#ദിനസരികൾ 380
രണ്ടു
വിഖ്യാതരായ മണ്ടന്മാര്‍തമ്മില്‍ ഇന്നലെ തിരുവനന്തപുരത്ത് പൊടിപാറുന്ന ചരച്ച
നടക്കുന്ന സമയത്താണ് പ്രസ്തുത സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ്
ഞാനവിടെയെത്തിയത്.കേട്ടതു ശരിയാണ്. ജോറായി നടക്കുകയാണ്
വിഷയത്തിലൂന്നിനിന്നുകൊണ്ടുള്ള ചര്‍ച്ച. വിഷയം ആത്മാവുണ്ടോ എന്നാണ്.ആത്മാവുണ്ടോ എന്ന വിഷയത്തില്‍ തീ പാറുന്ന ചര്‍ച്ച
നടത്തുന്ന ഇവരെ മണ്ടന്മാര്‍ എന്നല്ലാതെ എന്തു വിളിക്കും? ആരൊക്കയാണതെന്നല്ലേ? ആധുനിക
ശാസ്ത്രീയ യുക്തിബോധത്തിന്റെ സമസ്തശലാകകളേയും ആനയിച്ചുകൊണ്ട് എതിരാളിയുടെ
വാദമുഖങ്ങളെ ഖണ്ഡിച്ച് ഖണ്ഡിച്ച് ധൂളീസദൃശം പാറിപ്പറത്തുന്ന ആറടിപ്പൊക്കക്കാരന്‍
സി രവിചന്ദ്രനും , ഇപ്പുറത്ത് ആയിരത്താണ്ടുകളോളമായി പഠിച്ചും പഠിപ്പിച്ചും പോരുന്ന
ഭാരതീയ തത്വചിന്താപദ്ധതികളുടെ അധിത്യകകളില്‍ കയറിനിന്ന് തന്റെ വാഗ്പ്രവാഹങ്ങള്‍ക്ക്
ഔപനിഷദികമായ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വാരി വലിച്ചു വിതറുന്ന
സ്വാമി സന്ദീപാനന്ദ ഗിരിയും. പരസ്പരം മണ്ടന്മാരാക്കിക്കൊണ്ടുള്ള അവരുടെ
വാഗ്സമരത്തില്‍ കൈയ്യടിക്കാന്‍ എസ്സെന്‍സിന്റേതായി
രവിചന്ദ്രന്റെ വലയത്തിലെ കുറച്ചു ഗുണ്ടകളും സ്വാമിയുടേതായി അദ്ദേഹത്തിന്റെ
ആരാധകവൃന്ദത്തിലെ വേറെ കുറച്ചു ഗുണ്ടകളും. ആയിരത്താണ്ടുകള്‍ മുമ്പുള്ള സങ്കല്പനവുമായി
ആധുനിക ശാസ്ത്രമനസ്സിന്റെ ഏറ്റുമുട്ടല്‍ ആരുടെ ആത്മാവിലാണ് കുളിരു കോരിയിടാതിരിക്കുക? രോമാഞ്ചമുണ്ടാക്കാതിരിക്കുക?
എന്റെ
ശരീരത്തിലെ രോമങ്ങളെല്ലാം അന്നേരം എഴുന്നേറ്റു നിന്നതാണ്. ഇപ്പോള്‍ വീട്ടില്‍
വന്നു കേറി ഒന്നു കുളിച്ച് ഇതെഴുതാനിരിക്കുമ്പോഴേക്കും ഓരോന്നോരോന്നായി താഴ്ന്നു
വരുന്നതേയുള്ളു.
കഷ്ടമേ കഷ്ടം! ആത്മാവില്ലായെന്ന്
രവിചന്ദ്രന്‍ മാഷല്ല , അങ്ങേരുടെ വല്യുപ്പാപ്പ ആദം മുത്തച്ഛന്‍ നേരിട്ടു വന്നു
പറഞ്ഞാല്‍പ്പോലും ശാസ്ത്രചിന്തയും യുക്തിബോധവുമില്ലാത്ത ആരും
വിശ്വസിക്കില്ല.ഇതുരണ്ടുമുള്ളവര്‍ക്ക് ആത്മാവില്ല എന്നു പറഞ്ഞുകൊടുക്കുകയും വേണ്ട.അപ്പോള്‍പ്പിന്നെ
ആത്മാവിന്റെയും അഭൌതിക ധാരണകളുടേയും പിന്‍ബലത്തില്‍ തന്റെ ചിന്തകളെ ഊട്ടിയുറപ്പിച്ച് പരിപാലിക്കുന്ന ഒരു സന്യാസിയെ പിടിച്ചിരുത്തി
ആത്മാവുണ്ടോയെന്ന് ചോദിക്കുന്നത് എത്രയോ മൌഢ്യമാണ്. ആ ചര്‍ച്ച എവിടെയെത്തുമെന്നാണ്
അതിന്റെ സംഘാടകര്‍ പ്രത്യാശിക്കുന്നത്?
ചര്‍ച്ച കേള്‍ക്കാനെത്തുന്നവരില്‍
മുക്കാലേ മുണ്ടാണിയും രവിചന്ദ്രനെ പിന്‍പറ്റുന്നവരാണ്.ആ ചര്‍ച്ചയില്‍ നിന്നും
പുതുതായി എന്തെങ്കിലും അത്തരക്കാര്‍ക്ക് കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നത്
വിഡ്ഢിത്തരമായിരിക്കും. അപ്പോള്‍പ്പിന്നെ ഒന്നൊന്നര മണിക്കൂര്‍ നേരം വാചാടോപം
നടത്തി അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ചതിന് രവിചന്ദ്രന്റെയും അദ്ദേഹത്തിന്റെ
സഹായികളുടേയും പേരില്‍ കേസെടുക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
രവിചന്ദ്രന്‍
ഏതൊക്കെ വിഷയങ്ങളില്‍ സംസാരിക്കും എന്ന് അദ്ദേഹം തീരുമാനിക്കും എന്ന വാദമൊക്കെ
അവിടെയിരിക്കട്ടെ. രവിചന്ദ്രനെപ്പോലെയുള്ള ഒരാള്‍ ഇനിയും ഇത്തരം വിഷയങ്ങളിലല്ല
നങ്കൂരമിട്ടിരിക്കേണ്ടത് എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇനിയും തിരുത്തപ്പെടേണ്ടതും
എന്നാല്‍ ആരും തന്നെ ചര്‍ച്ചക്കെടുക്കാന്‍ പോലും തയ്യാറാകാത്തതുമായ എത്രയോ വിഷയങ്ങള്‍
അദ്ദേഹത്തെ കാത്തിരിക്കുന്നു?
ജൈവകൃഷി, ലോജിക്കല്‍ ഫാലസി, സയന്‍സ് എന്ന ജ്ഞാനമാര്‍ഗ്ഗം തുടങ്ങിയവ പോലുള്ള എത്രയോ
ഗൌരവമുള്ള വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യാനിരിക്കുന്നു. അതിനു കെല്പുള്ള ഒരാള്‍
തറ പറ പന പാടി എന്തിന് സമയം കളയണം എന്നാണെന്റെ ചോദ്യം.അതുകൊണ്ട് വിഷയം
നിശ്ചയിച്ചുകിട്ടുന്നതാണെങ്കില്‍ക്കൂടി അത് സ്വീകരിക്കണമോ വേണ്ടയോ എന്ന
കാര്യത്തില്‍ രവിചന്ദ്രന്‍ മാഷ് ഇത്തിരിക്കൂടി സമരോത്സുകത പുലര്‍ത്തണം എന്നൊരു
നിര്‍ദ്ദേശം എനിക്കുണ്ട്.സമൂഹത്തില്‍ പുരോഗമനോന്മുഖമായ ചിന്തകളുടെ വേലിയേറ്റങ്ങളെ
ഉണ്ടാക്കാനുള്ള സമയമാണിത്. അതിനു കഴിയുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ്
അദ്ദേഹത്തിന്റെ വലയത്തിലകപ്പെട്ടിരിക്കുന്ന ചെറുപ്പക്കാര്‍. അതുകൊണ്ട് മിസ്റ്റര്‍
രവിചന്ദ്രന്‍ അത്തരം ചെറുപ്പക്കാരെ മേലില്‍ നിരാശരാക്കിയാല്‍ ദൈവം നിങ്ങളോട്
പൊറുക്കില്ലെന്ന മുന്നറിയിപ്പോടെ ഉപസംഹരിക്കട്ടെ.ആമേന്‍.
Comments