#ദിനസരികള്‍ 365



            മുന്നൂറ്റിയറുപത്തിയഞ്ച് ദിവസങ്ങള്‍.മുന്നൂറ്റിയറുപത്തിയഞ്ച് ദിനസരികള്‍. കഴിഞ്ഞ വര്‍ഷം ഇതുപോലെയൊരു ദിവസം രാവിലെ തുടങ്ങിയതാണ്. ഒരു വര്‍ഷമായിട്ട് ഒരു ദിവസം പോലും മുടങ്ങാതെ ഒരു പേജെങ്കിലും എഴുതാന്‍ കഴിഞ്ഞു.എഴുതിയതൊക്കെ വലിയ സംഭവമാണെന്നൊന്നുമല്ല, പക്ഷേ എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് പറയാതെ വയ്യ.കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന ന്യായപ്രമാണം വെച്ച് എനിക്ക് എന്നോടുതന്നെ അമ്പടാ ഞാനേ എന്നു തോന്നിയാല്‍ ദയവായി അഹങ്കാരമെന്ന് കുറ്റപ്പെടുത്തരുത്.ഇനി എന്തെഴുതിയാലും അത് തള്ളല്‍ എന്ന വിഭാഗത്തിലേക്ക് വഴുതി വീഴും അല്ലെങ്കില്‍ വീഴ്ത്തും എന്നുള്ളതുകൊണ്ട് ദിനസരിവിശേഷങ്ങള്‍ അവസാനിപ്പിച്ചേക്കാമെന്നു കരുതുന്നു.
            ചില കുറിപ്പുകള്‍ മറക്കുക വയ്യ.മാനന്തവാടിയില്‍ മാതൃഭൂമിയുടെ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നടത്തിയ പ്രഭാഷണമാണ് അതിലൊന്ന്.വലിയ ഇഷ്ടമായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ എഴുത്തുകളോട്. ആര്‍ജ്ജവമുള്ള ഒരു മനുഷ്യസ്നേഹിയെയാണ് ഞാന്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ വായിച്ചെടുത്തത്. പക്ഷേ അന്ന് സുഭാഷ് ചന്ദ്രന്റെ പ്രഭാഷണം കേട്ടതോടെ ആ വിഗ്രഹം ഉടഞ്ഞു. വെറുതെ ഉടഞ്ഞു പോകുകയായിരുന്നില്ലെന്നു വേണം പറയാന്‍.തകര്‍ന്നടിഞ്ഞ് തരിപ്പണമായി ഇങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍ എന്ന അവസ്ഥയിലായി.പിന്നീടിന്നുവരെ അദ്ദേഹത്തിന്റെ എഴുത്തുകളെ വായിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.അത്തരം സമീപനങ്ങളെ അദ്ദേഹം മാറ്റിയിട്ടുണ്ടാകാം.ഞാനും അദ്ദേഹത്തിന്റെ എഴുത്തുകളിലേക്ക് മടങ്ങേണ്ടതുണ്ടെങ്കിലും എന്തോ ഒന്ന് ഇപ്പോഴും എന്നെ അതില്‍ നിന്നും തടയുന്നു.
            ചെറുപ്പകാലത്തെ ദരിദ്രമായ ചുറ്റുപാടുകളെക്കുറിച്ച് എഴുതിയപ്പോള്‍ ഒരാള്‍ ചോദിച്ചത് ദാരിദ്ര്യത്തെപ്പറ്റി എഴുതി ആളുകളെ വശത്താക്കി സഹാനുഭൂതി പിടിച്ചു പറ്റാനുള്ള  ശ്രമമാണെയെന്നാണ്.അനുഭവിച്ച ഒരു കാലത്തെക്കുറിച്ച് എഴുതി എന്നല്ലാതെ അതിലൊരു തരിമ്പും നുണയുടെ മേമ്പൊടി ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. പക്ഷേ ആ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എന്നെ നിരായുധനാക്കി.ആളുകള്‍ ചിന്തിച്ചുപോകുന്ന വഴികളെക്കുറിച്ച് അന്ധാളിപ്പോടെ ഓര്‍മിക്കാന്‍ ഇപ്പോഴും ആ ചോദ്യമെന്നെ സഹായിക്കുന്നു.ആ സുഹൃത്ത് ഇപ്പോഴും എന്റെ പ്രിയപ്പെട്ടവനായി തുടരുന്നു.പക്ഷേ പഴയ അനുഭവങ്ങളെക്കുറിച്ചെഴുതാനുള്ള ആലോചനയെത്തന്നെ അവന്റെ ചോദ്യം മുറിച്ചു വീഴ്ത്തുന്നു.
            പ്രൊഫസര്രവിചന്ദ്രന്‍‌ സി എങ്ങനെയാണ് കൊല്ലപ്പെടുക എന്നൊരു കുറിപ്പെഴുതിയിട്ടുണ്ട് ഞാന്‍. രവിചന്ദ്രനെ സമസ്ത സാമൂഹിക മുന്നറ്റങ്ങളുടേയും പോര്‍മുനയായി പ്രതീകവത്കരിച്ചുകൊണ്ട് എഴുതിയ ആ കുറിപ്പ് എനിക്ക് പ്രിയപ്പെട്ടതാണ്.അദ്ദേഹത്തിന്റെ ചില നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കുമ്പോള്‍ത്തന്നെ സമൂഹത്തെ പിന്നോട്ടടിക്കാന്‍ വെമ്പുന്ന ഛിദ്രശക്തികളെ എതിര്‍ത്തു തോല്പിക്കുക എന്ന ദൌത്യത്തെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക കേരള സമൂഹത്തിന്റെ കടമയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നവോത്ഥാനമൂല്യങ്ങളെ പിന്‍പറ്റി പടുത്തുയര്‍ത്തിയതാണ് നമ്മുടെ സമൂഹമെന്ന് നാം അഭിമാനം കൊള്ളുമ്പോഴും ആ മൂല്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുന്ന ഇക്കാലത്ത്, പ്രത്യേകിച്ചും.
            സഞ്ജയന്‍ , കരളെരിഞ്ഞാലും വയര്‍ പുകഞ്ഞാലും ചിരിക്കണമതേ വിദൂഷകമതം എന്നു പറഞ്ഞതുപോലെ നാം വിദൂഷകധര്‍മ്മമാടുക. കാലവും ലോകവും നമ്മെ കടന്നുപോകും . കല്ല് കല്ലിന്മേല്‍ അവശേഷിക്കാതെ എല്ലാം തകരുന്ന ഒരു കാലം വരും.അപ്പോഴും ഇവിടെ ജീവിച്ചിരുന്ന ഈ ഒരു ചെറിയ കാലത്ത് നാം ചിലതിനെയെല്ലാം കൂവിത്തോല്പിക്കാനെങ്കിലും ശ്രമിക്കുക.
Empty spaces, what are we living for
Abandoned places, I guess we know the score
On and on, does anybody know what we are looking for
Another hero, another mindless crime
Behind the curtain, in the pantomime
Hold the line, does anybody want to take it anymore
The show must go on
The show must go on, yeah
Inside my heart is breaking
My make-up may be flaking
But my smile still stays on

The show must go on
The show must go on
           
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1