#ദിനസരികള്‍ 413




            അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഒരു കാലത്ത് മലയാളികളുടെ ബൌദ്ധിക നിലവാരത്തെ നിരന്തരം പുതുക്കിപ്പണിയാന്‍ നിര്‍ബന്ധിതമാക്കിയ ഒന്നായിരുന്നു. കാര്‍ട്ടൂണ്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സുകളിലേക്ക് തിക്കിക്കയറിയെത്തുന്ന അര്‍ത്ഥതലങ്ങളെയായിരുന്നില്ല അരവിന്ദന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. ചിരിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുക എന്നതിനപ്പുറം, മലയാളിയുടെ അന്തസംഘര്‍ഷങ്ങളുടെ വേദനാഭരിതമായ മുഹൂര്‍ത്തങ്ങളെ കോറിയിട്ടുകൊണ്ട് നമ്മുടെ ശരാശരി ജീവിതങ്ങളെ മറയില്ലാതെ പുറത്തുകൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പരമ്പരയിലെ രാമു എന്ന നായകകഥാപാത്രം മലയാളികള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിത്തീരുന്നത് അങ്ങനെയൊക്കെയാണ്. അരവിന്ദന്റെ രചനയെക്കുറിച്ച് എംടി ഇങ്ങനെ എഴുതുന്നു വലിയ മനുഷ്യരാണെന്ന മിഥ്യാബോധമുള്ളവരാണ് ജീവിതത്തിന്റെ മുന്‍ നിരയില്‍ കാണുന്നവരില്‍ പലരും.ലോകം ചെറുതാണെന്നും സ്വന്തം കൈപ്പിടിയിലൊതുങ്ങുന്നുവെന്നുമുള്ള മൂഢവിശ്വാസമുള്ളവര്‍.അവര്‍ക്ക് സമസൃഷ്ടികളുടെ വേദനകളേയും വിഹ്വലതകളേയും പറ്റി വേവലാതികളില്ല.പക്ഷേ ദുഖിതരും അസ്വസ്ഥരും പീഢീതരുമാകാന്‍ വിധിക്കപ്പെട്ട ചെറിയ മനുഷ്യര്‍ ചേര്‍ന്നതാണ് സമൂഹം.വലിയ ലോകത്തിലൊരിടത്ത് അവര്‍ നിസ്സഹായരായി എങ്ങനെയോ നിലനില്‍ക്കുന്നു.ആഴ്ചപ്പതിന്റെ അവസാനത്തെ പേജില്‍ ചെറിയ മനുഷ്യരും വലിയ ലോകവും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.വെറുമൊരു വിഡ്ഡിച്ചിരിക്കുവേണ്ടി കാര്‍ട്ടൂണ്‍ പേജ് നോക്കുന്നവരുടെ കത്തുകള്‍ വരാനും തുടങ്ങി -”  എന്തിന് ഒരു പേജ് നഷ്ടപ്പെടുത്തുന്നു?” ഈ തരത്തിലുള്ള പ്രതികരണമാണ് എന്നും മലയാളിയെ നയിച്ചിരുന്നത്. ദ്രവിച്ചതും തുരുമ്പെടുത്തതുമായ തന്റെ പ്രമാണങ്ങളുടെ മുകളിലിരുന്ന് ഭൂതകാലങ്ങളെ അയവിറക്കി സര്‍വ്വതിനേയും പുച്ഛിച്ച് രസിച്ച് ഊറ്റം കൊള്ളുന്ന മലയാളി മനസ്സിനെ വരച്ചെടുക്കാന്‍ അരവിന്ദന് കഴിഞ്ഞത്  അദ്ദേഹത്തിന്റെ അസാമാന്യമായ ധിഷണാശക്തിയൊന്നുകൊണ്ടുമാത്രമാണ്.
            പൊള്ളകളിലാണ് മലയാളി ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നതെന്ന് നാം കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.വിശപ്പും തൊഴിലില്ലായ്മയും രാഷ്ട്രീയവും അരാഷ്ട്രീയതയുമൊക്കെ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അസ്വസ്ഥതകളുടെ ആയുധങ്ങളാകുന്നു. ഒരു റിപ്പബ്ലിക് ദിനത്തിലേക്ക് നടന്നെത്തിക്കൊണ്ടാണ് മലയാളികളുടെ ഭാവുകത്വത്തില്‍ അരവിന്ദന്‍ ഇടപെടാന്‍ തുടങ്ങിയത്. എവിടേയും ആഘോഷങ്ങളുടേതായ ഒരന്തരീക്ഷമായിരുന്നു അന്ന്.ആഹ്ലാദ പ്രകടനങ്ങളും പോലീസ് പരേഡുകളും അലങ്കരിക്കപ്പെട്ട കെട്ടിടങ്ങളും പ്രചാരണ പ്രഭാഷണങ്ങളും റിപ്പബ്ലിക്ക് ആഘോഷങ്ങളുടെ മാറ്റു കൂട്ടി. പക്ഷേ രാമുവിന്റെ ഒരൊറ്റ ഇടപെടലിലൂടെ ഉള്ളുറപ്പില്ലാത്ത അത്തരം പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കപ്പെട്ടു. മാനേജര്‍ സാറേ , ആ നോ വേക്കന്‍സി ബോര്‍ഡുകൂടി ഇല്യൂമിനേറ്റ് ചെയ്യാന്‍ മറക്കരുതേ എന്നു രാമു ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു.ഒരു തൊഴില്‍ കിട്ടുന്നതുവരെ റിപ്പബ്ലിക് ആഘോഷങ്ങള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നതും നമ്മുടെ ആഘോഷങ്ങള്‍ എന്തൊക്കെയോ പൊള്ളത്തരങ്ങളുടെ മുകളില്‍ കെട്ടിയേല്പിക്കപ്പെടുന്നതാണെന്ന തിരിച്ചറിവില്‍ നിന്നാണ്.
            രാമു നമ്മുടെ ഡംഭുകളെ നോക്കി ചിരിച്ചു. പക്ഷേ ആ ചിരിയുടെ ആഴത്തെ തിരിച്ചറിയാന്‍ മലയാളികള്‍ മിനക്കെട്ടില്ല.കാര്‍ട്ടൂണ്‍ എന്നുച്ചരിച്ചുകൊണ്ട് ചുണ്ടുകളുടെ കോണുകള്‍‌ കൊണ്ട് നാം രാമുവിനെ മാറ്റി നിറുത്തി. ഇന്നും , പക്ഷേ രാമു നമ്മുടെ തലക്കുമുകളില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു.നിരാനന്ദത്തിന്റെ ചിരി!  

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍