#ദിനസരികള്‍ 360
||ചോദ്യോത്തരങ്ങള്‍||
ചോദ്യം : മാനന്തവാടിയിലെ
ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലക്കെതിരെയുള്ള സമരം ആയിരം
ദിവസത്തോളമാകുന്നു.എന്താണ് അഭിപ്രായം?
ഉത്തരം : തികച്ചും
അസംബന്ധമായ ഒരു നാടകമാണ് അത്. ആ നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍
ഇനിയെങ്കിലും പാവപ്പെട്ട ആദിവാസികളെ ബലിയാടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നതില്‍
നിന്നും പിന്തിരിയണമെന്നാണ് എന്റെ അഭിപ്രായം.പൊതുസമൂഹത്തിന്റെയോ മറ്റേതെങ്കിലും
വിഭാഗത്തിന്റെയോ പിന്തുണയില്ലാത്ത ഈ സമരം വ്യക്തിപരമായ താല്പര്യങ്ങളുടെ പേരില്‍
മാത്രം സംഘടിപ്പിക്കപ്പെട്ടതാണ്. എവിടെ നിന്നെങ്കിലുമൊക്കെ സമരത്തിനെതിരെ വിമര്‍ശനമുയരുമ്പോള്‍,
ഞെട്ടിയെഴുന്നേറ്റു വരുന്നതുപോലെ ആരൊക്കെയോ വന്ന് പിന്തുണ പ്രഖ്യാപിച്ച് വന്നതിലും
വേഗത്തില്‍ മടങ്ങുന്നു എന്നല്ലാതെ ആത്മാര്‍ത്ഥമായി ആ സമരത്തെ പിന്തുണക്കുന്ന ഒരു
സംഘടനയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആ സമരത്തെപ്രതി ഉണ്ടായിട്ടുള്ള
ആക്ഷേപങ്ങള്‍ക്കാകട്ടെ കൈയ്യും കണക്കുമില്ല.ഇനിയെങ്കിലും സമരത്തിന്റെ
പിന്നാമ്പുറത്തു പ്രവര്‍ത്തിക്കുന്നവര്‍ ആ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍
സ്വീകരിച്ചുകൊണ്ട് സമരം നടത്തുന്ന ഒന്നോ രണ്ടോ ആദിവാസികളോട് ദയ കാണിക്കണം. ഇത്
എത്രയോ തവണ പറഞ്ഞു കഴിഞ്ഞതാണ്. എല്ലാം പക്ഷേ കേവലം വനരോദനങ്ങളായി മാറുന്നു.അര്‍ത്ഥശൂന്യമായ
പിടിവാശികള്‍ നടക്കട്ടെ.
ചോദ്യം : മദ്യപാനം
മോശം തന്നെയല്ലേ?
ഉത്തരം : മദ്യപാനം മോശമാണെന്നൊന്നും ഞാന്‍ പറയില്ല.
അധികമാകുന്നുവെങ്കിലാണ് അത് മോശവും അപകടകരവുമാകുക. പച്ചവെള്ളം പോലും അമിതമായി
കുടിച്ചാല്‍ അപകടമുണ്ടാകുമല്ലോ. അതുകൊണ്ട് അവനവന്റെ ശക്തിക്കനുസരിച്ച്
അമിതമാകാതെയും ധനനഷ്ടവും മാനഹാനിയുമുണ്ടാകാതെയും മിതമായി കഴിച്ചു പോകുകയാണെങ്കില്‍
മദ്യത്തിനെ നിരോധിക്കേണ്ടതായി വരുന്നില്ല.എന്നാല്‍ മൂക്കു മണ്ണില്‍ മുട്ടുന്നതുവരെ
കുടിച്ചാലേ മതിയാകൂ എന്ന് കരുതി മദ്യമുപയോഗിക്കുന്നവരെ കെട്ടിയിട്ട് ചികിത്സിക്കുക
തന്നെ വേണം. അവര്‍ ദേശത്തിന് നഷ്ടവും കുടുംബത്തിന്
കഷ്ടവുമുണ്ടാക്കുന്നു.അത്തരക്കാരാണ് സമൂഹത്തില്‍ കൂടുതല്‍ എന്നുള്ളതുകൊണ്ടാണ്
നിരോധിക്കണം എന്ന് പലരും ആവശ്യപ്പെടുന്നതുതന്നെയെന്നു തോന്നുന്നു.മറ്റൊരു
വസ്തുതകൂടിയുണ്ട്. മദ്യനിരോധനം നടപ്പിലാക്കുന്നതിനുള്ള പക്വതയുണ്ടാകാത്ത ഒരു സമൂഹം
നിര്‍ബന്ധമായി മദ്യം നിരോധിക്കുമ്പോള്‍ അവര്‍ ലഹരിയുടെ മറ്റു വഴികളെ തേടുന്നു. അത്
അപകടകരമായതും പെട്ടെന്ന് കണ്ടെത്താനാകാത്തതുമായ സാധ്യതകളെ തുറന്നിടുന്നു. കേരള സമൂഹംതന്നെ
മദ്യേതര ലഹരിവസ്തുക്കളിലേക്ക് എളുപ്പം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
ചോദ്യം
: കുറച്ചു കുടിക്കാം എന്നു പറഞ്ഞ് നിങ്ങള്‍ മദ്യപാനത്തെ
പ്രോത്സാഹിപ്പിക്കുയാണല്ലോ ?
ഉത്തരം : നിഷേധിക്കുന്നില്ല. ആയിരിക്കാം. പക്ഷേ കുടിക്കാത്തവനോട്
കുറച്ചു കുടിക്കാം എന്നല്ല ഞാന്‍ പറഞ്ഞത്. മുഴുക്കുടിയനോട് കുറച്ചൊക്കെ ആകാം
എന്നാണ്.അധികമാകുന്നത് അവസാനിപ്പിക്കണം എന്നാണ്.അത് യാതൊരു വിധത്തിലുള്ള
പ്രേരണയുമുണ്ടാക്കുന്നില്ലല്ലോ.
Comments