#ദിനസരികള്‍ 414
സി രവിചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന എസ്സെന്‍സ് ക്ലബ് എന്ന പ്രസ്ഥാനം രവിചന്ദ്രന്റെ ജാതി നിലപാടുകളെ കശക്കിയെറിയുന്ന സണ്ണി കപിക്കാടിന്റെ ഒരു വീഡിയോ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിച്ച് യൂട്യൂബിനെക്കൊണ്ട് പൂട്ടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമെനിക്ക് ഒരുതരം അമ്പരപ്പാണ് തോന്നിയത്.ചിന്തയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആശയങ്ങളുടെ സ്വച്ഛവും സ്വതന്ത്രവുമായ പ്രകാശനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് കണക്കാക്കപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ , തങ്ങളുടെ നേതാവിനെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങളെ എത്ര അസഹിഷ്ണുതയോടെയാണ് കാണുന്നത് എന്ന ചിന്തയായിരുന്നു ആ അമ്പരപ്പിന് ആധാരമായിട്ടുണ്ടായിരുന്നത്.വിശ്വാസം വരാതെ ഫേസ് ബുക്കിലെ എന്റെ ടൈംലൈനില്‍ ഷെയറു ചെയ്തിട്ടുണ്ടായിരുന്ന വീഡിയോ ഞാന്‍ പരിശോധിച്ചു. “"ജാതി | സി . രവിചന്ദ്രനു ..." This video is no longer available due to a copyright claim by esSENSE Club എന്ന് യൂട്യൂബ് പറയുന്നത് കണ്ടപ്പോഴാണ് ശരിക്കും എനിക്ക് വിശ്വാസമായത്.അതോടെ എന്റെ അമ്പരപ്പ് ഒരു പൊട്ടിച്ചിരിക്ക് വഴിമാറി. അല്പന്മാരുടെ ഈ സംഘത്തെ മുന്നില്‍ നിറുത്തി സാമ്പ്രാദായിക യുക്തിബോധത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കുമെതിരെ പടനയിക്കാനിറങ്ങിയ രവിചന്ദ്രപ്രഭൃതികളെ ഏതു ഭാഷയിലാണ് ഇനി വിശേഷിപ്പിക്കുക?
രവിചന്ദ്രന്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സമൂഹം , അതിന്റെ അകക്കാമ്പില്‍ത്തന്നെ യാന്ത്രികമായിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവം. സണ്ണി കപിക്കാട് ഇവിടെ യാതൊരു വിധത്തിലുള്ള പകര്‍പ്പവകാശവും ലംഘിച്ചിട്ടില്ലെന്ന് ആ വീഡിയോ ഒന്നിലധികം തവണം കണ്ട ഒരാളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും. രവിചന്ദ്രന്റെ നിലപാടുകളെ വ്യക്തമാക്കുന്ന വീഡിയോയുടെ പ്രസക്ത ഭാഗം കാണിച്ചതിനു ശേഷം ആ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ എന്തൊക്കെയാണെനും എവിടെയാണ് രവിചന്ദ്രന് തെറ്റു പറ്റിയതെന്നും വ്യക്തമാക്കുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നത്. രവിചന്ദ്രനെക്കാളും സണ്ണിയുടെ വാദങ്ങള്‍ക്കാണ് യുക്തിഭദ്രതയെന്നതുകൊണ്ടുതന്നെയായിരിക്കണം ഇത്തരമൊരു നീക്കത്തിന് ‘രവിമത’ ക്കാരെ പ്രേരിപ്പിച്ചത് എന്ന് ഞാന്‍ സന്ദേഹിക്കുന്നു.ഈ പറയുന്ന രവിചന്ദ്രന്‍ തന്നെ തന്റെ പ്രഭാഷണങ്ങളില്‍ എത്രയോ വീഡിയോകള്‍ ഉപയോഗിച്ചിരിക്കുന്നു? അപ്പോള്‍ രവിചന്ദ്രന് എന്തുമാകാം എന്നാണോ?
ഘനമാനങ്ങളില്‍ യാന്ത്രികമായി കെട്ടിപ്പടുക്കുന്ന ആകാശചുംബികളായ നിര്‍മിതികള്‍ ഏതു തറയിലാണോ നിലനില്ക്കുന്നത് ആ തറയുടെ അന്തസ്സത്ത മനസ്സിലാക്കാനുള്ള ശേഷി കാണിക്കണം. അല്ലെങ്കില്‍ അത് തകര്‍ന്ന് നിലംപതിക്കാന്‍ അധികസമയമൊന്നും വേണ്ട. തട്ടും തടവുമില്ലാതെ ആശയങ്ങള്‍ ആശയങ്ങളോട് ഏറ്റുമുട്ടുകയും ഏറ്റവും ശരിയും ശാസ്ത്രീയവുമായ നിലപാടുകളെ ജനതക്കു സ്വീകിരിക്കുവാന്‍ അവസരമുണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഇത്രയും അസഹിഷ്ണുത കാണിക്കാമോ? മതങ്ങള്‍ എതിരാളികളോട് പുലര്‍ത്തിപ്പോരുന്ന അതേ രീതിതന്നെയല്ലേ രവിമതക്കാരും പ്രകടിപ്പിക്കുന്നത്? ദയനീയമല്ലേ അവസ്ഥ? രവിചന്ദ്രന്റെ മായാവലയത്തില്‍പ്പെട്ട് സ്വയം ചിന്തിച്ച് ബോധ്യപ്പെടാതെ കേവലം അനുകര്‍ത്താക്കളായിപ്പോകുന്ന ഒരു കൂട്ടമാളുകളായി, സ്വന്തം കാലില്‍ നില്‍ക്കാല്‍ കെല്പില്ലാത്ത മന്ദബുദ്ധികളായ ഒരും സംഘമായി എസ്സെന്‍സ് ക്ലബ് മാറിയിരിക്കുന്നുവെങ്കില്‍ , അതിനെ പ്രതിരോധിക്കേണ്ട ബാധ്യത രവിചന്ദ്രനില്‍ത്തന്നെയാണ് വന്നു ചേരുന്നത്.
രവിചന്ദ്രന്‍ നേതൃത്വം നല്കുന്ന എസ്സെന്‍സ്സ് സണ്ണി കപിക്കാടിനോട് പരസ്യമായി മാപ്പുപറയാനും പൊതുസമൂഹത്തോട് തങ്ങള്‍ ചെയ്ത തെറ്റ് ഏറ്റു പറയാനും തയ്യാറാകണം.
Comments