# ദിനസരികൾ 379
ചോദ്യോത്തരങ്ങൾ
ചോദ്യം : എം കൃഷ്ണൻ നായർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ?
ഉത്തരം: ജി.സുധാകരൻ കവിയാകുമായിരുന്നില്ല. കാരണം ജി.സുധാകരന്റെ കവിതാക്കൂമ്പ് അദ്ദേഹം മുളയിലേ നുള്ളുമായിരുന്നു.രാഷ്ട്രീയ നേതാവ് എന്ന നിലയിലോ മന്ത്രി എന്ന നിലയിലോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കേരളത്തിൽ ആരും തന്നെ വില കുറച്ചു കാണുമെന്ന് കരുതുന്നില്ല. പക്ഷേ ഒരു കവിയാണ് അദ്ദേഹമെന്ന് സമ്മതിക്കുന്നവരുണ്ടാകുമെന്ന് കരുതുന്നില്ല. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതെന്ന ചോദ്യം ഉയർന്നു വന്നേക്കാം. എനിക്കു തോന്നുന്നത് ,നമ്മുടെ എഡിറ്റർമാർക്ക് അദ്ദേഹത്തോട് ഇഷ്ടമില്ലാത്തതു കൊണ്ടാണ് അവർ അതൊക്കെ പ്രസിദ്ധീകരിക്കുന്നതെന്നാണം. നാലു പേരുകുടി സുധാകരനെ വെറുക്കാൻ ഇടയാകട്ടെ എന്നായിക്കും അവർ ചിന്തിക്കുക. അതെല്ലെങ്കിൽ മന്ത്രി, രാഷ്ടീയ നേതാവ് എന്നീ നിലകളിലുള്ള അധികാരം അദ്ദേഹം തങ്ങളെ ഉപദ്രവിക്കാൻ ഉപയോഗിക്കുമോയെന്ന് നമ്മുടെ എഡിറ്റർമാർ ഭയപ്പെടുന്നുണ്ടാകാം . ഏതായാലും ഒരു കാര്യം ഉറപ്പ്.വിശേഷണങ്ങളില്ലാത്ത ഒരു സാധാ സുധാകരനാണ് ഇത്തരത്തിലുള്ള കവിതകൾ എഴുതി മാധ്യമങ്ങൾക്ക് അയച്ചതെങ്കിൽ എഡിറ്റർമാർ ടാക്ലി വിളിച്ച് വീട്ടിൽ വന്ന് തല്ലിയേനെ. താൻ മന്ത്രിയായതുകൊണ്ട് അതു നടക്കില്ലെന്ന ധൈര്യം സുധാകരനുമുണ്ടാകണം
ചോദ്യം: കലാ കാമുദി ആഴ്ചപ്പതിപ്പിനെക്കുറിച്ചുള്ള അഭിപ്രായം ?
ഉത്തരം: ഭാവനയുള്ള ആരെങ്കിലുമൊക്കെ ആ സ്ഥാപനത്തിൻ ഉണ്ടായിരുന്നുവെങ്കിലെന്ന് ഓരോ ആഴ്ചയിലും ഇരുപത് രൂപ മുടക്കുമ്പോൾ തോന്നാറുണ്ട്. ആ കടലാസൊന്ന് മാറ്റി കാഴ്ചക്ക് സുഖമുണ്ടാക്കുന്ന വിധത്തിൽ വിന്യാസമൊന്ന് പുനക്രമീകരിച്ച് , കുറച്ചു കൂടി കാമ്പുള്ള ലേഖനങ്ങൾ ഉൾപ്പെടുത്തിയാൽ കൗമുദി നന്നാവുമെന്നാണ് ഞാൻ കരുതുന്നത്. ഇതൊന്നും നടന്നില്ലെങ്കിലും ഉടനടി ആ ടിന്റുമോൻ ജോക്സെങ്കിലും ഒന്നവസാനിപ്പിക്കുവാനുള്ള കാരുണ്യം എഡിറ്റർ സർ കാണിക്കണം
ചോദ്യം : ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനമേതാണ്?
ഉത്തരം: സത്യം പറഞ്ഞാൽ അങ്ങനെയൊന്നില്ല. കേൾക്കുന്ന സമയത്തെ മൂഡിനനുസരിച്ച് പാട്ടുകളോടുള്ള താല്പര്യത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടെന്ന് വരാം. അല്ലാതെ ഇന്ന പാട്ടുകൾ മാത്രമാണ് എനിക്കിഷ്ടം എന്ന് തീർത്തു പറയാൻ പറ്റില്ല. എന്നിരുന്നാലും ചില പാട്ടുകളുണ്ട് എപ്പോൾ കേട്ടാലും അവയുടെ മൂഡിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നവയായിട്ട് . അതിൽ ഒന്നാമത്തേത് പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു എന്ന പാട്ടാണ്. ശ്യാമ സുന്ദര പുഷ്പമേ, യവന സുന്ദരീ സ്വീകരിക്കുകീ, തോണിക്കാരനും അവന്റെ പാട്ടും, ഈശ്വരനൊരിക്കൽ എന്നിങ്ങനെ ഏതു സമയവും നമ്മുടെ ശ്രദ്ധ ഹരിക്കുന്ന ഒരു പിടി പാട്ടുകളുണ്ട്.
ചോദ്യം : ന്യൂ ജനറേഷൻ പാട്ടുകളൊന്നും വന്നില്ലല്ലോ ? ഇഷ്ടമല്ലേ?
ഉത്തരം: തീർച്ചയായും വെറുപ്പില്ല. അതാതു കാലഘട്ടത്തിന്റെ രുചികൾക്കിണങ്ങുന്ന പാട്ടുകളാണ് ഏതു കാലത്തും എവിടേയും ഉണ്ടാകുന്നത്. അത് നമ്മുടെ പുതു തലമുറ ഏറ്റെടുക്കാറുമുണ്ട് . അവയെ വെറുക്കേണ്ടതോ എതിർക്കേണ്ടതോ ആണെന്ന് തോന്നുന്നില്ല. ഞാൻ കൂടുതലായും പരിചയിച്ച പാട്ടുകളെ ഇഷ്ടപ്പെടുന്നവ എന്ന നിലയിൽ പറഞ്ഞുവെന്നേയുള്ളു.. പിന്നെ കാലം കടന്നും നിലനില്ക്കുമോയെന്ന ചോദ്യമാണെങ്കിൽ കാലം തന്നെ വേണം അതിന്റെ ഉത്തരം നല്കുവാൻ .ഞാൻ എത്രയോ അശക്തനാണ്.ശ്രീധരൻ പറയുന്നതു പോലെ അവശിഷ്ടങ്ങൾ തേടി നടക്കുന്ന ഒരു യാത്രികൻ മാത്രമാണ് ഞാൻ. ശരി. വണക്കം..
Comments