#ദിനസരികൾ 374

എം എന്‍ വിജയന്‍ ഹിംസയുടെ യുക്തികള്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതന്നു”ഹിംസ  വീണ്ടും നമ്മുടെ മുഖ്യചിന്താ വിഷയമായി തീര്‍ന്നിരിക്കുന്നു.യുദ്ധമാണ് ഹിംസയെ ന്യായീകരിക്കുന്ന ചരിത്രപരമായ ഒരു തലം.ദേശത്തിന്റെയോ ചരിത്രത്തിന്റെയോ അനിവാര്യത കൊണ്ട് യുദ്ധങ്ങള്‍ എപ്പോഴും നീതീകരിക്കപ്പെട്ടു വരുന്നു.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതിന്റെ ഔപചാരികമായ സാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും പരിമിത യുദ്ധങ്ങളും അപരമിതമായ ഹിംസകളും തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.ജയിച്ചുവോ തോറ്റുവോയെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം എല്ലാം  അനൌപചാരികമായി അവസാനിക്കുകയും ചെയ്യുന്നു.യുദ്ധം അവസാനിപ്പിക്കുവാനുള്ള യുദ്ധം, ജനാധിപത്യം പുനസ്ഥാപിക്കുവാനുള്ള യുദ്ധം തിന്മയുടെ മേല്‍  നന്മയുടെ വിജയം , ഇങ്ങനെ ചരിത്രത്തിന് പല മുഖങ്ങളുണ്ട്.നന്മ എപ്പോഴും വിജയിക്കുന്നു.എന്തുകൊണ്ടെന്നാല്‍ ജയിക്കുന്നതിനെയാണ് നാം നന്മ എന്നു വിളിക്കുന്നത്.”ജയിക്കുന്നതിനെയാണ് നാം നന്മ എന്നു വിളിക്കുന്നത് എന്ന ഒറ്റ പ്രസ്ഥാവനയിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ഇത്ര ദീര്‍ഘമായി ഉദ്ധരിച്ചു ചേര്‍ത്തത്.
വിജയിക്കുന്നവനാണ് ശരിയെന്ന് നിശ്ചയിക്കപ്പെടുകയും അവന്റെ ശരിയാണ് നന്മ എന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ കാണാം.ഇന്നു നാം ചരിത്രത്തിന്റെ ഇരുണ്ട കുഴികളിലേക്ക് തള്ളിമാറ്റിയ പലരും ഒരു കാലത്ത് ദൈവതുല്യരായിരുന്നുവെന്ന് നാം ഒരു കാലത്ത് വിശ്വസിച്ചിരുന്നു. അവന്റെ നിശ്ചയങ്ങളാണ് എക്കാലത്തേയും ശരി എന്നുറപ്പിച്ച് ശിരസ്സേറ്റിയിരുന്നു.എന്നാല്‍ അവന്റേതായ ശരികളേയും ന്യായയുക്തികളേയും പിന്നീട് വന്നവര്‍ ചോദ്യം ചെയ്യുകയും അവനെ നിലം പരിശാക്കുകയും ചെയ്തതോടെ അടുത്തവന്റെ ശരി നമുക്ക് , ജനതക്ക് , ശിരസ്സേറ്റേണ്ടി വന്നു. ഇങ്ങനെ ശരികളുടെ ഒരു തുലാസില്‍ കേറിയും ഇറങ്ങിയും നാം നമ്മുടെ നീതിലോകങ്ങളെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു.
ഇരുണ്ട ശരികളുടേതായ ഒരു കാലത്തിലൂടെ കടന്നു പോകുന്ന നാം , എത്ര ഉച്ചത്തില്‍ അതിനെതിരെ വിലപിച്ചാലും ആരും ചെവിതരില്ല. കാരണം വിജയിയുടെ ശരികള്‍‌ക്കു പിന്നാലെ നടന്നു ശീലിച്ച ജനത, നിങ്ങളുടെ വിലാപങ്ങളെ കാണുക ഒരല്പം വിനോദത്തിലൂടെയായിരിക്കും. വസ്തുതകളേയല്ല , ഭൂരിപക്ഷത്തിന്റേതായ ന്യായങ്ങളെയായിരിക്കും അവന് കൂടുതല്‍ പഥ്യം.അതിനെ തിരുത്തുക എന്നു പറഞ്ഞാല്‍ നിലവിലുള്ള ഭൂരിപക്ഷത്തിനു വെല്ലുവിളിയാകുന്ന തരത്തില്‍ ഒരു ഐക്യനിര കെട്ടിപ്പടുക്കുക എന്നു തന്നെയാണര്‍ത്ഥം.അതിനു കഴിയുന്നില്ലയെങ്കില്‍ ഈ തണുപ്പില്‍, ഇരുട്ടില്‍ മിണ്ടാതെയിരുന്നുകൊള്ളുക, ഒരു മൂളിപ്പാട്ടുപോലുമില്ലാതെ.!

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം