#ദിനസരികള്‍ 443 - നൂറു ദിവസം നൂറു പുസ്തകം – പതിനാറാം ദിവസം.‌






||എന്റെ പ്രിയ സിനിമ എഡിറ്റര്‍ - അനില്‍ കുമാര്‍ തിരുവോത്ത്||
            എന്റെ പ്രിയപ്പെട്ട സിനിമ എന്ന പേരില്‍ റാസ്‌ബെറി പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മുപ്പതു സിനിമകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരമാണ്. സത്യ ജിത് റേയുടെ പഥേര്‍ പാഞ്ചാലി , അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , മജീദ് മജീദിയുടെ സോങ്ങ് ഓഫ് സ്പാരോസ് , ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ , കിം കി ദുക്കിന്റെ ത്രി അയണ്‍, ദി ഐല്‍,  ചാര്‍ളി ചാപ്ലിന്റെ  ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ , ബെര്‍ഗ്മാന്റെ സെവന്ത് സീല്‍ , വിന്റര്‍ ലൈറ്റ്,  ഷാജി എന്‍ കരുണിന്റെ സ്വം, ഋത്വിക് ഘട്ടക്കിന്റെ അജാന്ത്ര തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നുണ്ട്. സിനിമകളില്‍ ഭൂരിഭാഗവും ഞാനും കണ്ടതാണെങ്കിലും കാണാത്ത സിനിമകളില്‍ യേ യിംഗിന്റെ റെഡ് ചെറി, ഗില്ലെര്‍മോയുടെ പാന്‍സ് ലാബിരിന്ത് , സാങ് യിമുവിന്റെ റോഡ് ഹോം, കൊമെന്‍ചിനിയുടെ ഡോണ്ട് ടെല്‍ മുതലായ സിനിമകളൊന്നും ഞാന്‍ കാണാത്തവയില്‍ പെടുന്നു.
            ലോകനിലവാരത്തിലുള്ള സിനിമയുടെ ഒരു പരിച്ഛേദമാകുമോ ഈ പുസ്തകം എന്ന സംശയം എനിക്കുണ്ട്. കാരണം കപ്പോള , കുറസോവ , ഡേവിഡ് ലീന്‍ , മെല്‍ ഗിബ്സണ്‍ , പീറ്റര്‍ ജാക്സണ്‍ , റിഡ്‌ലി സ്കോട്ട് , സ്പീല്‍ബര്‍ഗ്ഗ് ( ടെര്‍മിനല്‍ എന്ന സിനിമ പ്രത്യേകം)  മുതലായ എത്രയോ പ്രിയപ്പെട്ട സംവിധായകരുണ്ട്. അവരിലാരുംതന്നെ ഈ പുസ്തകത്തിന്റെ പരിധിയിലേക്ക് വരുന്നില്ല. എഡിറ്റര്‍ ഈ പുസ്തകത്തിലേക്ക് ലേഖനങ്ങള്‍ തിരഞ്ഞെടുത്തതിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ് - എന്റെ പ്രിയ സിനിമ എന്നത് തികച്ചും വ്യക്തിപരമായ ഒരാലോചനയായിരുന്നു.നിര്‍മ്മാണത്തിലും ആസ്വാദനത്തിലും സിനിമ സംഘകലയാണ്.അതിനാല്‍ സിനിമ എന്ന ആലോചന അത്രമേല്‍ വ്യക്തിപരമല്ല.അതുകൊണ്ടാണ് എന്റെ പ്രിയ എന്നത് പലരിലേക്ക് വ്യാപിച്ചത്.ഒരു കാരണവശാലും അവനവന് രക്ഷ കിട്ടില്ലാത്ത ചില കുടുക്കുകളില്‍ പെടുത്തിക്കളഞ്ഞ സിനിമയെക്കുറിച്ച് എഴുതുകഎന്നായിരുന്നു എഴുത്തുകാര്‍ക്ക് കൊടുത്ത നിര്‍‌ദ്ദേശം. എന്നു വെച്ചാല്‍ എഴുത്തുകാര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് മാത്രം എഴുതുക. എഡിറ്റര്‍ എന്ന തലത്തില്‍ നിന്നുകൊണ്ട് ഒരു സിനിമേയയും നിര്‍‌ദ്ദേശിക്കാതിരിക്കുക . മാനദണ്ഡമിതണെന്ന് പുസ്തകത്തിന്റേ പേരുതന്നെ സൂചിപ്പിക്കുന്നുണ്ട് എന്നതാണ് വസ്തുത.
            ഏതായാലും ഈ ആസ്വാദനങ്ങളെ ഞാന്‍ വായിക്കാന്‍  തുടങ്ങിയത് ഒരു പക്ഷപാതിത്വത്തോടെയാണ്. പഥേര്‍ പാഞ്ചാലി എന്ന ഒന്നാം ലേഖനം വായിക്കേണ്ടതിനു പകരം ബെര്‍‌ഗ്മാന്റെ സെവന്‍ത് സീലിനെക്കുറിച്ച് പറയുന്ന ഗണേശ് പന്നിയത്തിന്റെ ഇരുപത്തിയാറാമത്തെ ലേഖനമാണ് ഞാന്‍ ആദ്യമായി വായനക്കെടുത്തത്. “1958 ലാണ് സെവന്ത് സീല്‍ നിര്‍‌മിക്കപ്പെട്ടത്.ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സിനിമകളിലൊന്നാണിത്.ജനങ്ങളില്‍ മതവിശ്വാസം ഏല്പിക്കുന്നതിന് വേണ്ടി ദീര്‍ഘനാള്‍ കുരിശു യുദ്ധം നടത്തി മടങ്ങിയെത്തിയ ആന്റോണി ബ്ലോക്കിന് തന്നെ വിശ്വാസരാഹിത്യത്തിന് വശംവദനാകേണ്ടി വരുന്ന അവസ്ഥാവിശേഷമാണ് സെവന്‍ സീലില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാര്യംസിനിമ അനുഭവിപ്പിക്കുന്ന ഒന്നിനേയും സൂചിപ്പിക്കാന്‍ ഈ കുറിപ്പ് പര്യാപ്തമല്ല എന്നാണ് വായനക്കു ശേഷം എനിക്കു തോന്നിയത്.
            സുന്‍ഹുവയുടെ പ്രണയം എന്ന കുറിപ്പില്‍ 3 അയണ്‍ എന്ന സിനിമയുടെ സന്ത്രാസങ്ങളെ വി ആര്‍ സുധീഷ് മനോഹരമായി എഴുതിയിരിക്കുന്നു.ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കുറിപ്പുകളിലൊന്നാണ് ഇത്.സുധീഷിന്റെ കഥനവൈഭവം തന്നെയായിരിക്കും കാരണം,  കിം കി ദുക്കിന്റെ സിനിമകളുടെ ചില ഉള്‍ക്കുത്തലുകളെ അനുഭവിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്.പഥേര്‍ പാഞ്ചാലിയെക്കുറിച്ച് ബാബു ഭരദ്വാജും , അമ്മ അറിയാന്‍ എന്ന സിനിമയെക്കുറിച്ച് പി എ പ്രേംബാബുവും എഴുതിയ കുറിപ്പുകള്‍ ഈ പുസ്തകത്തിലെ മുതല്‍ക്കൂട്ടുതന്നെയാണ്. നല്ല സിനിമയിലേക്കുള്ള ഒരു കിളിവാതിലായി ഈ പുസ്തകം പ്രയോജനപ്പെടും എന്ന കാര്യത്തില്‍ പ്രസാധകര്‍ക്ക് അഭിമാനിക്കാവുന്നതാണ്.

           

പ്രസാധകര്‍- റാസ്‌ബെറി ബുക്സ് , വില 140 രൂപ, ഒന്നാം പതിപ്പ് ജനുവരി 2012


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1