#ദിനസരികള്‍ 364


            കേരള പോലീസിൽ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ തയ്യാറാക്കിയ പോലീസിലെ ക്രമിനലുകളുടെ കണക്കാണിത്. 2015-ൽ ഇത് 654 ആയിരുന്നു. മൂന്നുവർഷത്തിനുള്ളിൽ 475 പോലീസുകാർ കൂടി ക്രിമിനലുകളായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏഴുവർഷമായി ഈ റിപ്പോർട്ട് തയ്യാറാക്കപ്പെടുന്നുണ്ട്. പുതിയ പട്ടികയിൽ പത്തുപേർ ഡിവൈ.എസ്.പി.മാരും എട്ട് സി.ഐ. മാരുമുണ്ട്. 2011 ജൂലായ് മുതൽ 2018 ഫെബ്രുവരി വരെയുള്ള കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ക്രമിനിൽ കേസ് പ്രതികളായുള്ളത്. 215 ഉദ്യോഗസ്ഥരുടെ പേരാണ് തലസ്ഥാനത്ത് നിന്നുള്ളത്. കൊല്ലത്ത് 146 പേരും എറണാകുളത്ത് 125 പേരും കേസുകളിൽ പ്രതികളാണ്.കാക്കിക്കുള്ളിലെ ക്രിമിനലുകുളെക്കുറിച്ച് മാതൃഭൂമി തയ്യാറാക്കിയ പരമ്പരയില്‍ നിന്നാണ് മുകളിലുദ്ധരിച്ച ഭാഗം എടുത്തിരിക്കുന്നത്.
            പ്രത്യക്ഷമായിത്തന്നെ കേസുകളില്‍ പെട്ടിരിക്കുന്ന പോലീസുകാരുടെ കണക്കാണിത്. ആകെയുള്ള പോലീസ് സേനയുടെ ഏകദേശം രണ്ടോ മൂന്നോ ശതമാനത്തോളമുണ്ട് അവരുടെ എണ്ണം. ഇതുവരെ കേസുകളില്‍ പിടിക്കപ്പെടാതെയിരിക്കുന്നവരെക്കൂടി കണക്കിലെടുത്താല്‍ ആ ശതമാനക്കണക്ക് ഇനിയും വര്‍ദ്ധിക്കും.പത്തു ഡി വൈ എസ് പി മാരും എട്ടു സി ഐ മാരും ക്രിമിനലുകളാണെന്ന കാര്യം കൂടി ശ്രദ്ധിക്കുക. അവരെ ചുറ്റിപ്പറ്റി എത്ര പോലീസുകാര്‍ അഴിമതിക്കും മറ്റു കൊള്ളരുതായ്മക്കും കൂട്ടനില്ക്കേണ്ടിവരുമെന്ന് ചിന്തിച്ചു നോക്കുക.ഏകദേശം ഇരുപതോ ഇരുപത്തഞ്ചോ ശതമാനമാളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും അഴിമതിയിലും മറ്റു സാമൂഹ്യവിരുദ്ധ നടപടികളിലും ഏര്‍‌പ്പെട്ടിരിക്കുന്ന ഒരു സേനയാണ് നിയമപാലനത്തിന്റെ പേരു പറഞ്ഞ് നമ്മെ ഭരിക്കുന്നത് എന്ന കാര്യം ഞെട്ടിക്കേണ്ടതല്ലേ? കൈക്കൂലി, ലോക്കപ്പ് മര്‍ദ്ദനം തുടങ്ങി പോലീസിന്റെ ദൈനന്ദിന പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ടവക്കു പുറമേ സ്ത്രീ പീഢനം, മയക്കുമരുന്ന് മുതലായ കേസുകളില്‍ പോലും സേനാംഗങ്ങള്‍ ഉള്‍‌പ്പെട്ടിരിക്കുന്നുവെന്ന കാര്യം ലാഘവബുദ്ധിയോടെ കണക്കാക്കേണ്ട ഒന്നല്ലെന്ന് വ്യക്തമാണ്.കുറ്റക്കാരില്‍ എത്ര പേര്‍‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ? ഭൂരിപക്ഷവും സുരക്ഷിതരായി തങ്ങളുടെ ലാവണങ്ങളില്‍ ജോലി നോക്കുന്നു എന്നാണ് ഡി ജി പി റാങ്കിലുള്ള മൂന്നുദ്യോഗസ്ഥര്‍ ഉള്‍‍‌പ്പെട്ട അഞ്ചംഗ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.
            വിദ്യാഭ്യാസമുള്ള നല്ല ചെറുപ്പക്കാരുടെ മികച്ച ഒരു സംഘംതന്നെ താഴെത്തട്ടുമുതല്‍ പോലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റേതായ ഒരു മാറ്റം പോലീസിനെ സമീപിക്കുമ്പോള്‍ അനുഭവപ്പെടാറുമുണ്ട്.കാര്യങ്ങളെ അവര്‍ പരിശോധിക്കുന്നത് നിയമത്തിന്റെ വെളിച്ചത്തില്‍ തന്നെയാണ്.അവരെ നാം തീര്‍ച്ചയായും വിശ്വാസത്തിലെടുക്കേണ്ടതുതന്നെയാണ്. എന്നാല്‍  .പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്രയെത്ര ജീവിതങ്ങളെയായിരിക്കും കാക്കിയുടെ പിന്‍ബലത്തില്‍ ഈ സംഘം തച്ചു തകര്‍ത്തിട്ടുണ്ടാകുക? ലോക്കപ്പു മര്‍ദ്ദനങ്ങളും ഉരുട്ടിക്കൊലകളും കൈക്കൂലികളും കൊണ്ട് നിയമ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന ഇത്തരക്കാര്‍‌ക്കെതിരെ നടപടിയെടുക്കേണ്ടത് ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ അനിവാര്യമാണ്.ഏതൊരു ഭരണകൂടത്തിന്റേയും നിലനില്പ് ജനങ്ങളുടെ വിശ്വാസം നിലനില്ക്കുന്ന സമയം വരെയാണെന്നത് നാം മറക്കാതിരിക്കുക.
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1