#ദിനസരികള്‍ 440 - നൂറു ദിവസം നൂറു പുസ്തകം – പതിമൂന്നാം ദിവസം.‌



||യുക്തിവാദവും കമ്യൂണിസ്റ്റുകാരും  ഇ.എം.എസ്||

            യുക്തിവാദവും കമ്യൂണിസ്റ്റുകാരും എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് ഇ എം എസ് ചോദിക്കുന്നു അന്വേഷണത്തിന് വിധേയമാകുന്ന കാര്യങ്ങളില്‍ സത്യാസത്യത്തില്‍ നിന്നുള്ള തെളിവുകള്‍ തുലനം ചെയ്ത് സത്യത്തെ ഉയര്‍ത്തിക്കാട്ടുന്ന രീതിയല്ലേ യുക്തിവാദം ? ഇതെങ്ങനെ മാര്‍ക്സിസത്തിന് വിരുദ്ധമാകും ? കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിക്കും പാര്‍‌ട്ടി പത്രങ്ങള്‍ക്കും യുക്തിവാദത്തോട് എന്താണ് ഇത്ര വല്ലാത്ത അലര്‍ജി? ഇങ്ങനെ പോകുന്നു ചിലരുടെ സംശയങ്ങള്‍ ചില ചോദ്യങ്ങളെക്കൂടി ഇ എം എസ് മുഖവുരയില്‍ എടുത്തെഴുതുന്നുണ്ട്.അവയില്‍ ചിലത് താഴെ കൊടുക്കുന്നു
  1. ഒരാള്‍ക്ക് യുക്തവാദസംഘത്തിലും കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിയിലും ഒരേ സമയം പ്രവര്‍ത്തിക്കാമോ?
  2. ഭൌതികവാദപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ഈ ഭിന്നതക്ക് കാരണമെന്ത് ?
  3. തികഞ്ഞ മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് ( മാര്‍ക്സിസ്റ്റ് ) പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകുമോ? ആകുമെങ്കില്‍ ഒരു കാലത്ത് പാര്‍ട്ടി മതത്തിന്റെ പിടിയിലാകില്ലേ ?
  4. മകരജ്യോതി പോലെയുള്ള അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കാന്‍ ഭരണത്തിലിരിക്കുമ്പോഴും എന്തുകൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കഴിയാത്തത്?
  5. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രൂരമായ അടിച്ചമര്‍ത്തലുകളും ചിന്താസ്വാതന്ത്ര്യമില്ലായ്മയുമല്ലേ നിലനില്ക്കുന്നത് ?
  6. മുതലാളിത്തവും കമ്യൂണിസവും മാനുഷിക മൂല്യങ്ങളെ വിലമതിക്കുന്നില്ലല്ലോ?
  7. കൃസ്ത്യന്‍ സഭകളെ എതിര്‍ക്കുന്നത് അശാസ്ത്രീയമാണെന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നതു തെറ്റല്ലേ ?
  8. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയെത്തന്നെ മാറ്റണമെന്ന് വാദിക്കുന്നവരാണ് യുക്തിവാദികള്‍. അപ്പോള്‍ മുതലാളിത്തവുമായി ബന്ധപ്പെട്ട ഒരാശയമാണ് യുക്തിവാദമെന്നും അക്കാരണത്താല്‍ അത് ബൂര്‍ഷ്വാ യുക്തിവാദമാണെന്നും പറയുന്നത് തെറ്റല്ലേ ?
  9. ജനകീയ ജനാധിപത്യത്തില്‍ യഥാര്‍ത്ഥ തൊഴിലാളികളല്ല ഭരണാധികാരികളാകുന്നത്. മറിച്ച് ഫ്യൂഡല്‍ കുടുംബങ്ങളില്‍ നിന്നു വന്നവരും ഒരിക്കലും തൊഴിലാളികളായിരുന്നിട്ടില്ലാത്തവരുമായ  പാര്‍ട്ടി നേതാക്കന്മാരാണ്.കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് തൊഴിലാളികള്‍ മാത്രമല്ല ഉള്ളത്.എന്തുകൊണ്ട് ?
  10. ജനകീയ ജനാധിപത്യ സമ്പ്രദായത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയൊഴിച്ച് മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല.അഭിപ്രായ സ്വാതന്ത്ര്യങ്ങളോ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളോ അവിടെയില്ല.ഭീകരമായ ഒരു തരം അടിമത്തമാണ് പാര്‍ട്ടി സര്‍വ്വാധിപത്യം.ഒരു സ്വതന്ത്ര ചിന്തകന് ഇത്തരം ഒരു വ്യവസ്ഥയില്‍ ജീവിക്കാന്‍ തന്നെ പ്രയാസമായിരിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
  11. ഇന്ത്യയെപ്പോലെയുള്ള കാര്‍ഷിക രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വധിപത്യം അസാധ്യമാണ്.മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് തൊഴിലാളികളെന്നിരിക്കേ വിപ്ലവം എങ്ങനെ സാധ്യമാകും ?
ഇടമറുകിന്റെ യുക്തിവാദം എന്ത് ? എന്തിന് ? എങ്ങനെ എന്ന പുസ്തകത്തില്‍ നിന്നും പവനന്‍ മുതലായവര്‍ എഡിറ്റു ചെയ്തിട്ടുള്ള യുക്തിദര്‍ശനത്തില്‍ നിന്നും ഇ എം എസു തന്നെ സുദീര്‍ഘമായി ഉദ്ധരിച്ച യുക്തിവാദികളുടെ നിലപാടുകളുടെ ആകെത്തുകയെയാണ് ഞാന്‍ ഈ പതിനൊന്നു ചോദ്യങ്ങളിലേക്ക് കുറുക്കിയെടുത്തത്.ബൂര്‍ഷ്വാ യുക്തിവാദികള്‍ മാര്‍ക്സിസത്തിനെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളുടേയും ആരോപണങ്ങളുടേയും ഒരു പൊതുവായ ചിത്രം ഈ ചോദ്യങ്ങള്‍ നല്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ അസംബന്ധങ്ങളായിരിക്കുന്നതെന്നും മാര്‍ക്സിസത്തെക്കുറിച്ച് യുക്തിവാദികള്‍ക്കുള്ള തെറ്റായ ധാരകളെന്തൊക്കെയാണെന്നും ഇ എം എസ് ചര്‍ച്ച ചെയ്യുന്നു.
            സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍‌ക്കും അനാചാരങ്ങള്‍ക്കുമെതിരായി യുക്തിവാദികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കമ്യൂണിസ്റ്റുകാരോ മാര്‍ക്സിസ്റ്റുകളോ വിലകുറച്ചുകാണുന്നില്ല. എന്നാല്‍ സാമ്പത്തിക വ്യവസ്ഥയാണ് മനുഷ്യസമൂഹത്തെ നിയന്ത്രിക്കുന്നത് എന്ന നിലപാട് യുക്തിവാദികള്‍ക്ക് സ്വീകാര്യമല്ല എന്നതുകൊണ്ടുതന്നെ സമൂഹത്തില്‍ നിലനില്ക്കുന്ന തെറ്റായ പ്രവണതകളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രീയമായ വിലയിരുത്തലുകള്‍ക്ക് സഹായിക്കുന്ന ഒരുപകരണം അവരുടെ പക്കലില്ല എന്നുവരുന്നു.ഒരു വസ്തുതക്കും നിരക്കാത്ത സാമ്രാജ്യത്വ ശക്തികളുടെ കുപ്രചാരണത്തെ അതേപടി ആവര്‍ത്തിക്കുകയാണ് ഒരു വശത്ത് അവര്‍ ചെയ്യുന്നത്.മറുവശത്താകട്ടെ അനുഭവങ്ങള്‍ ശരിയെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുള്ള എല്ലാ മാര്‍ക്സിയന്‍ തത്വങ്ങളേയും അവര്‍ നിരാകരിക്കുന്നു.അതില്‍ അത്ഭുതമില്ല.കാരണം അനുഭവങ്ങളെ അറിവിനുള്ള മാര്‍ഗ്ഗമായി അവര്‍ അംഗീകരിക്കുന്നേയില്ലല്ലോ.ഭൌതികവാദികളെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും നിരീശ്വരത്വം ഉദ്ഘോഷിക്കുന്ന ആശയവാദികളാണ് അവര്‍.അവരുടെ ദൃഷ്ടിയില്‍ വസ്തുനിഷ്ഠ സാഹചര്യമല്ല, ആത്മനിഷ്ഠ ആശയങ്ങളാണ് സമൂഹത്തെ നിയന്ത്രിക്കുന്നത്.ഉത്പാദനോപാധികള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിന് വിശ്വസിക്കുന്നില്ല.തൊഴിലാളി വര്‍ഗ്ഗത്തിലോ വര്‍ഗ്ഗ സമരത്തിലോ വിശ്വാസമില്ല.സ്വാഭാവികമായും ഒരു ബലപ്രയോഗവും കൂടാതെ ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു
            പ്രപഞ്ചത്തിന്റെ ഉത്പത്തി, മതമുണ്ടാകാനും അപ്രത്യക്ഷമാകാനുമുള്ള സാഹചര്യങ്ങള്‍ ,വര്‍ഗ്ഗസമരം ,യുക്തിവാദത്തിന്റെ ആശയപരമായ അടിത്തറ മതങ്ങളോടുള്ള സമീപനങ്ങളിലെ വ്യത്യാസം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രയാണത്തെ സഹായിക്കുന്ന തരത്തില്‍ മതത്തിലെ സാധ്യതകളുടെ വിനിയോഗം, മതവിശ്വാസവും പാര്‍ട്ടി മെമ്പര്‍ഷിപ്പും തുടങ്ങി യുക്തിവാദികളുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ട ഓരോ ആരോപണങ്ങളേയും പരിശോധിച്ചുകൊണ്ട് കമ്യൂണിസത്തിന്റേയും മാര്‍ക്സിസത്തിന്റേയും രീതികളെ അദ്ദേഹം അവതരിപ്പിക്കുന്നു. യുക്തിവാദികളുടെ യാന്ത്രികവും സത്യത്തെ നിഷേധിക്കുന്നതുമായ നിലപാടുകളെ യുക്തിവാദവും കമ്യൂണിസ്റ്റുകാരും, പരിശോധിക്കുന്നു.ശാസ്ത്രീയമായി സമൂഹത്തെ അപഗ്രഥിക്കുവാനും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇടപെട്ടുകൊണ്ടു മാറ്റങ്ങളുണ്ടാക്കിത്തീര്‍ക്കുവാനും കഴിയുന്ന ദര്‍ശനത്തിന്റെ പ്രാമാണികതയെ അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ഇ എം എസ് തന്റെ വാദഗതികള്‍ അവസാനിപ്പിക്കുന്നത്.








             
പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ്  , വില 45 രൂപ, രണ്ടാം പതിപ്പ് ആഗസ്റ്റ് 2007


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം