#ദിനസരികള്‍ 378
ആരാണ് മുഖ്യശത്രു എന്ന വിഷയത്തില്‍ സി പി ഐ എമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് , സമകാലികമായ രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ബി ജെ പിയുടെ ഏകാധിപത്യ വര്‍ഗ്ഗീയ ഭരണത്തെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്ന ഉചിതവും വ്യക്തവുമായ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.അതോടൊപ്പംതന്നെ സ്വയം ശക്തിപ്പെട്ടുകൊണ്ട് ഒരു ഇടതുപക്ഷ ജനാധിപത്യ ബദലിന് നേതൃത്വം നല്കുകയും മതേതര കക്ഷികളുമായി ചേര്‍ന്നുകൊണ്ട് ആ ബദിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ദൌത്യമാണ് വരുംകാലങ്ങളില്‍ ഏറ്റെടുക്കാനുള്ളത് എന്നും അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ നിലനില്ക്കുന്ന അവസ്ഥകളെ പരിഗണിക്കാതെ ഒരു രാഷ്ട്രീയ കക്ഷിക്കും സജീവമായി മുന്നോട്ടു പോകാനാകില്ല. വര്‍ഗ്ഗീയതയോട് ഇഞ്ചോടിച്ച് പോരാടുന്ന / പോരാടേണ്ട സി പി ഐ എമ്മിനെപ്പോലെയുള്ള കക്ഷികളാകുമ്പോള്‍ പ്രത്യേകിച്ചും.അതുകൊണ്ടുതന്നെ ഫാസിസത്തിന്റേതായ ഇക്കാലങ്ങളില്‍ ശത്രു ആരെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ കണ്ടെത്താന്‍ കഴിയും. അത് ഫാസിസത്തിന്റെ പ്രവര്‍ത്തന പദ്ധതികളിലൂന്നിയ രാഷ്ട്രീയകക്ഷികള്‍തന്നെയാണ്.
സി പി ഐ എമ്മിനെ സംബന്ധിച്ച് സാമ്പത്തികമായ നിലപാടുകള്‍ സുപ്രധാനമാണ്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പ്രവര്‍ത്തിക്കുന്ന ഒരിടതുപക്ഷ കക്ഷിക്ക് മാര്‍ക്സ് വിഭാവനം ചെയ്ത സാമ്പത്തിക സങ്കല്പനങ്ങളെ ഒരു തരത്തിലും ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകുക അസാധ്യമാണ്. ആ സാമ്പത്തികതയില്‍ തന്നെയാണ് അത്തരം കക്ഷികളുടെ നിലനില്പ് പരുവപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ആ സങ്കല്പനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ നടപ്പിലാക്കിയെടുക്കേണ്ടവയല്ല. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആവശ്യമായ തലത്തില്‍ ഇടപെട്ടുകൊണ്ട് തങ്ങളുടേതായ മുന്നേറ്റങ്ങളെ സൃഷ്ടിച്ചെടുക്കുകയും അത്തരം മുന്നേറ്റങ്ങളുണ്ടാകുന്ന ഇടങ്ങളില്‍ പരിമിതികളുണ്ടെങ്കിലും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതല്ലാതെ പരിപൂര്‍ണമായി മാര്‍ക്സിയന്‍ ധനവിനിയോഗങ്ങളെ പ്രാബല്യത്തിലാക്കുക ക്ഷിപ്രസാധ്യമല്ല.അപ്പോള്‍പ്പിന്നെ രാജ്യം തന്നെ ഒലിച്ചു പോകുന്ന , പൊടുന്നനെയുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളെ നേരിടുക എന്നത് ഫാസിസ്റ്റു വിരുദ്ധ ചേരിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാകുന്നു.യുദ്ധകാലങ്ങളിലെ ജാഗ്രതയാണ് ഫാസിസ്റ്റു മുന്നേറ്റങ്ങള്‍ക്കെതിരെ പുലര്‍ത്തേണ്ടത്.ശേഷം വരുന്ന രാഷ്ട്രീയ നിലപാടുകളെല്ലാംതന്നെ സമാധാനകാലങ്ങളിലെ പ്രക്രിയകളാകട്ടെ. കാരണം രാജ്യം നിലനിന്നിട്ടുവേണമല്ലോ സമാധാനകാലത്തെക്കുറിച്ച് ആലോചിക്കുവാന്‍ തന്നെ!
അതുകൊണ്ടുതന്നെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിന് അതീവപ്രസക്തിയുണ്ട്.ബി ജെ പിക്കെതിരായി നിലപാടെടുക്കുന്ന എല്ലാ ജനാധിപത്യശക്തികളേയും സംഘടിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങളിലും അഖിലേന്ത്യാ തലത്തിലും മുനകളെ സൃഷ്ടിക്കുക എന്ന ദൌത്യം മറ്റാരെയുംകാള്‍ ഏറ്റെടുക്കേണ്ടത് സി പി ഐ എം തന്നെയാണ്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ അത്രമാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നിരിക്കേ ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ഇടതുപക്ഷത്തിന്റെ കടമയാകുന്നു.ഈ മുന്നേറ്റത്തിന് സഹായിക്കുന്ന ഏതൊരു മതേതര കക്ഷിയേയും മുന്നണിയില്‍ ചേര്‍ക്കുക തന്നെ വേണം. അവര്‍ മുന്നോട്ടു വെക്കുന്ന സാമ്പത്തികത അതിന് വിഘാതമാകരുത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത് വര്‍ഗ്ഗീയതയാണെന്ന് നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ആ വിപത്തിനെ തുടച്ചു നീക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് എല്ലാ മതേതര വിശ്വാസികളും സ്വയം സമര്‍പ്പിക്കേണ്ടത്.യുദ്ധകാലത്ത് യുദ്ധകാലത്തിന്റേതും സമാധാനകാലം സമാധാനകാലത്തിന്റേതുമാകട്ടെ. ഇത് യുദ്ധകാലമാണ്.
Comments