#ദിനസരികള്‍ 375
എത്ര കാലങ്ങളായി ഞാനെന്റെ കാടുകളെ തൊട്ടറിഞ്ഞിട്ട്? എത്ര കാലങ്ങളായി ഞാനെന്റെ മലകളിൽ കേറി മറിഞ്ഞിട്ട് ?വന മുല്ലയുടെ സുഗന്ധമേറ്റുവാങ്ങിയിട്ട്? ഒരു നാരായമുളളിന്റെ സുഖമുള്ള വേദനയറിഞ്ഞിട്ട് ? കുയിലിനൊപ്പം കൂകി വിളിച്ചും കാട്ടുകോഴികളെ ഒച്ചവെച്ച് ഓടിച്ചും വള്ളികളിൽ ഊയലാടിയും പൊന്തകൾക്കിടയിൽ കിളി മുട്ടകൾ തിരഞ്ഞും വന രഹസ്യങ്ങളുടെ വിഭ്രമാത്മകമായ മായികതകളിൽ ഞാൻ എന്നെത്തന്നെ കോർത്തെടുത്തിട്ട് നാളുകളെത്രയായി? നൂറൻ കിഴങ്ങിന്റെ വഴുവഴുപ്പാർന്ന സ്വാദുകൾ, കാട്ടുപഴങ്ങളുടെ ചവർപ്പും മധുരവും. രുചികളുടെ ധാരാളിത്തങ്ങൾ! എവിടെയോ വച്ചു മറന്ന എന്റെ പാഥേയങ്ങൾ .അവയിൽ നിന്നൊക്കെ ഞാൻ ഏറെ അകലെയിലേക്ക് പരിണമിച്ചെത്തിയിരിക്കുന്നു. ഇപ്പോൾ എന്റെ കാട് ഏറെ അകലെയാണ്. ഞാനും എന്നിൽ നിന്നും ഏറെ അകന്നിരിക്കുന്നു.
ഓർമയിൽ കാടുകളുള്ള മൃഗം വഴങ്ങില്ലെന്ന് എഴുതിയത് സച്ചിദാനന്ദനാണ്. വൈലോപ്പിളളി, സഹ്യന്റെ മകനിലൂടെ ആ വാദത്തെ ന്യായീകരിക്കുന്നു. സ്മൃതിയിലേക്ക് കാട് വന്നെത്തിയാൽ നിങ്ങളുടെ ഏത് തോട്ടിക്കോലുകൾക്കും വഴക്കാനാവാത്ത , കാടിന്റേതു മാത്രമായ ഒരു നിയമം സൗമ്യമായി നടപ്പിലാകുന്നു. എഴുതി സംരക്ഷിച്ചു വെച്ചിരിക്കുന്ന കർക്കശമായ നിയമാവലികളെ കാട്, തിരസ്കരിക്കുന്നു. എടുക്കുകയും എടുക്കപ്പെടുകയും ചെയ്യുന്ന സ്വാഭാവികമായ ഒരു ചംക്രമണത്തെയാണ് വന നീതി എന്നു വിളിക്കുക. ചങ്ങലകൾക്കിടലുകളും തളച്ചു പൂട്ടലുകളും ഇവിടെയില്ല. സർവ്വ തന്ത്ര സ്വാതന്ത്രമായ സ്വാതന്ത്ര്യം മാത്രം . അതിരുകളില്ലാത്ത ആകാശം മാത്രം.എന്റെ കാട് എനിക്ക് അഭയമായിരുന്നു. അകൃത്രിമമായ ആനന്ദമായിരുന്നു. ഇന്ന് ഇത്ര കാലത്തിനു ശേഷം ഞാൻ എന്റെ കാടുകളിലേക്ക് മടങ്ങാൻ വന്നെത്തിയിരിക്കുകയാണ്. ഞാൻ മൃഗ സദൃശം നിർമ്മമനായിരിക്കുന്നു. നിരഹങ്കാരനായിരിക്കുന്നു. വനമേ, വനമേ, എന്ന സദയം സ്വീകരിക്കുക
കാന്താരങ്ങളുടെ തരള സ്വപ്നങ്ങളെപ്പറ്റി ഒരു കാലത്ത് ഞാൻ ചിന്തിച്ചിരുന്നു. കാട് ചിന്തിക്കുന്നത് കൂടുതൽ നല്ല കാടാകുന്നത് എങ്ങനെയെന്നാണ്. പുലി ചിന്തിക്കുന്നത് എങ്ങനെ കൂടുതൽ നല്ല പുലിയാകാം എന്നാണ്. കരടിയും മാനും മയിലും ചിന്തിക്കുന്നത് അങ്ങനെ തന്നെയാണ്. എന്തുകൊണ്ടാണ് നിങ്ങൾ മനുഷ്യർ കൂടുതൽ നല്ല മനുഷ്യരാകുന്നതിനെപ്പറ്റി ചിന്തിക്കാത്തത് ?കാട് കൂടുതൽ നല്ല കാടാകുമ്പോൾ തന്നിലേക്ക് വന്നെത്തുന്നവരെ എത്ര നല്ല രീതിയിൽ സത്ക്കരിക്കാം! മാലിന്യമേശാത്ത കുളിർ ചോലകൾ.മാൻ കുട്ടികൾ തുളളിയാടുന്ന വനതലങ്ങൾ. ഫലസമൃദ്ധി . ജലസമൃദ്ധി. നിങ്ങളെന്തുകൊണ്ടാണ് മനുഷ്യരേ, സമൃദ്ധിയിലും അന്യരെ അവഗണിക്കുന്നത്? കൊടുക്കുക എന്ന സന്തോഷമനുഭവിക്കാൻ തയ്യാറാകാത്തത്? കാടുകളിലേക്ക് ഊളിയിട്ട് ഒരു മൃഗമായി മാറുവാൻ ഞാൻ ധൃതിപ്പെടുന്നു.
Comments