#ദിനസരികള്‍ 376


            അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം
കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയൽവരമ്പിൽ.
അന്തികത്തിൽ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാൽ
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.
വണ്ണംകുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു ചുറ്റും
കോണും മുഴകളും തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു കൈവിരല്‍ പാടുപോലും.
ആശാന്റെ ദുരവസ്ഥയിലെ കുടിലാണ്.ശില്പിതന്ത്രം എത്തിനോക്കിയിട്ടില്ലാത്ത കുടില്‍.വയല്‍ വരമ്പില്‍ ഒരു കൂണെന്ന പോലെ കാണപ്പെടുന്ന ഈ കുടില്‍ മലയാളത്തിലെ വാങ്മയചിത്രങ്ങളില്‍ അതിമനോഹരമായ ഒന്നാണ്.വെറുതെ ഒരു കുടിലുണ്ട് എന്നു പറഞ്ഞാലും കഥാസന്ദര്‍ഭത്തിനെ അതത്ര ഗാഢമായി ബാധിക്കുന്ന ഒന്നല്ല.(എന്ന് അത്രക്കങ്ങ് ഉറപ്പിച്ചു പറയാനും പറ്റില്ല. കാരണം,  വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയായ കുമാരി , അത്രയും മോശമായൊരു കുടിലിലേക്കാണ് വന്നെത്തിയിരിക്കുന്നതെന്ന് സൂചിപ്പിക്കുമ്പോള്‍ അവള്‍ അവലംബിക്കാന്‍ പോകുന്ന ജീവിതത്തിന്റെ കെടുതികളെത്ര കര്‍ക്കശമായിരിക്കുമെന്ന സൂചന ഈ വരികളിലുണ്ട് , എന്നിരുന്നാലും )
            വാങ്മയങ്ങള്‍ കൊണ്ട് ഇത്തരം മനോഹരമായ ചിത്രങ്ങളെഴുതുന്നതിന് ഇനിയും നമുക്കു എത്രയോ ഉദാഹരണങ്ങളുണ്ട്.
            തുമ്പപ്പൂവിലും തൂമയെഴും നിലാ
            വമ്പില്‍ത്തൂകിക്കൊണ്ടാകാശ വീഥിയില്‍
            അമ്പിളി പൊങ്ങി നില്ക്കുന്നിതാ മര
            ക്കൊമ്പില്‍ നിന്നൊരു കോലോളം ദൂരത്തില്‍
പൂര്‍വ്വഭാഗത്തിന്റെ സാധാരണമായ കാഴ്ചയിലേക്ക് ഒരു കോലോളം ദൂരത്തില്‍ അമ്പിളി പൊങ്ങി നില്‍ക്കുന്നതോടുകൂടി , ആ ചിത്രത്തിന് വന്ന മിഴിവ് കാണുക.സുന്ദരമായ ഒരു ദൃശ്യത്തിന്റെ വശ്യത പകരാന്‍ ഒരു കോലിന് കഴിയുമെന്ന കണ്ണ് കവിക്കേ ലഭിക്കൂ.അല്ലെങ്കില്‍ അത്തരം കണ്ണുള്ളവനെയാണ് കവി എന്നു വിളിക്കുന്നത്.
            ഉദാഹരണങ്ങള്‍ എത്രയോയുണ്ട്. വിഖ്യാതമായവയെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു.കവിതയുടെ രസനീയതക്ക് മാറ്റു കൂട്ടുന്നതിന് കവികള്‍ പ്രയോഗിക്കുന്ന ചില പൊടിക്കൈകള്‍ കാവ്യസന്ദര്‍ഭങ്ങള്‍ നിത്യസുരഭിലമാകുന്നതിന് സഹായിക്കും.
            അന്നമുണ്ട്  , കുളമോ?  കബന്ധമു
            ണ്ടുന്നത ക്ഷിതിപയുദ്ധ ഭൂമിയോ?
            എന്നതല്ല പലഹാരമുണ്ട് നല്‍
            സന്നതാംഗിയുടെ ചാരുകണ്ഠമോ? എന്ന് ഉള്ളൂരെഴുതിയാലും അത് കവിതയല്ലെന്ന് പറയുവാനുള്ള കരുത്തുകൂടി നാം നേടേണ്ടതുണ്ട്.
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1