#ദിനസരികള്‍ 363



ശരിയത്ത് വിവാദ കാലത്തെ അനുസ്മരിച്ചുകൊണ്ട് ഇ എം എസും ശരിയത്തും എന്ന ലേഖനത്തില്‍ എം എന്‍ കാരശ്ശേരി തികച്ചും പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്.:- “ജന്മം കൊണ്ട് ബ്രാഹ്മണനും കര്‍മ്മം കൊണ്ട് നിര്‍മതനുമായ ഒരു കമ്യൂണിസ്റ്റുകാരന്‍ എന്താവശ്യത്തിന് മുസ്ലീങ്ങളുടെ മതനിയമങ്ങളെ വിമര്‍ശിക്കുന്നു?” തികച്ചും ന്യായയുക്തമെന്ന് തോന്നിപ്പിക്കുന്ന ഈ ചോദ്യം സാധാരണ മതവേദികളില്‍ നിന്നും ഇടക്കിടക്ക് ഉയരാറുണ്ട്. അനുബന്ധമായി , “നിങ്ങളുടെ ചിന്തകളേയും വിശ്വാസങ്ങളേയും ഞങ്ങള്‍ ചോദ്യം ചെയ്യാറില്ലല്ലോ പിന്നെന്തിനാണ് ഞങ്ങളെ എതിര്‍ക്കുന്നത്? അതുകൊണ്ട് ഞങ്ങളെ ഞങ്ങളുടെ വിശ്വാസവുമായി വെറുതെ വിടൂ” എന്നുകൂടി അവര്‍ വാദിച്ചു കളയും. അവര്‍ അവരുടെ വഴിക്ക് പോകട്ടെ എന്നു ചിന്തിച്ചുകൊണ്ട് , സാധാരണബുദ്ധിയില്‍ ആ ന്യായവാദത്തെ പിന്തുണക്കുകകയായിരിക്കും പലരും ചെയ്യുക. അവിടെയാണ് ഇ എം എസിനെപ്പോലെ ഉത്പതിഷ്ണുവായ ഒരു ചിന്തകന് സമൂഹത്തെ പിന്നോട്ടടിക്കുന്ന ഏതൊരു നിലപാടുകള്‍ക്കെതിരേയും അതിശക്തമായി പ്രതികരിക്കേണ്ടി വരുന്നത്. തന്റെ ഇരുപതുകളില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇ എം എസ് പറയുന്നത് സ്വസമുദായത്തിലെ അനാചാരങ്ങള്‍‌ക്കെതിരെ അതിശക്തമായി പൊരുതണമെന്നും ഒരു ദിവസം ഒരു ആചാരത്തെയെങ്കിലും യുവാക്കള്‍ തെറ്റി നടക്കാന്‍ ശ്രദ്ധ വെക്കണമെന്നുമാണ്. പ്രമാണികളുടെ എതിര്‍പ്പിനുമുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഒരു വിധേയനായിട്ടല്ല ഇ എം എസ് ജീവിതമാരംഭിച്ചത്. അനീതികളോട് എള്ളിടവിടാതെ പോരാടിത്തന്നെയാണ് ആ വിപ്ലവകാരി ആധുനിക കേരളത്തിന്റെ ശില്പിയായത്.സമുദായമേതെന്നല്ല, അനീതി എവിടെയെന്നുമാത്രമായിരുന്നു ഇ എം എസിന്റെ പരിഗണനക്കു വിഷയമായത്. ശരിയത്ത് കാലത്ത് അദ്ദേഹത്തിന്റെ ഇടപെടലുകളെ വ്യാഖ്യാനിച്ചത് രണ്ടു തരത്തിലാണെന്ന് കാരശ്ശേരി എഴുതുന്നു. :-“ഒന്ന് ഇ എം എസ് ഒരു വര്‍ഗ്ഗീയ വാദിയാണ്.മുസ്ലിം വിരോധം കൊണ്ടാണ് അദ്ദേഹം ശരിയത്തിനെ വിമര്‍ശിക്കുന്നത്.രണ്ട് , ഇ എം എസ് ഒരു കുടില രാഷ്ട്രീയക്കാരനാണ്.മുസ്ലിം വോട്ടുകള്‍ വ്യാപകമായി സ്വാധീനിക്കാന്‍ കഴിയുന്ന മുസ്ലിംലീഗ് ഇ എം എസിന്റെ ഇടതുപക്ഷ മുന്നണിയെ എതിര്‍ക്കുന്ന ജനാധിപത്യമുന്നണിയില്‍ സജീവമായ ഘടകകക്ഷിയാണ്.അപ്പോള്‍ ഹിന്ദു വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ച് മുസ്ലിം വിരുദ്ധ വോട്ടുകള്‍ നേടുവാന്‍ വേണ്ടിയാണ് ഈ ശരീയത്ത് വിമര്‍ശനം” രണ്ടു വാദഗതികളേയും കാരശ്ശേരി പ്രസ്തുത ലേഖനത്തില്‍തന്നെ സമര്‍ഥമായി ഖണ്ഡിക്കുന്നുമുണ്ട്.അന്ന് ഇ എം എസിന് നേരിടേണ്ടി വന്ന എതിര്‍പ്പിന്റെ തീക്ഷ്ണത എത്രയോ ശക്തമായിരുന്നു.പുരോഗമനികളെന്ന് മേനി നടിക്കുന്ന ചിലരുടെ ഭാഗത്തു നിന്നു പോലും ഇ എം എസ് ആവശ്യമില്ലാത്ത വിഷയത്തിലാണ് തല വെച്ചത് എന്ന നിലപാട് ഉയര്‍ന്നു വന്നിരുന്നു.

ഇപ്പോഴാകട്ടെ ശരീരം മറച്ചു കെട്ടുന്ന വസ്ത്രമായും , മനുഷ്യ ചോരകൊണ്ട് ബലിയൂട്ടൂന്ന ആചാരമായും മുട്ടിനു മുട്ടിനു കുരിശുനാട്ടുന്ന കൌശലമായുമൊക്കെ മതവിശേഷങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ കണ്ണികളോട് ഇഴ ചേരുമ്പോള്‍ അക്ഷോഭ്യനായി നിന്നുകൊണ്ട് അരുതെന്ന് പറയുവാന്‍ ഒരു ഇ എം എസ് ഇല്ലാതെ പോയല്ലോ എന്ന് വേവലാതിപ്പെടുക.എ എന്ന മതമാണോ ശരി ബി എന്ന മതമാണോ ശരി എന്ന ചോദ്യമുയരുമ്പോള്‍ എ യുടേയോ ബി യുടേയോ പക്ഷം പിടിക്കാതെ രണ്ടും തെറ്റാണ് എന്നു പറയുവാനുള്ള ആര്‍ജ്ജവമാണ് പൊതു സമൂഹം നേടേണ്ടത്. അത്തരമൊരു ആര്‍ജ്ജവത്തിലേക്ക് അവരെ നയിക്കുന്ന നേതാക്കന്മാരെയാണ് ഇന്നിന് ആവശ്യം.മതരാഷ്ട്രവാദങ്ങളെ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ത്തു തോല്പിക്കേണ്ട ഒരു സന്ദിഗ്ദഘട്ടത്തില്‍ ആരേയും പിണക്കാന്‍ വയ്യ എന്ന് ഭാവിച്ചുകൊണ്ട് മൌനമവലംബിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നത് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂട.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1