#ദിനസരികള് 439 - നൂറു ദിവസം നൂറു പുസ്തകം – പന്ത്രണ്ടാം ദിവസം.‌



||ആത്മകഥ –  ഗുരു നിത്യചൈതന്യ യതി||

           
നിത്യ ചൈതന്യയതിയുടെ ആത്മകഥ വായിച്ചു കഴിഞ്ഞാല്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളെക്കുറിച്ചും കൂടുതല്‍ ശ്രദ്ധാലുവാകാതിരിക്കാന്‍ നമുക്കു കഴിയില്ല.ജീവിതത്തോടുള്ള വിപ്രതിപത്തികൊണ്ട് കെട്ടിയുയര്‍ത്തിയിരിക്കുന്ന ഒരു കോട്ടയുടെ സ്വഭാവമാണ് സന്യാസത്തിനുണ്ടായിരിക്കേണ്ടത് എന്ന ധാരണ യതിക്കില്ല. അതുകൊണ്ടുതന്നെ ലോകത്തെയാകമാനം ആശ്ലേഷിക്കുന്ന, പുല്ലും പൂവും പുഴും പൂമ്പാറ്റയുമൊക്കെ ഒരേ ആത്മീയ തേജസ്സിന്റെ വിവര്‍ത്തങ്ങളാണെന്ന് ചിന്തിക്കുന്ന , ആരും ആരേക്കാള്‍ കേമനല്ലെന്നു കരുതുന്ന ഒരു ചിന്താരീതിയാണ് അദ്ദേഹം തന്റെ ജീവിതത്തില്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളതെന്ന് യതിയുടെ ചരിതം നമുക്കു പറഞ്ഞുതരും. ഇവിടെ ആരേയും മാറ്റിനിറുത്തുന്നില്ല. ഇഷ്ടക്കാരും അനിഷ്ടക്കാരുമില്ല. ബുദ്ധന്‍ പറയുന്നപോലെ സമ്യക്കായ ഒരു വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ലോകത്തോട് തന്റെ ജീവിതംകൊണ്ട് സംവദിക്കുക എന്ന ദൌത്യമാണ് യതി നിര്‍വ്വഹിക്കുന്നത്.ഒരു മരം വെട്ടുകാരന്‍ മരത്തിന്റെ തടിയേയും അതു മുറിച്ചു വിറ്റാല്‍ തനിക്കു കിട്ടാന്‍ പോകുന്ന ലാഭത്തേയും മാത്രം കാണുന്നു.ഒരു കവിയാകട്ടെ, ആ മരത്തില്‍ ആവസിക്കുന്ന പക്ഷിപറവജാതികളേയും മറ്റു ചെറു ജീവികളേയും മരത്തിനെ ഉപജീവിച്ചു നില്ക്കുന്ന വള്ളിത്തലപ്പിനേയും അതില്‍ വിരിഞ്ഞു വിലസുന്ന പൂക്കളേയും മരക്കൊമ്പിലെ കൂട്ടില്‍ പിറവി കാത്തിരിക്കുന്ന മുട്ടകളേയും കാണുന്നു.ലോകത്തേയും നമുക്ക് ഇതേ രീതിയില്‍ത്തന്നെ നോക്കിക്കാണാം. തന്റേതായ ഇടങ്ങളിലേക്ക് ചുരുങ്ങി നിന്നുകൊണ്ട് തനിക്കുണ്ടാകുന്ന ലാഭനഷ്ടങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ടു ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം. എന്നാല്‍ അപരന്റെ സുഖവും തൃപ്തിയുമാണ് തന്റെ ജീവിതത്തെക്കൂടി സാര്‍ത്ഥകമാക്കുന്നതെന്ന്
ചിന്തിക്കുന്നിടത്താണ് യതിയുടെ ആത്മകഥ വേറിട്ട വായനാനുഭവമാകുന്നത്. കാലത്തിന്റെ ഒരു ഹ്രസ്വഖണ്ഡത്തിലൂടെ ജനനം മുതല്‍ മരണം വരെ നീളുന്ന ജീവിതമെന്ന യാത്രയില്‍ ആ യാത്രയില്‍ നമുക്ക് മരം വെട്ടുകാരനുമാകാം കവിയുമാകാം. ഏതുവേണം എന്നു നിശ്ചയിക്കുന്നിടത്താണ് മനുഷ്യന്‍ ആ പദത്തിന്റെ അര്‍ത്ഥങ്ങളെ പൂര്‍ണമായും കണ്ടെത്തുക.
            1924 നവംബര്‍ രണ്ടാം തീയതി രാഘവപ്പണിക്കരുടേയും വാമാക്ഷിയമ്മയുടേ മകനായാണ് ജയചന്ദ്ര പണിക്കര്‍ ജനിച്ചത്.തന്റെ ജനനത്തെക്കുറിച്ച് രസകരമായി അദ്ദേഹം എഴുതുന്നുപണിക്കരില്‍ പ്രവേശിച്ച ഞാനെന്ന ബീജം അദ്ദേഹത്തിന്റെ ക്രോമസോമുകളില്‍ നിന്ന് രാസ്വാദനം, കാവ്യകല, പ്രസംഗചാതുരി, സത്യദീക്ഷ, ശിക്ഷണവൈദഗ്ദ്യം എന്നിങ്ങനെ ഇരുപത്തിമൂന്ന് കോപ്പുകള്‍ തിരഞ്ഞെടുത്തു.വാമാക്ഷിയമ്മയില്‍ ഒരണ്ഡമായി തീര്‍ന്ന ഞാന്‍ അമ്മയില്‍ നിന്നും സ്ഥിരോത്സാഹം , ആസ്തിക്യബുദ്ധി എന്നിങ്ങനെ വേറെ ഇരുപത്തിമൂന്നു കോപ്പുകളും കണ്ടെത്തി.ഇതെല്ലാം ചേര്‍ന്നിണങ്ങിയപ്പോള്‍ ഞാന്‍ താമസം പൂര്‍ണമായും അച്ഛനില്‍ നിന്നും അമ്മയിലേക്ക് മാറ്റി അങ്ങനെ ജനിച്ച കുട്ടി ലോകമറിയുന്ന ചിന്തകനായി മാറിയതിനു പിന്നിലെ  ജീവിതത്തെക്കുറിച്ച് ഈ പുസ്തകം നമ്മോടു സംസാരിക്കുന്നു.
            ഗാന്ധിജിയെ നേരിട്ടു കണ്ടു സംസാരിക്കാന്‍ സാധിച്ച ഒരു സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ബാപ്പുജി , അങ്ങയുടെ രാമരാജ്യം ഒരിക്കലും ഒരിക്കലും ഇന്ത്യയെ രക്ഷിക്കില്ല.വര്‍ഗ്ഗ സമരത്തിലൂടെ മാത്രമേ ഇന്ത്യക്ക് യഥാര്‍ത്ഥ മോചനം ലഭിക്കുകയുള്ളു,രണ്ടു വര്‍ഗ്ഗങ്ങളാണ് ഉള്ളവനും ഇല്ലാത്തവനും.ഉള്ളവന്‍ ചൂഷകനാണ്.ഇല്ലാത്തവന്‍ ചൂഷിതനും.കടകവിരുദ്ധമായിട്ടുള്ളതാണ് ഈ രണ്ടു വര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ .അവ തമ്മില്‍ ഒരു വര്‍ഗ്ഗസമരം അനിവാര്യമായിരിക്കുന്നു.ചൂഷിതന്റെ അവകാശങ്ങള്‍ക്കു വേണ്ടിയാകണം അങ്ങ് പോരാടേണ്ടത്ഗാന്ധിയുടെ മറുപടിയും സംഭാഷണത്തിന്റെ ഗതിയും എന്താണെന്ന് പരിശോധിക്കുന്നതിനെക്കാള്‍ അദ്ദേഹം പുലര്‍ത്തിപ്പോന്ന ആ കാഴ്ചപ്പാട് , ഇല്ലാത്തവനെ പരിഗണിക്കേണ്ടതാണെന്ന ചിന്ത , ജീവിതത്തിലുടനീളം യതി കൊണ്ടുനടന്നിരുന്നു. ഒരു പീഢയെറുമ്പിനും വരുത്തരുതെന്ന കാരുണ്യത്തെക്കുറിച്ച് പഠിപ്പിച്ച  ശ്രീനാരായണന്റെ ശിഷ്യര്‍ക്ക് അവ അന്യമായ ഒരു ചിന്തയുമായിരുന്നില്ലല്ലോ.
            തന്റെ വീക്ഷണം രൂപപ്പെടുത്താന്‍ സഹായിച്ച മഹാചിന്തകന്മാരേയും അവര്‍ പഠിപ്പിച്ച മാര്‍ഗ്ഗങ്ങളേയും സമാന്തരമായി ഈ പുസ്തകം പരിചയപ്പെടുത്തുന്നു.സത്യത്തെ അന്വേഷിച്ച് നാളിതുവരെ ലോകത്തിലാകമാനം നിലനിന്നിരുന്ന ചിന്താസരണികളിലൂടെയുള്ള ഒരു യാത്ര തന്നെയാണ് അത്. ആ യാത്രയില്‍ നാം നബിയേയും യേശുവിനേയും മാര്‍ക്സിനേയും ശങ്കരനേയും സ്പിനോസയേയും ദെക്കാര്‍ത്തിനേയും ലാവോത്സുവിനേയുമൊക്കെ ഏറ്റക്കുറച്ചിലില്ലാതെ കണ്ടെത്തുന്നു.
            ശ്രീനാരായണന്റെ വത്സലശിഷ്യനായ നടരാജഗുരുവുമായി യതിക്കുള്ള ബന്ധം സുവിദിതമാണല്ലോ. യതിയെ കണ്ടെത്തുന്നതിലും രൂപപ്പെടുത്തുന്നതിലും നടരാജഗുരു വഹിച്ച പങ്ക് യതി തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. നടരാജനും യതിയും തമ്മിലുള്ള സംഘര്‍ഷാത്മകമായ ബന്ധം ഗുരുവും ശിഷ്യനും എന്ന ഭാഗത്തിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. ശിഷ്യനെ ചുട്ടെടുക്കുക എന്നാണ് നടരാജ ഗുരുവിന്റെ രീതികളെപ്പറ്റി യതി പറയുന്നത്.ശിഷ്യനെ ഏതളവുവരെ പരീക്ഷിക്കാനും ബോധ്യപ്പെടുത്തുവാനും ആ ഗുരു സവിശേഷമായ ശ്രദ്ധ വെച്ചിരുന്നു. ഗുരു ഒരിക്കല്‍ തന്റെ മുഖത്തടിച്ചതിനെക്കുറിച്ച് യതി അനുസ്മരിക്കുന്നുണ്ട്.: “ഞാനിപ്പോള്‍ നിങ്ങളെ അടിച്ചു വിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ അടിക്കാനിടവരാതിരിക്കട്ടെഎന്നാണ് അടിച്ചതിനെ നടരാജഗുരു ന്യായീകരിക്കുന്നത്. ഈ പുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ ഒരു ഭാഗമാണ് നടരാജഗുരുവിനോടൊത്തുള്ള അനുഭവങ്ങളുടെ പങ്കുവെക്കല്‍.
            കള്ളികളില്‍ പെടുത്താതെ മനുഷ്യനെ മനുഷ്യനായിക്കണ്ടുകൊണ്ട് സമീപിക്കുന്ന ആചാര്യന്മാരുടെ കുറവ് നമ്മുടെ കാലങ്ങളെ അലട്ടുന്നുണ്ട്.വിഭാഗീയത ഉണ്ടാക്കുകയും സമൂഹത്തില്‍ അസ്വസ്ഥതകള്‍ വിതറുകയും ചെയ്യുന്നവര്‍ക്കാണ് ആളും അര്‍ത്ഥവും കൂടുതലെന്ന ഒരു വൈരുദ്ധ്യാത്മകത കൂടി നിലവിലുണ്ട്.അത്തരം സന്ദര്‍ഭങ്ങളില്‍ അപൂര്‍വ്വമായി നമ്മുടെയൊക്കെ ജീവിതങ്ങളെ പ്രകാശമാനമാക്കി നിര്‍ത്തുവാന്‍ ഗുരു നിത്യ ചൈതന്യയതിയെപ്പോലുള്ളവര്‍ക്കു കഴിയുന്നു എന്നതുതന്നെയാണ് വലിയ കാര്യം.ഒരു വിശ്വമാനവികന്റെ ദര്‍ശന സംഹിതകളിലൂടെയുള്ള യാത്ര നമ്മെ കരുണയുടെ നനവുള്ളരാക്കുകതന്നെ ചെയ്യും.             

പ്രസാധകര്‍- മലയാള പഠന ഗവേഷണ കേന്ദ്രം  , വില 490 രൂപ, ഒന്നാം പതിപ്പ്
ജൂണ്‍ 14, 2003



 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം