#ദിനസരികള്‍ 441 - നൂറു ദിവസം നൂറു പുസ്തകം – പതിന്നാലാം ദിവസം.
||ഒളിവിലെ
ഓര്‍മകള്‍ – തോപ്പില്‍ ഭാസി||
ഒരു
രസം കേട്ടുകൊള്ളുക. ഒരു ദിവസം ഞങ്ങളുടെ പാര്‍ട്ടി കമ്മറ്റി
കൂടിക്കൊണ്ടിരിക്കുകയാണ്.പുതുപ്പള്ളിയും ഞാനും കൂടി ഒരു വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.തന്റെ
അഭിപ്രായം സ്ഥാപിക്കാന്‍ വേണ്ടി പുതുപ്പള്ളി എന്നോടൊരു ചോദ്യം
“അതിസുന്ദരിയായ
ഒരു യുവതി ഒരേകാന്തത്തില്‍ തന്റെ അടുത്തു വരുന്നുവെന്ന് കരുതുക. പരിസരം മുഴുവന്‍
തനിക്ക് അനുകൂലം.തനിക്കെന്തു തോന്നും?”
എനിക്കെന്തു
തോന്നുമെന്ന് പച്ചയായി ഞാനങ്ങു പറഞ്ഞുകൊടുത്തു.!
പുതുപ്പള്ളിയങ്ങു
ക്ഷോഭിച്ചല്ലോ. ഞാനെന്താഭാസനാണെന്നായി പുതുപ്പള്ളി. ഞാനൊരു കമ്യൂണിസ്റ്റേയല്ല
എന്നദ്ദേഹം പറഞ്ഞു.ഒരു മണിക്കൂര്‍ അതേപ്പിടിച്ചു ഞങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചു.അവളെ
സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് ഞാന്‍
ചിന്തിക്കണമെന്നാണ് ഇഷ്ടന്റെ വാദം.അതിന് ഏകാന്തതയും സുന്ദരിയും എന്തിനെന്നാണ്
എനിക്കു മനസ്സിലാകാത്തത്!
മാനുഷികവികാരങ്ങളുടെ നേര്‍ക്കുള്ള എത്ര
യാന്ത്രികമായ കൈയ്യേറ്റമാണ് അതെന്നു നോക്കുക. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍
എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് ഞാനിവിടെ പകര്‍ത്തിയത്. മനഷ്യന്റെ ചിന്തകളേയും
ചോദനകളേയും യാന്ത്രികമാക്കിത്തീര്‍ക്കുന്നതിലെ ശരികേട്
സൂചിപ്പിക്കുവാനാണ് അദ്ദേഹം ഈ സന്ദര്‍ഭത്തെ ആവിഷ്കരിച്ചത്. പക്ഷേ ഒരു
കമ്യൂണിസ്ററുകാരന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യബോധത്തെ
അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ പുതുപ്പള്ളി തന്നെയാണ് ശരിയെന്ന് തുടര്‍ന്നുവരുന്ന
അനുഭവ കഥയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
തോപ്പില്‍ ഭാസി. നിങ്ങളെന്നെ
കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ മലയാളികളുടെ മനസ്സില്‍ എക്കാലത്തേക്കും ഇടം
നേടിയ എഴുത്തുകാരന്‍. മൂലധനം, പാട്ടബാക്കി, പുതിയ ആകാശം പുതിയ ഭൂമി, സര്‍വ്വേക്കല്ല്,
മുടിയനായ പുത്രന്‍ തുടങ്ങി നമ്മുടെ ഭാവുകത്വങ്ങളെ പുതുക്കിപ്പണിത നിരവധി നാടകങ്ങള്‍
അദ്ദേഹത്തിന്റേതായിട്ടുണ്ട്.ഒളിവിലെ ഓര്‍മകള്‍ , ഒളിവിലെ ഓര്‍മകള്‍ക്കു ശേഷം
എന്നിങ്ങനെ രണ്ടുഭാഗങ്ങളിലായി അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടു.കേരളത്തിലെ
ഒന്നാം നിയമനിര്‍മാണ സഭയില്‍ സമാജികനായിരുന്ന അദ്ദേഹം 1992 ഡിസംബര്‍ എട്ടിന് തന്റെ
അറുപത്തിയെട്ടാമത്തെ വയസ്സിലാണ് നിര്യാതനാകുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി
രാഷ്ട്രീയ ജീവിതം ആരംഭിച്ച ഭാസി, അക്കാലങ്ങളിലെ രാഷ്ട്രീയ നിലപാടുകളോട്
കലഹിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. ( കോണ്‍ഗ്രസുമായി
ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളെന്തെല്ലാമായിരുന്നുവെന്ന് ഒളിവിലെ ഓര്‍മകളില്‍ ഒമ്പത്, പത്തു പേജുകളിലായി
അദ്ദേഹം വിവരിക്കുന്നുണ്ട് ) ശൂരനാട് കലാപത്തെത്തുടര്‍ന്ന്1948 മുതലുള്ള നാലുവര്‍ഷത്തെ
ഒളിവു ജീവിതത്തിന്റെ കഥയാണ് ഈ പുസ്തകത്തിലൂടെ ഭാസി പറയുന്നത്.
തന്റെ അനുഭവങ്ങളെ ചിന്തകളെ തുറന്നു പറയുക എന്നൊരു നയമാണ് ഭാസി ഈ
പുസ്തകത്തിലൂടനീളം സ്വീകരിച്ചിരിക്കുന്നത്. ഹേയ് തമ്പുരാന്‍ പൊലമാടത്തില്‍
നിന്നും ഉണ്ണുകേണ്ടാവില്ല ട്ടോ എന്ന
പുതുപ്പള്ളിയുടെ കളിയാക്കലിനെ വെല്ലുവിളിച്ചുകൊണ്ട് വിശപ്പില്ലാതിരുന്നിട്ടും ചോറു
കഴിച്ച ഒരനുഭവ ഭാസി പങ്കുവെക്കുന്നുണ്ട്.”ഒരുരുള
ഉരുട്ടി ഞാനുണ്ടു.സത്യം പറയട്ടെ എനിക്ക് ആ മത്സ്യത്തിന്റെ സ്വാദ്
പിടിച്ചില്ല.എന്നാലും മുഖത്തൊരു ഭാവഭേദവും കാണിക്കാതെ ഇലയിലിട്ട ചോറുമുഴുവന്‍
ഞാനകത്താക്കി.എനിക്കു വിശപ്പില്ലായിരുന്നുവെന്നുള്ളതാണ് നേര്.ഒട്ടും
പരിചയമില്ലാത്ത ആഹാരമാണ് താന്‍ കഴിച്ചത്.മത്സ്യത്തിന്റെ ചുവ വല്ലാത്ത
അസുഖമുണ്ടാക്കി.എന്റെ വായില്‍ക്കൂടി കിരുകിരാ വെള്ളമൂറി.എനിക്കു ഛര്‍ദ്ദിക്കണം.ആ
പ്രേരണ തോന്നിയപ്പോള്‍ ഞാന്‍ കൂടെക്കൂടെ വിയര്‍ത്തുപോയി.നിങ്ങളൊന്നോര്‍ക്കൂ. ആ കര്‍ഷകത്തൊഴിലാളികള്‍
എല്ലു മുറിയെ പണിചെയ്തുണ്ടാക്കിയ ചോറ് ആവശ്യമില്ലാതെ ഞാന്‍ വാരിത്തിന്നു.എന്നിട്ട്
അവരുടെ മുന്നില്‍ ഛര്‍ദ്ദിക്കുക.അതു സംഭവിച്ചിരുന്നുവെങ്കില്‍ കൈ കഴുകാനിറങ്ങിയ
എന്നെ അഞ്ജനമിട്ടു നോക്കിയാലും കാണുകയില്ലായിരുന്നു.അവിടം
കൊണ്ടവസാനിക്കുമായിരുന്നു എന്റെ കമ്യൂണിസം.എന്റെ അഹന്തയും അല്പത്വവും കൊണ്ടാണ്
അന്നു ഞാന്‍ ആ ചോറുണ്ടത്.അതുകൊണ്ടു കൂടിയാണ് എനിക്ക് ഛര്‍ദ്ദിലു വന്നതും.” കമ്യൂണിസം
അഭിനയിക്കാനുള്ളതല്ലെന്ന് തോപ്പില്‍ ഭാസി മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്.
ഒരു കമ്യൂണിസ്റ്റുകാരന്റെ യാതനാഭരിതമായ
ജീവിതം ഇതിലും ഹൃദയാവര്‍ജ്ജകമായ രീതിയില്‍ മറ്റൊരാള്‍ക്കും വരച്ചു കാണിക്കുവാന്‍
കഴിയില്ല. സ്വന്തം വീട്ടിലെ സാധന സാമഗ്രികള്‍ ജപ്തിചെയ്തും അച്ഛനെ ജയിലടച്ചും
അമ്മയെ തോക്കുചൂണ്ടി പേടിപ്പിച്ച് വീടിനു ചുറ്റുമിട്ടോടിച്ചുമൊക്കെ പോലീസ്
ഭീകരതാണ്ഡവമാടിയ കഥ നാം വായിക്കുമ്പോള്‍ കണ്ണുനനയാതെ വയ്യ.തന്റെ അച്ഛനേയും
അമ്മയേയും ഇങ്ങനെ ക്രൂരമായി ശിക്ഷിച്ചതിന്റെ ന്യായീകരണമെന്ത് എന്ന് ജഡ്ജിയോട് ഭാസി
ചോദിക്കുന്നത് വായനക്കാരുടെ മനസ്സില്‍ തങ്ങി നില്ക്കും.ഹൃദയാലുമായ ആ
മജിസ്ത്രേട്ടിന്റെ കണ്ണുനീരായിരുന്നു ആ ചോദ്യത്തിന്റെ ഉത്തരമെന്നാണ് അദ്ദേഹം എഴുതിയത്.
അക്കാലത്തെ എത്രയെത്ര അനുഭവങ്ങളാണ്
അദ്ദേഹം വരച്ചു കാണിക്കുന്നത്! പിന്തുടര്‍ന്നെത്തിയ
പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയത് ഒരു
നൂലൂബന്ധവുമില്ലാതെയാണെന്ന് തിരിച്ചറിഞ്ഞതും തന്റെ പ്രസ്ഥാനമായി ബന്ധമില്ലാത്തെ
സുഹൃത്തിന്റെ വീട്ടില്‍ സൌഹൃദത്തിന്റെ മാത്രം ബലത്തില്‍ അഭയമന്വേഷിച്ചു ചെന്നതും
അദ്ദേഹം സംരക്ഷിച്ചതുമൊക്കെ അനുഭവിപ്പിക്കുന്ന രീതിയിലുള്ള കഥനവൈഭവം ഈ ഓര്‍മകളെ
വളരെയേറെ പാരായണക്ഷമമാക്കുന്നുണ്ട്.
ഇപ്പോള്‍
പലരും കമ്യൂണിസ്റ്റു പാര്‍ട്ടിയും അതിന്റെ നേതാക്കളും ഇവിടെ എന്തുചെയ്തു എന്ന്
ചോദിക്കാറുണ്ട്. അവരുടെ ഒളിവുകാല ജീവിതങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള
പ്രസ്ഥാവനകള്‍ നടത്താറുണ്ട്.ഇന്നു നാം കാണുന്ന കേരളത്തെ സൃഷ്ടിക്കുവാന്‍ തങ്ങളുടെ
ജീവിതമുഴിഞ്ഞു വെച്ചവര്‍ അനുഭവിച്ച യാതനകളും ത്യാഗങ്ങളും അറിയണമെങ്കില്‍ ഇത്തരം
പുസ്തകങ്ങളിലൂടെ കടന്നു പോകുകതന്നെ വേണം.
പ്രസാധകര്‍- പ്രഭാത് ബുക്ക് ഹൌസ് , വില 220 രൂപ, പതിനൊന്നാം പതിപ്പ് സെപ്തംബര്‍ 2012
Comments