#ദിനസരികള്‍ 416
സിഥാര്ത്ഥന്‍.ശുദ്ധോദനന്റെ പുത്രന്‍.നേരുതടി ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ തനിക്ക് പ്രിയപ്പെട്ടവയെയൊക്കെ ത്യജിച്ചു. ആ ത്യജിക്കലില് തന്റെ ഭാര്യയും പുത്രനുമുണ്ടായിരുന്നു.മറ്റു പ്രിയപ്പെട്ടവരുണ്ടായിരുന്നു. കൊട്ടാരമുണ്ടായിരുന്നു. അതിന്റെ സുഖഭോഗങ്ങളുണ്ടായിരുന്നു. എന്നാലും നേരെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇക്കാണായ സുഖസൌകര്യങ്ങളെയല്ലാം അതിലംഘിക്കുന്നതായിരുന്നു. അതുകൊണ്ട് സത്യത്തെ തേടി , സത്യത്തിനു വേണ്ടി അദ്ദേഹം നഗ്നപാദനായി തന്റെ അരമന വിട്ടിറങ്ങി. ദീര്ഘമായ യാത്ര ലുംബിനിയെ ഒരു പാട് പിന്നിലാക്കി.കൊട്ടാരത്തിലെ വിശിഷ്ടഭോജ്യങ്ങളും അന്തപ്പുരങ്ങളിലെ ഇക്കിളികളും വിദൂരഭൂതകാലത്തിലെ അസ്പഷ്ടമായ സ്മരണകളായി. അവയുടെയൊക്കെ മുകളില്‍ സത്യം തേടുന്നവന്റെ തീക്ഷ്ണപ്രകാശം നിറഞ്ഞു നിന്നു.
എഴുപത്തിയൊമ്പതാമത്തെ വയസ്സില്‍ സിഥാര്ത്ഥന്‍, ബുദ്ധനായി ഇഹലോകത്തോടു വിടപറയുമ്പോള്‍ എന്തായിരുന്നു
നേടിയത് ? സത്യമെന്തെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കഴിഞ്ഞിരുന്നുവോ? പ്രപഞ്ചത്തിന്റെ രഹസ്യമെന്തെന്ന് അദ്ദേഹം കണ്ടെത്തിയോ? പരലോകങ്ങളെക്കുറിച്ചുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ തേടലുകളെന്ന് ബുദ്ധന്റെ വചനങ്ങള്‍ വ്യക്തമാക്കുന്നു.
ഇവിടെ നാം ജീവിക്കുന്ന ഈ ലോകത്തില്‍ എങ്ങനെ സുഖമായും സ്വസ്ഥനായും ജീവിച്ചുമരിക്കാം എന്നാണ് ബുദ്ധന് പഠിപ്പിച്ചത്.ജീവിതത്തിന്റെ ദുഖങ്ങളെ ദുഖങ്ങളായിത്തന്നെ അദ്ദേഹം പരിഗണിച്ചു. മനുഷ്യന് വേണ്ടി നാല് ആര്യസത്യങ്ങളെ അദ്ദേഹം ആവിഷ്കരിച്ചു.1 ദുഖമുണ്ട്. 2 ദുഖത്തിന് കാരണമുണ്ട്.
3 ദുഖത്തിന് പരിഹാരമുണ്ട്. 4 അഷ്ടാംഗമാര്ഗ്ഗമാണ് പരിഹാരം. പരലോകങ്ങളിലിരിക്കുന്നുവെന്ന് നാം സങ്കല്പിച്ചുവെച്ചിരിക്കുന്ന അഭൌതിക ശക്തികളുടെ കാരുണ്യം കൊണ്ട് ജീവിതം തീര്ക്കുന്നവരായല്ല നാം ഇവിടെ പുലരേണ്ടത് . ഇവിടത്തെ ദുഖങ്ങള്ക്ക് , ക്ലേശങ്ങള്ക്ക് ഇവിടെത്തന്നെ നാം പരിഹാരം കണ്ടെത്തണം. അതിനു നമുക്ക് കഴിയും കഴിയണം.
ഇതാണ് ബുദ്ധന്റെ നല്കിയ പാഠങ്ങളുടെ ആകെത്തുക.
ആത്മീയ അന്വേഷണങ്ങള്‍ കരുത്തു നേടുന്നത് മനുഷ്യനെ ഈ ലോകത്തിലെ ദുഖങ്ങളില്‍ നിന്ന് എങ്ങനെ മോചിപ്പിച്ചെടുക്കാം എന്നു ചിന്തിക്കുമ്പോഴാണ്. അതല്ലാതെ സാമ്പ്രദായികമതങ്ങള് ചെയ്യുന്നതുപോലെ മരണാനന്തരം മറ്റൊരു ശിക്ഷാലോകത്തെ അവതരിപ്പിച്ചുകൊണ്ട് മനുഷ്യരെ തങ്ങളുടെ ഇച്ഛാനുസാരികളായി മാറ്റിയെടുത്തുകൊണ്ടല്ല.അതു തിരിച്ചറിഞ്ഞാണ് ബുദ്ധന് മനുഷ്യന്റെ ദുഖങ്ങളെ ഇവിടെത്തന്നെ നേരിടണമെന്ന് പഠിപ്പിച്ചത്.ശരിയായ വീക്ഷണം, ശരിയായ സങ്കല്പം , ശരിയായ കര്മ്മം , ശരിയായ വാക്ക് , ശരിയായ ജീവിതം , ശരിയായ പരിശ്രമം, ശരിയായ സ്മരണ, ശരിയായ സമാധി എന്നിങ്ങനെ ബുദ്ധകല്പിതമായ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ നമ്മോട് അപരനോടുള്ള കരുതലുകളെക്കുറിച്ച് താക്കീത് ചെയ്യുന്നത്.നാം സമ്യക്കായി പെരുമാറുമ്പോള്‍ ലോകം മുഴുവനും സമ്യക്കായി പെരുമാറുന്നു.അത് മറ്റേതെങ്കിലും ലോകത്തെക്കുറിച്ചുള്ള ആശങ്ക കൊണ്ടല്ല , മറ്റതെങ്കിലും അഭൌതിക ശക്തികളെക്കുറിച്ചുള്ള ഭയപ്പാടുകൊണ്ടുമല്ല , മറിച്ച് മനുഷ്യന് എന്ന ജീവിയോടുള്ള സഹാനുഭൂതിയും സ്നേഹവും കൊണ്ടുമാത്രമാണ്.അങ്ങനെയാണ് ബുദ്ധനും ബുദ്ധ ദര്ശനവും കാലാതിവര്ത്തിയായത്.
Comments