#ദിനസരികള്‍ 361


            പുസ്തകങ്ങളായും പേനകളായും മറ്റു പലതുമായും പലരും പല സമ്മാനങ്ങളും തന്നിട്ടുണ്ട്.അതില്‍ ഏതിനോടാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ മഷിപ്പേനകളോട് എന്ന് സംശയലേശമെന്യേ ഞാന്‍ പറയും . പേനകളോട് പൊതുവേ എല്ലാവര്‍ക്കും ഒരിഷ്ടക്കൂടുതലുണ്ടല്ലോ.എനിക്ക് പ്രിയപ്പെട്ടവരായ ചിലര്‍ക്ക് പേനകളുടെ മനോഹരമായ ശേഖരവുമുണ്ട്.അവരെയൊക്കെ സംബന്ധിച്ച് എന്റെ കളക്ഷന്‍ എന്നു പറയുന്നത് തുലോം ദയനീയമായ അവസ്ഥയിലാണ്. പക്ഷേ അതില്‍ നിന്നൊക്കെ വിലപ്പെട്ട ഒരു സമ്മാനം ഒരിക്കല്‍ എനിക്കു കിട്ടി. എന്നല്ല ഇന്നുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വിലപ്പെട്ടത് എന്ന് എനിക്ക് തോന്നിയിട്ടുള്ള ആ സമ്മാനം തന്നത് ഞാന്‍ സുനിലണ്ണന്‍ എന്നു വിളിക്കുന്ന സുനില്‍ ഏലംകുളമാണ്.ഒരു പക്ഷേ കേരളത്തിന്റെ കലാ- സാംസ്കാരിക ജീവിതം മനസ്സിലാക്കാന്‍ ഇത്രയേറെ സഹായിച്ച മറ്റൊന്നില്ല എന്നുതന്നെ പറയാം. എന്താണ് ആ സമ്മാനം എന്നല്ലേ ? ഏകദേശം 450 ജി ബിയോളം വരുന്ന വീഡിയോ ഓഡിയോ ഫയലുകളുടെ വിപുലമായ ഒരു ശേഖരം!
            കേരളത്തിലെ ക്ലാസിക്കല്‍ കലകളുടെ ആ വലിയ ശേഖരത്തില്‍ കഥകളി, കൂത്ത് , കൂടിയാട്ടം , കീര്‍ത്തനങ്ങള്‍ , തായമ്പകകള്‍, സോപാനസംഗീതം , കഥകളി സംഗീതം, തുടങ്ങിയ ഒരുപാട് മേഖലകളിലെ വിഖ്യാതരായ ആചാര്യന്മാരുടെ സംഭാവനകള്‍ അടങ്ങിയിരിക്കുന്നു.താരതമ്യനേ ഇത്തരം കലകള്‍ക്ക് വേദി വളരെ കുറവായ വയനാടുപോലെയുള്ള ഒരു ദേശത്ത് ജീവിക്കുന്ന എന്നെ സംബന്ധിച്ച് ഈ കലകളെ ഇങ്ങനെയെങ്കിലും ആസ്വദിക്കുവാന്‍ കഴിയുക എന്നതുതന്നെ ഭാഗ്യമാണ്. അതാതു രംഗങ്ങളിലെ വിശ്വപ്രസിദ്ധരായ ആചാര്യന്മാരെ അനുഭവിക്കാന്‍ കഴിയുക എന്നത് മഹാഭാഗ്യവും.എത്രയെത്ര കഥകളികള്‍ ! നളചരിതം, ദക്ഷയാഗം, നരകാസുര വധം, ബാലിവധം, ദുര്യോധന വധം,സുഭദ്രാഹരണം, ബകവധം,സന്താനഗോപാലം, രുഗ്മിണിസ്വയംവരം, കിര്‍മ്മീരവധം, ലവണാസുരവധം മുതലായവയൊക്കെ അവയില്‍ ചിലതുമാത്രം.അതുപോലെ തായമ്പകകള്‍. മഹാഗുരുക്കന്മാര്‍ മുതല്‍ ഇളമുറത്തമ്പുരാക്കന്മാര്‍വരെ. മേളപ്പെരുമഴയുടെ വിസ്മയലോകം തീര്‍ക്കുന്ന അമരശില്പികള്‍. കഥകളിപ്പദങ്ങള്‍. മണ്മറഞ്ഞുപോയ വാഗ്ഗേയകാരന്മാരുടെ മഹത്തായ വിലാസങ്ങള്‍. ഹൈദരലിയെയൊക്കെ നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത കുറവ് ഇങ്ങനെയൊക്കെയാണ് ഞാന്‍ തീര്‍ക്കുന്നത്.
കലയുടെ വിസ്മയകരമായ മഹാപ്രപഞ്ചത്തിലേക്ക് എന്നെ  ആനയിച്ച, തികച്ചും അപ്രാപ്യമായിരുന്ന ഒരു ലോകത്തെ എന്റെ മുന്നിലേക്ക് തുറന്നിട്ടു തന്ന സുനിലണ്ണനോട് എങ്ങനെയാണ് നന്ദി പറയുക? അല്ലെങ്കില്‍ നന്ദിപറയുക എന്ന നന്ദികേട് കാണിക്കാതിരിക്കുന്നതല്ലേ നന്നാവുക? ഓരോ തവണയും ഞാന്‍ ഈ കളക്ഷനുകളിലൂടെ കടന്നുപോകുമ്പോഴും പ്രിയപ്പെട്ട സുഹൃത്തേ താങ്കളെനിക്ക് കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടവനാകുന്നു.
                       

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1