#ദിനസരികള്‍ 377


           എന്‍ എ  നസീര്‍ ഒരു മുതലയെ മുഖാമുഖം കണ്ടതിന്റെ ഓര്‍മ , ഒഴുകി നടക്കുന്ന കണ്ണുകള്‍ എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നുണ്ട്.പുഴ മുറിച്ചു കടന്ന് അപ്പുറത്തെ പാറപ്പുറത്ത് വെയില്‍ കായുകയായിരുന്ന മുതലയുടെ അടുത്തേക്ക് പോയതും അതു തങ്ങളുടെ നേരെ തിരിഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിച്ച് തിരിച്ച് കരയിലേക്ക് നടന്നതും സരസമായി അദ്ദേഹം പങ്കുവെച്ചുകൊണ്ട എഴുതുന്നു :- “ വന്യജീവികള്‍ നമ്മുടെ തൊട്ടരികില്‍ എത്തുന്നതും നാം അവയുടെ തൊട്ടരികില്‍ എത്തുന്നതും രണ്ടു കൂട്ടരും തിരിച്ചറിയേണ്ട ഒരു ഹൃദയഭാഷയുടെ നന്മയിലാണ്.അത് സാഹസികതയായി കരുതുന്നതുകൊണ്ടാണ് നമ്മള്‍ക്കു പിഴവുകള്‍ പറ്റുന്നത്.
           ‘ഇതൊക്കെ സാഹസികത അല്ലേ?’
           ‘ഇവയൊക്കെ ഉപദ്രവിക്കില്ലേ?’
           ‘ഭയമില്ലേ ?’
പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളാണിവയൊക്കെ. ആ പഴയ മറുപടികള്‍ തന്നെയാണ് എല്ലായ്പോഴും എനിക്ക് പറയുവാനുള്ളതും.
           വന്യജീവികളുടെ അരികിലേക്കുള്ള യാത്രകളൊന്നും ഇതുവരെ സാഹസികതയായി തോന്നിയിട്ടില്ല.അവ എല്ലായ്പോഴും ആഗ്രഹിച്ചതുപോലെയൊക്കെ നിന്നു തന്നിട്ടുമുണ്ട്.സ്നേഹിക്കുന്നതിനെ ഭയപ്പെടേണ്ടതുണ്ടോ?”
           നിരന്തരമായ വനയാത്രകളില്‍ നിന്നുള്ള അനുഭവമായിരിക്കണം നസീറിനെക്കൊണ്ട് ഇങ്ങനെ എഴുതിച്ചത്. കാടുമായുള്ള പരിചയം വനജീവികളുടെ സ്വാഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ ഒട്ടധികം ധാരണകള്‍ അയാളിലുണ്ടാക്കിയിട്ടുണ്ടാകം. അതുകൊണ്ടുതന്നെ വനജീവികളെ ഒരു സന്ദര്‍ഭത്തിലും പ്രകോപിപ്പിക്കാതെ ഏതു സാഹചര്യത്തേയും നേരിടാനുള്ള തന്മയത്വം അദ്ദേഹം നേടിയിട്ടുണ്ടാകണം.
           സ്വാമി രാമ ഹിമാലയന്‍ മാസ്റ്റേഴ്സില്‍ ഇത്തരം ചില അനുഭവങ്ങളെഴുതിയിട്ടുണ്ട് എന്നാണോര്‍മ.അദ്ദേഹം പുലിയുടേയോ സിംഹങ്ങളുടേയോ വാസസ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലുകയും അവയുടെ കുഞ്ഞുങ്ങളെ ലാളിക്കുകയും ചെയ്തതായി വിശദീകരിക്കുന്നുണ്ട്. കൂടാതെ മുതലകള്‍ നിറഞ്ഞ ഗംഗാനദിയ്ക്കു കുറുകേ അദ്ദേഹം നീന്തിക്കടന്നതായും പറയുന്നു. ( ഇല്ലെങ്കില്‍ ക്ഷമിക്കണം.ഓര്‍മ വളരെ പഴയതാണ് ) ഇരിക്കട്ടെ, അവരവരുടെ അനുഭവങ്ങളാണെന്ന മട്ടില്‍ രേഖപ്പെടുത്തുന്നതാണല്ലോ. നാമവയെ അല്പം കരുതലോടെ സമീപിക്കുക തന്നെ വേണം. ഈ പുസ്തകങ്ങൾ വായിച്ചുണ്ടാക്കിയ ധാരണകൾ വെച്ച് കാടിനേയും  അവയിലെ ആവാസികളേയും  സമീപിച്ചാൽ കാര്യങ്ങൾ അത്ര സുഖകരമായിരിക്കില്ല. വനത്തെക്കുറിച്ചും ആ ചാരുതകളെക്കുറിച്ചും നമ്മെ പ്രചോദിപ്പിക്കുവാനും ജാഗ്രതപ്പെടുത്തുവാനും നസീറിന്റെയും മറ്റു കാടെഴുത്തുകാരുടേയും  പ്രയത്നങ്ങൾ നമ്മെ സഹായിക്കട്ടെ! അതിനുമപ്പുറത്തുള്ള ആവേശങ്ങൾ  അപകടപ്പെടുത്തുന്നവയാണ്.
          









          

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം