#ദിനസരികള്‍ 410


||ചോദ്യോത്തരങ്ങള്‍||
ചോദ്യം : എന്താണ് അശ്ലീലം?
ഉത്തരം : ഈയിടെ ട്യൂബില്‍ ഞാനൊരും സംവാദം കണ്ടു.കെ ജയകുമാറും വി ടി മുരളിയും അനില്‍ പനച്ചൂരാനും മുരുകന്‍ കാട്ടാക്കടയും അതില്‍ പങ്കെടുക്കുന്നു. സംവാദമെന്നാണ് ഞാന്‍ പറഞ്ഞതെങ്കിലും മുരുകനും അനിലും ആ വേദി കൈയ്യടക്കുകയായിരുന്നു.അവര്‍ എന്തൊക്കെയാണ് പറയുന്നതെന്ന് അവര്‍ക്കു തന്നെ നിശ്ചയമില്ലായിരുന്നു. തങ്ങളെ നിരൂപകര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും തങ്ങളുടെ കവിതയെ പലരും കവിതയായി കാണുന്നില്ലെന്നുമൊക്കെ അവര്‍ പരാതികളുന്നയിക്കുന്നതും കേട്ടു.കവിത എന്ന സാമ്രാജ്യത്തിലെ ചക്രവര്‍ത്തികളാണ് തങ്ങളെന്ന നാട്യത്തില്‍ അവര്‍ നടത്തിയ പ്രസ്താവനകള്‍ അരോചകവും ജുഗുപ്സാവഹവുമായിരുന്നു.അല്പന്മാരായ അവര്‍ വിളിച്ചു പറയുന്ന നിലപാടുകളിലെ അല്പത്തരങ്ങള്‍ പോലെ തന്നെയായിരുന്നു അവരുടെ കവിതകളും. ആഴമില്ലാത്തവ.എന്നാല്‍ അവരുടെ അവകാശവാദമാകട്ടെ തങ്ങളുടേത് ഒന്നാംകിട കവിതകളാണെന്നും. അവര്‍ അഞ്ചാംകിടയിലെ ഒന്നാം നിര കവികളാണെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ക്ക് ഇല്ലാത്തത് ഉണ്ടെന്ന് സമര്‍ത്ഥിച്ചെടുക്കുന്ന ഇത്തരം രീതിയെയാണ് അശ്ലീലം എന്നു വിളിക്കുന്നതും വിളിക്കേണ്ടതും.
ചോദ്യം : ഞാനാണ് രാജ്യം എന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെപ്പറ്റി?
ഉത്തരം : രാജ്യത്തെ സേവിക്കുന്നവനായി അഭിനയിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് വന്ന് രാജ്യംതന്നെ ഞാനാണെന്ന് പ്രഖ്യാപിക്കുന്ന മോഡി, അധികാരഭ്രാന്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നടന്നെത്തിയിരിക്കുന്നുവെന്നുവേണം അനുമാനിക്കുവാന്‍. ആപത്കരമായ ഈ നിലപാടിനെതിരെ പ്രതികരിക്കാതെ നാം മിണ്ടാതിരിക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാകുന്നു.ദേശസ്നേഹികളെന്നും രാജ്യസ്നേഹികളെന്നും രാജ്യത്തിനു വേണ്ടി മരിക്കുമെന്നുമൊക്കെ കാടിളക്കി പ്രസംഗിച്ചു നടക്കുന്ന ആര്‍ എസ് എസ്, മോഡിയുടെ ഈ പ്രസ്ഥാവനയോട് എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ എനിക്കു കൌതുകമുണ്ട്.
ചോദ്യം : സര്‍ക്കാര്‍ പരിപാടികളില്‍ ആലപിക്കുവാന്‍ ഒരു പൊതുഗാനം എന്ന ആശയത്തെക്കുറിച്ച്?
ഉത്തരം : നല്ലതാണ്. ചില പൊതുപരിപാടികളില്‍ തുടങ്ങുന്നതിന് മുമ്പുള്ള പാട്ടുകളുണ്ടല്ലോ അത് ആ പരിപാടിയുടെ മുഴുവന്‍ ഗൌരവത്തേയും ഇല്ലാതാക്കുന്ന ഒന്നായി മാറിയ സന്ദര്‍ഭങ്ങളുണ്ട്.അതുകൊണ്ട് സമയബന്ധിതമായി അവസാനിപ്പിക്കുന്ന ഒരു പൊതുഗാനത്തിന് പ്രസക്തിയുണ്ട്.എന്നാല്‍ അത് ഒരു തരത്തിലുള്ള വിശ്വാസങ്ങളേയും പ്രീണിപ്പിക്കുന്നതായിരിക്കരുത്. ആകെയുള്ള മാനവസത്തയെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള വരികളാകണമുണ്ടാകേണ്ടത്. മനുഷ്യനെ തട്ടിയുണര്‍ത്തി കര്‍‌മ്മ നിരതനാക്കുന്ന ചടുലത ആ ഗാനത്തിലുണ്ടാകണം.നിലനില്ക്കുന്ന വിശ്വാസപ്രമാണങ്ങളുടെ എതിര്‍പ്പിനിടയാക്കാത്ത ഒന്ന് ഉണ്ടാക്കാന്‍ കഴിയുമോ എന്നത് പൊതുസമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാകുമെന്ന് പറയാതെ വയ്യ
എന്നാല്‍ അത്തരമൊരു ഗാനമില്ലാതെ നേരിട്ടു സ്വാഗതം പറഞ്ഞുകൊണ്ട് പരിപാടിയിലേക്ക് കടക്കുന്നതിനോടും എനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1