല്‍ എം ജി എസ് അടക്കമുള്ള ചരിത്രകാരന്മാര്‍ അംഗീകരിക്കാത്ത പ്രഥമരാത്രിയിലെ അവകാശത്തെക്കുറിച്ച് ആണ്ടലാട്ട് എഴുതുന്നുണ്ട്.രേഖകളെ മാത്ര അവലംബിച്ചുകൊണ്ട് ചരിത്രം എഴുതേണ്ടിവന്നാല്‍ രേഖയിലില്ലാത്ത ഒരു ജനതയെ നാം എങ്ങനെ ആവിഷ്കരിക്കും?  അദ്ദേഹം എഴുതുന്നു പില്‍ക്കാലത്ത് കേരളത്തില്‍ ജന്മിമാര്‍ പ്രഥമരാത്രിയിലെ അവകാശം നടപ്പാക്കുകയുണ്ടായി.എന്നാല്‍ പ്രഥമരാത്രി കൊണ്ട് അവരതു മതിയാക്കിയില്ല.തങ്ങള്‍ക്ക് ആവശ്യമുള്ള കാലത്തോളം ആ അവകാശം അവര്‍ നിലനിറുത്തുകയാണ് ചെയ്തത്.കെ എ കേരളീയനും കെ സി ജോര്‍ജ്ജും അടക്കമുള്ള പലരും തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിശോധിച്ച് അംഗീകരിക്കുവാന്‍ ചരിത്രകാരന്മാര്‍ എന്ന വിലാസം പേറുന്നവര്‍ വിമുഖരാണ് ; അതു സ്വാഭാവികവുമാണ്. കാരണം, സവര്‍ണതയുടെ പങ്കുപറ്റി തങ്ങളുടെ നിലാപാടുകളെ രൂപപ്പെടുത്തി വന്നവര്‍ക്ക് മാറിച്ചിന്തിക്കുക എന്നത് ക്ഷിപ്രസാധ്യമല്ലല്ലോ.
            ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ മാറു മറച്ചിരിക്കുന്ന വസ്ത്രം എടുത്തുമാറ്റണമെന്നത് മറ്റൊരു ആചാരമായിരുന്നു.കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം രേഖയായി ഉള്ളതുകൊണ്ട് ഇത് നിഷേധിക്കാനാവാത്ത ചരിത്രവസ്തുതയായി നിലകൊള്ളുന്നു.ഇതിനെതിരെ 1856 ല്‍ രാജശാസനമുണ്ടായാലും ആചാരം പിന്നീടും തുടര്‍ന്നു പോന്നു.അതുപോലെത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് മുലക്കരം.സ്ത്രീ പ്രസവിച്ചാല്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനുമുമ്പ് മുലക്കരം കൊടുക്കണം എന്നതായിരുന്നു ഈ നിയമം. ഇതിനെതിരെ മുല മുറിച്ചുകളഞ്ഞുകൊണ്ടു പ്രതിഷേധം നടത്തിയത് അധികാരത്തിനെതിരെയുള്ള പോരാട്ടങ്ങളിലെ ജ്വലിക്കുന്ന സംഭവമാണ്.വിദ്യാഭ്യാസത്തിനുവേണ്ടി ,വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയും, കൃഷി ചെയ്യുന്നതിനുള്ള ഭൂമിക്കു വേണ്ടിയും, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് വേണ്ടിയുമൊക്കെ നടന്ന സമരങ്ങള്‍ക്ക് കണക്കില്ല.വീടുമേയുക , എണ്ണയാട്ടുക , മത്സ്യം പിടിക്കുക, വേട്ടയാടുക, പറ കൊട്ടുക തുടങ്ങി എല്ലാ വിധ തൊഴിലുകള്‍ക്കും നികുതി ഈടാക്കിയിരുന്നു.ഇങ്ങനെ അടിത്തട്ടിലെ ജനവിഭാഗങ്ങളെ ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ സുഖസൌകര്യങ്ങളെ വര്‍ദ്ധിപ്പിച്ചെടുത്തവരെ മാത്രം അടയാളപ്പെടുത്തിപ്പോകുക എന്നതില്‍ അനീതിയുണ്ട്.അത്തരം അനീതികള്‍‌ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ആണ്ടലാട്ടിന്റെ ഈ പുസ്തകമെന്നു കൂടി പറഞ്ഞുകൊള്ളട്ടെ!    


           

പ്രസാധകര്‍- നാഷണല്‍ ബുക്സ്റ്റാള്‍  , വില 85 രൂപ, രണ്ടാം പതിപ്പ് ഫെബ്രുവരി 2015


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം