#ദിനസരികള്‍ 442 - നൂറു ദിവസം നൂറു പുസ്തകം – പതിനഞ്ചാം ദിവസം.‌




||പൊയ്കയില്‍ അപ്പച്ചന്‍ –  കെ എം ലെനിന്‍||

          ശ്രീനാരായണനെ കേന്ദ്രബിന്ദുവാക്കിയാണ് കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളുടെ ചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. നവോത്ഥാനം അദ്ദേഹത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നു പോലും ചിലര്‍ അവകാശപ്പെടുന്നുമുണ്ട്. നാരായണഗുരു നവോത്ഥാന ചരിത്രത്തിന്റെ നായകസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നതോടെ പ്രഭ മങ്ങിപ്പോയ ചിലരുണ്ട്. ശ്രീനാരായണഗുരുവിനും മുമ്പും കണ്ണാടി പ്രതിഷ്ഠ നടത്തിയ വൈകുണ്ഠസ്വാമികള്‍ , ഈശ്വരനേയും ആര്‍ഷഭാരതത്തിന്റെ സാമ്പ്രദായികമായ സന്യാസരീതികളേയും തള്ളിക്കളഞ്ഞ ബ്രഹ്മാനന്ദ ശിവയോഗി, സഹോദരന്‍ അയ്യപ്പനും മുമ്പേ മിശ്രഭോജനത്തിന്റെ കാഹളം മുഴക്കിയ തൈക്കാട്ട് അയ്യാവ് എന്നിങ്ങനെ നവോത്ഥാനത്തിന്റെ തിരപ്പുറപ്പാടിന് കേളികൊട്ടിയ ചിലരെയെങ്കിലും നമ്മുടെ ചരിത്രം വേണ്ടത്ര ഗൌനിക്കാതെ പോയിട്ടുണ്ട്.സാമൂഹ്യമുന്നേറ്റങ്ങളുടെ സമരഭൂമികയില്‍ ശ്രീനാരായണനൊപ്പംതന്നെ കണ്ടെടുക്കപ്പെടേണ്ട പ്രാധാന്യമുള്ളവര്‍ തന്നെയാണ് ഇവരില്‍ പലരും.എന്നാല്‍ ശ്രീനാരായണന് മുമ്പും പിമ്പും നാം ബോധപൂര്‍വ്വമോ അല്ലാതെയോ അരികുകളിലേക്ക് നീക്കി നിര്‍ത്തിയവര്‍ ഒരു കാലത്തിനു ശേഷം മറ നീക്കി പുറത്തു വരുമ്പോള്‍ മുന്നേറ്റങ്ങളുടെ ചരിത്രത്തിന് അത്ഭുതകരമായ അവരുടെ അത്ഭുത ചരിതങ്ങള്‍ നമ്മെ വിസ്മയപ്പെടുത്താതിരിക്കില്ല. അങ്ങനെ ഒരു നീണ്ട കാലത്തിന്റെ ഇരുള്‍ വാസത്തിനു ശേഷം നമ്മുടെ പൂമുഖത്തേക്ക് കയറി വന്ന അത്തരത്തിലുള്ള ഒരത്ഭുത ചരിതനാണ് പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്‍.ആ മഹാനുഭാവന്റെ ജീവിതമാണ് പൊയ്കയില്‍ അപ്പച്ചന്‍ - കീഴാളരുടെ വിമോചകന്‍ എന്ന പുസ്തകത്തില്‍ കെ എം ലെനിന്‍ പറയുന്നത്.

            പി ഗോവിന്ദപ്പിള്ള നാലുഭാഗങ്ങളിലായ രചിച്ച കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഇദ്ദേഹത്തെ പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി എന്നാണ് വിശേഷിപ്പിച്ചത് (കേരള നവോത്ഥാനം – ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം വോള്യം 1 പേജ് 204) പറയ സമുദായത്തില്‍ 1878 ഫെബ്രുവരി 17 ആം തീയതിയാണ് കുമാരന്‍ ജനിച്ചത്.” ജാതിയുടെ കടുത്ത അവസ്ഥയായ അടിമത്തം പുലയര്‍ പറയര്‍ കുറവര്‍ മുതലായ സമുദായങ്ങളില്‍ പെട്ടവരെ ഇരുകാലിമാടുകളെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കിയിരുന്നു ; പത്തൊമ്പതാം ദശകത്തിന്റെ അന്ത്യകാലങ്ങളില്‍‌പ്പോലും.അന്ന് വാസ്തവത്തില്‍ തിരുവിതാംകൂറില്‍ അടിമക്കച്ചവടവും അടിമത്തവും നിരോധിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും അടിമകള്‍ അടിമകളായിത്തന്നെ ജീവിച്ചു” ഈ സാമൂഹ്യന്തരീക്ഷത്തിലാണ് താന്‍ ജനിച്ച വര്‍ഗ്ഗത്തിന്റെ വിമോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കുമാരന്‍ വ്യാപരിച്ചത്. ”കൌമാരം കഴിയുന്നതിനുമുമ്പുതന്നെ അക്കാലത്തെ ക്രിസ്തീയ മതപരിവര്‍ത്തന ശ്രമങ്ങളുടെ ഭാഗമായി മാര്‍‌ത്തോമാ സഭയില്‍‌ ചേര്‍ന്ന കുമാരന്റെ പേര് യോഹന്നാന്‍ എന്നായിത്തീര്‍ന്നു.ഔപചാരിക വിദ്യാഭ്യാസമൊന്നും കാര്യമായി ലഭിച്ചിരുന്നില്ലെങ്കിലും ബുദ്ധിമാനും ഊര്‍ജ്ജ്വസ്വലനുമായ പയ്യന്‍ കളികളിലെന്ന പോലെ പള്ളിക്കാര്യങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ചു – (കേരള നവോത്ഥാനം പി ജി )

          മതം മാറിയെങ്കിലും ജാതി നീങ്ങിയിരുന്നില്ല എന്ന സത്യം ഏറെ വൈകാതെ യോഹന്നാനു മനസ്സിലായി.പറയ കുറവ പുലയ ജാതികളില്‍ നിന്നും മതം മാറി ക്രിസ്ത്യാനികളായി എങ്കിലും തങ്ങള്‍‌ക്കൊപ്പം അവരെ പരിഗണിക്കാന്‍ സവര്‍ണക്രിസ്ത്യാനികള്‍ തയ്യാറാകുന്നില്ല എന്ന വസ്തുത കുമാരനില്‍ കടുത്ത അങ്കലാപ്പുണ്ടാക്കി.സവര്‍ണരായ ക്രിസ്ത്യാനികള്‍‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ യോഹന്നാനു അനുമതിയുണ്ടായിരുന്നില്ല. താഴെ നിലത്തായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടം. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന സിദ്ധാന്തമൊക്കെ പ്രസംഗങ്ങളില്‍ മാത്രമായി ഒതുങ്ങി. എന്നു മാത്രവുമല്ല, തങ്ങളുടെ വംശം പണ്ട് വലിയ ബ്രാഹ്മരായിന്നുവെന്ന് അവരില്‍ പലരും അഹങ്കരിക്കുകയും ചെയ്തു. അങ്ങനെയുള്ള തങ്ങള്‍‌ കേവലം പറയന്റേയും പുലയന്റേയുമൊപ്പമിരുന്നു ഭക്ഷണം കഴിക്കുക എന്നത് അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.”ക്രിസ്തുമതത്തിലേക്കും ജാതി എത്തിയിരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ചുട്ടുപൊള്ളുന്ന മനസ്സുമായി ഉറക്കം നഷ്ടപ്പെട്ട അനേകം രാത്രികള്‍ അദ്ദേഹം തള്ളി നീക്കിയെന്ന് “ ലെനിന്‍ എഴുതുന്നു.ഹിന്ദുമതത്തില്‍ നേരിടേണ്ടിവന്ന അതേ ജാതീയമായ അവഗണനയും അവഹേളനവും ഇവിടേയും സഹിച്ചു തുടരുക എന്നത് കുമാരന് അസാധ്യമായിരുന്നു. മറ്റൊരു സംഭവം കൂടി നോക്കുക - “ ഇതിനിടയിലാണ് ക്രൈസ്തവശ്മശാനത്തില്‍ സംസ്കരിക്കപ്പെട്ട അടിമ ജാതിയില്‍ പെട്ട ക്രിസ്ത്യാനിയുടെ ശവം മാന്തിയെടുത്ത് പുറമ്പോക്കിലേക്ക് മാറ്റി മറവുചെയ്യേണ്ട സംഭവമുണ്ടായത്.വളരെ സ്ഫോടനാത്മകമായ ഈ സംഭവം യോഹന്നാനില്‍ കൊളുത്തിവിട്ട അഗ്നി ഒരു തരത്തിലും കെട്ടടങ്ങിയില്ല. ക്രൈസ്തവമൂല്യങ്ങളുടെ പൂര്‍ണനിരാസമായ ആ സംഭവം അദ്ദേഹത്തെ സഭയുമായി സഹകരിച്ചു പോകാനാകാത്ത നിലയിലെത്തിച്ചു. “ പേജ് 35

        പിന്നീട് അദ്ദേഹം ബ്രദര്‍ മിഷനിലാണ് തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്.എന്നാല്‍ മാര്‍‌ത്തോമ സഭയില്‍ വെച്ചുണ്ടായ അനുഭവങ്ങളുടെ ഒരു തനിയാവര്‍ത്തനമായിരുന്നു ഇവിടേയും സംഭവിച്ചത്. ഇത് യോഹന്നാനില്‍ കടുത്ത നിരാശയുണ്ടാക്കി.” സുവിശേഷ യോഗങ്ങളിലെ യോഹന്നാന്റെ ഉജ്ജ്വലമായ പ്രസംഗങ്ങള്‍ കേട്ട് കൈയ്യടിച്ചിരുന്ന സഭാപ്രവര്‍ത്തകര്‍ അതിനുശേഷമുണ്ടാകാറുള്ള സദ്യയില്‍ യോഹന്നാനെ ഒഴിവാക്കാന്‍ കഴിവതും ശ്രമിച്ചിരുന്നു.വല്ലപാടും ഉള്‍‌പ്പെടുത്തേണ്ടിവന്നാല്‍‌ത്തന്നെ മാര്‍ത്തോമാ സഭക്കാര്‍ ചെയ്തിരുന്ന പോലെത്തന്നെ നിലത്തിരുത്തിയായിരിക്കും യോഹന്നാനു ഭക്ഷണം വിളമ്പുക” എന്തില്‍ നിന്ന് രക്ഷപ്പെടാനാണോ തങ്ങള്‍ ഈ വിശ്വാസത്തെ സ്വീകരിച്ചത് , അതേ അസംബന്ധങ്ങള്‍തന്നെ ഇപ്പോഴും വിടാതെ പിന്തുടരുന്നതില്‍ അദ്ദേഹം തികച്ചും ദുഖിതനായി.

          പിന്നീട് ഒരു പരിധിവരെ സ്വതന്ത്രമായാണ് അദ്ദേഹം തന്റെ പ്രവര്‍ത്തികള്‍ സംഘടിപ്പിച്ചത്. അവര്‍ണരുടെ മോചനത്തിനുള്ള ഒരു മുന്നേറ്റമായി അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിണമിച്ചു.ക്രിസ്ത്യാനികള്‍‌ക്കെതിരെയുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. സവര്‍ണരായ ക്രിസ്ത്യാനികള്‍ അടങ്ങിയിരുന്നില്ല. അവര്‍‌ അദ്ദേഹത്തെ പല തവണ ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹം പ്ര‍സംഗിക്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും ഏറ്റുമുട്ടലുകളുണ്ടായി.സവര്‍ണരോടുള്ള പ്രതിഷേധത്തിന്റെ പരമാവധിയായി ബൈബിള്‍ കത്തിക്കുവാന്‍ പോലും അദ്ദേഹം മുതിര്‍ന്നു. വാകത്താനത്തുവെച്ചാണ് അദ്ദേഹവും കൂട്ടരും ഇത്തരമൊരു പ്രതിഷേധം നടത്തിയത്.

          ഒരു സ്വതന്ത്ര സ്ഥാപനം എന്ന നിലയില്‍ അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭ പിന്നീട് അവര്‍ണവര്‍ഗ്ഗത്തിലുള്ളവരുടെ അഭയസ്ഥാനമായി മാറി.ജാതി മതാദികളുടെ ഉച്ചനീചത്വങ്ങളൊന്നുമില്ലാതെ ജീവിച്ചു പോകുക എന്ന ഉദ്ദേശമായിരുന്നു ഇത്തരമൊരു സഭ സ്ഥാപിക്കുന്നതിലേക്ക് കുമാരഗുരുവിനെ നയിച്ചത്.ഇരവിപേരൂരില്‍ ഈ സഭ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു.അധസ്ഥിത വര്‍ഗ്ഗത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതായിട്ടുണ്ട്.പി ജി പറയുന്നതുപോലെ നാരായണ ഗുരുവിനും ചട്ടമ്പി സ്വാമികള്‍ക്കും അയ്യങ്കാളിക്കുമൊപ്പം പൂജിക്കപ്പെടേണ്ട ഒരു മഹത് വ്യക്തിത്വമാണ് കുമാര ഗുരുവുമെന്ന് ഇനിയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.







           



പ്രസാധകര്‍- നാഷണല്‍ ബുക്സ്റ്റാള്‍  , വില 90 രൂപ, ഒന്നാം പതിപ്പ് ആഗസ്റ്റ് 2016


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1