#ദിനസരികള് 438 - നൂറു ദിവസം നൂറു പുസ്തകം – പതിനൊന്നാം ദിവസം.‌


||ഞാന്‍ എന്തുകൊണ്ട് ‘മുസ്ലിം’ അല്ല? – ഇ. എ ജബ്ബാര്‍||

ഏതുകാലം മുതലാണ് ദൈവമുണ്ടായത് ? വിശ്വാസികള്‍ ഈ ചോദ്യത്തെത്തന്നെ അംഗീകരിച്ചു തരില്ല. എല്ലാക്കാലത്തും നിലനിന്നിരുന്ന ഒരേയൊരു സത്യം ദൈവം മാത്രമാണ് എന്നാണവരുടെ വാദം.അതുകൊണ്ടു തന്നെ ദൈവമുണ്ടാകുക എന്ന പ്രയോഗം തന്നെ അസാധുവാണെന്ന് അവര്‍ വാദിക്കും.ഒരു ദൈവത്തിന്റെ മാത്രമല്ല നിലവിലുള്ള എല്ലാ ദൈവത്തിന്റേയും കഥ ഇതുതന്നെയാണ്.എല്ലാത്തിന്റേയും സ്രഷ്ടാവും പരിപാലകനും സംഹാരകനുമാണ് ദൈവം എന്ന് ഓരോ മതങ്ങളും തങ്ങളുടെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. സര്‍വ്വ ശക്തനായ അവനെ ഭയന്നും അവനു കീഴടങ്ങിയും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടു വേണം മനുഷ്യന്‍ ഇഹലോകങ്ങളില്‍ ജീവിച്ചുപോകേണ്ടത്. അങ്ങനെ ജീവിക്കുന്നവര്‍ ദൈവത്തിന്റെ പ്രീതി സമ്പാദിച്ച് സ്വര്‍ഗ്ഗലോകത്ത് അലൌകികമായ സുഖങ്ങള്‍ അനുഭവിക്കുന്നു.അഅല്ലാത്തവരെ ദൈവം നിത്യനരകങ്ങളില്‍ പീഢിപ്പിക്കുന്നു, എണ്ണയിലിട്ടു വറുക്കുന്നു, ചുട്ടുപഴുത്ത ചുറ്റികകൊണ്ട് അടിച്ചുലയ്ക്കുന്നു. മതങ്ങളില്‍ വിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം ഏകദേശം ഇങ്ങനെയാണ്.

ഭയമാണ് മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിച്ചു നിറുത്തുന്ന പ്രധാനഘടകം. മരണാനന്തരജീവിതം, അവിടെ സാധ്യതയുള്ള പീഢനം , നിത്യനരകം , സ്വര്‍ഗ്ഗം എന്ന ആകര്‍ഷണം - ഇതൊക്കെ അടിസ്ഥാനപ്പടുത്തിയാണ് ദൈവം മനുഷ്യനെ നിയന്ത്രിക്കുന്നത്. തമാശ എന്താണെന്നുവെച്ചാല്‍ സര്‍വ്വശക്തനായ ഈ ദൈവം നേരിട്ട് ഭൂമിയില്‍ ഒന്നും ചെയ്യുന്നില്ല. പ്രതിപുരുഷന്മാരെ സൃഷ്ടിച്ചുകൊണ്ട് അവരിലൂടെ തന്റേതായ അനുശാസനങ്ങളെ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം ഇന്നോളം നടത്തിയിട്ടുള്ളത്. ആ പ്രതിപുരുഷന്മാര്‍ നടത്തിയിട്ടുള്ള അക്രമങ്ങളും അനീതികളും ചരിത്രത്തിലുടനീളം കാണാവുന്നതുമാണ്. ചുരുക്കത്തില്‍ സാധാരണക്കാരായ മനുഷ്യരുടെ അധ്വാനശേഷിയിലെ പങ്ക് തട്ടിപ്പറിച്ചെടുക്കുന്ന ഒരു കൂട്ടം ആളുകളാണ് പുരോഹിതന്മാരും അവരെ ഉപജീവിച്ചു മുന്നോട്ടുപോകുന്നവരും.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റേയും മതത്തിന്റേയും പിടിയില്‍ നിന്നും രക്ഷപ്പെടുക എന്നത് അത്ര എളുപ്പമായ കാര്യമൊന്നുമല്ല.മതത്തിന്റേതായ , വിശ്വാസത്തിന്റേതായ ഒരു വലയം ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലയേയും നിയന്ത്രിച്ചു നില്ക്കുന്നു. ജനനം മുതല്‍ മരണാനന്തരജീവിതം വരെ നീളുന്ന ആ വലയത്തില്‍ നിന്നും കുതറിമാറുവാന്‍ ശ്രമിച്ചവരുണ്ട്.മതം മനുഷ്യനെ കെട്ടിയിടാനും അടിമകളാക്കി നിലനിറുത്താനുമാണ് ഉപകരിക്കുകയെന്നും അതിന്റെ പിടിയില്‍ നിന്നും മുക്തമാകേണ്ടത് മനുഷ്യനായി ജീവിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അവര്‍ ചിന്തിക്കുന്നത്.അത്തരത്തില്‍ ചിന്തിക്കുന്ന ശ്രീ ഇ എ ജബ്ബാര്‍ ജന്മംകൊണ്ടു തനിക്കു ലഭിച്ച മതത്തിന്റേതായ കെട്ടുപാടുകളെ എന്തുകൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഞാന്‍ എന്തുകൊണ്ട് മുസ്ലിം അല്ല എന്ന പുസ്തകത്തിലൂടെ.

വിശ്വാസികള്‍ വാദിക്കുന്നത് തങ്ങളുടെ മതങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ് ഇന്നത്തെക്കാലത്ത് ശാസ്ത്രം കണ്ടെത്തുന്നത് എന്നാണ്.ഇന്ത്യയുടെ വര്‍ത്തമാനകാലത്ത് അങ്ങനെ വാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്.അവരുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ പ്രത്യക്ഷമായി വെളിപ്പെടുത്തുകയാണ് ആധുനിക ശാസ്ത്രം ചെയ്യുന്നതെന്നാണ് വിശ്വാസികളുടെ നിലപാട്.മുസ്ലിം മതത്തിലെ ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരത്തെയാണ് ജബ്ബാര്‍ തന്റെ പുസ്തകത്തിലൂടെ തുറന്നെതിര്‍ക്കുന്നത്.” ഉല്‍പത്തിതൊട്ട് അന്ത്യപ്രളയം വരെയുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ട് എന്ന് മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ അദൃശ്യജ്ഞാനത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.പ്രപഞ്ചത്തിലെ അതിനിസ്സാരമായ ഒരു ചെറുകണിക മാത്രമായി നാമിന്നു തിരിച്ചറിയുന്ന ഭൂമി എന്ന ഗോളത്തിലെ മനുഷ്യനെന്ന ചെറുജീവിക്കുവേണ്ടിയാണ് ഈ മഹാപ്രപഞ്ചമാകെയും നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന മതക്കാരുടെ വാദം എത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് പ്രപഞ്ചത്തിലെ നൂതന കണ്ടുപിടിത്തങ്ങള്‍”

മിക്ക ദൈവങ്ങളുടേയും ഒരു പൊതുസ്വഭാവം ഇതര ദൈവങ്ങളോട് അസഹിഷ്ണുത കാണിക്കുക എന്നതാണ്.മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഓരോ ദൈവങ്ങളും കല്പിച്ചിരിക്കുന്നത്. കൊലപാതകികള്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെല്ലാം ഒരു ഹ്രസ്വകാലത്തെ ശിക്ഷയാണെങ്കില്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക് നിത്യനരകമാണ് അല്ലാഹു വിധിക്കുന്നതെന്ന് ജബ്ബാര്‍ ചൂണ്ടിക്കാണിക്കുന്നു.ഞാന്‍ മാത്രമാണ് വഴി എന്നു പറയുന്ന ഏതൊരു ദൈവത്തിന്റേയും പൊതുവായ നിലപാട് ഇതുതന്നെയാണ്.അന്യദൈവങ്ങളേയും അന്യവിശ്വാസങ്ങളേയും ആട്ടിപ്പായിച്ചുകൊണ്ട് തന്റേതായ സാമ്രാജ്യത്തെ സ്ഥാപിച്ചെടുക്കുക. ലോകത്തെ മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് പോരുന്ന സര്‍വ്വ ശക്തന്‍ എത്ര ബാലിശമായാണ് ചിന്തിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് മുസ്ലിം മതത്തില്‍ വിശ്വസിക്കാതെ താന്‍ പുറത്തുവന്നതെന്നതിന്റെ യുക്തിഭദ്രമായ കാരണങ്ങള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ ഒരു വിശ്വാസിയെ സംബന്ധിച്ച് ജബ്ബാറിന്റെ ശാസ്ത്രീയമായ ചിന്താരീതി നിത്യനരകത്തിലേക്കുള്ള വാതിലായിരിക്കും എന്നതാണ് എടുത്തുപറയേണ്ട കാര്യം.എന്തായാലും ജബ്ബറിനെപ്പോലെയുള്ളവര്‍ എല്ലാ മതത്തിലും കൂടുതല്‍ കൂടുതലായി ഉണ്ടായിവരുന്നത് സമൂഹത്തില്‍ നിന്നും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയുമൊക്കെ ഒരു പരിധിവരെയെങ്കിലും തടുത്തുനിറുത്തുവാന്‍ സഹായിക്കും എന്ന പ്രത്യാശയാണ് ഈ പുസ്തകം പങ്കുവെക്കുന്നത്.

പ്രസാധകര്‍- മൈത്രി ബുക്സ് , വില 45 രൂപ, ഒന്നാം പതിപ്പ് ഫെബ്രുവരി 2007



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം