#ദിനസരികള്‍ 366





ഭാരതാംബേ
നിന്റെ തിരുമുറ്റത്ത്
ഒരു കുരുന്നു പൂവിനെ
വെള്ളവിരിച്ച്
അലങ്കരിച്ച്
കണിവെച്ചിരിക്കുന്നു
വന്നു കാണുക
കണിക്കാലമല്ലേ

കണ്ണന്റെ നിറമല്ല അവള്‍ക്ക്
കരുവാളിപ്പിന്റെ നീലയാണ്
കണ്ണന്റെ താളമല്ല അവള്‍ക്ക്
അമ്മേയമ്മേയെന്ന വിങ്ങലാണ്
കണ്ണന്റെ പീലിയില്ല
അല്ലെങ്കില്‍ തലതന്നെ തകര്‍ന്നവള്‍
എവിടെയാണ് പീലി ചൂടുക?

വന്നു കാണുക
നിന്റെ മുറ്റത്ത്
ഇവളെ കണി വെച്ചിരിക്കുന്നു
ആവോളം സന്തോഷിക്കുക

നോക്കൂ ഞാന്‍ കരയുന്നില്ല
പതം പറച്ചിലിന്റേയും
വിതുമ്പലുകളുടേയും ഇടയില്‍
മകളേ മകളേ എന്നു വിളിക്കുന്നില്ല
കാരണം ഈ കുരുന്നിനെ
പറിച്ചെടുത്തവന്റെ
തിരുനെറ്റി തുളച്ചുകൊണ്ട്
ഒരു തീയുണ്ട പാഞ്ഞുപോകുന്നതുവരെ
ഞാനിവളുടെ അച്ഛനാകുന്നില്ലല്ലോ.

ഭാരതാംബേ
നിന്റെ മക്കള്‍
കണി വെച്ചിരിക്കുന്നു
വന്നു കണ്ടു നിറയുക.





Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്