#ദിനസരികള്‍ 354
എനിക്കിവര്‍ ചിരിക്കുമ്പോള്‍
ഭയം തോന്നുക ഹേ ശുക
സ്വത്വം പോയോര്‍ ചിരിക്കുമ്പോള്‍
ഭയം താനല്ലി തോന്നുക? – എന്ന് വിഷ്ണുനാരായണന്‍
നമ്പൂതിരി.മനുഷ്യന്‍ എന്ന സത്തയെയാണ് ഒരൊറ്റ സ്വത്വമായി കവി ഇവിടെ
പരിഗണിക്കുന്നത്.ആ സത്തയ്ക്ക് നിദാനമായിരിക്കുന്ന മൂല്യത്തിന് കോട്ടം തട്ടുമ്പോള്‍
മാനവന്‍ അമാനവനാകുന്നു, അസുരനാകുന്നു. മനുഷ്യരൂപമെങ്കിലും അത്തരക്കാരുടെ ചിരി
ഭയാനകമാകുക സ്വഭാവികം.
മുഖമെവിടെ എന്ന പേരില്‍ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു
കവിതയുണ്ട്. മൂന്നു കുഞ്ഞുകവിതകളുടെ സങ്കലനമാണ്. ഒന്നാമത്തേത് ചിത്രം
മുഖമെവിടെ ഞാന്‍ പകച്ചു ചോദിച്ചു
മുനിപോല്‍
മൂകനായിരിപ്പു ചങ്ങാതി
പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്റെ
പടമെന്നോര്‍ത്തിയാള്‍ വരച്ച ചിത്രത്തില്‍
കൊടിയുണ്ടാനകള്‍ കുടതഴകളും
കടും നിറം ചുറ്റിപ്പുരുഷാരങ്ങളും
ഒരുത്തനുമെന്നാല്‍ മുഖമി,ല്ലീ വിദ്വാന്‍
മുഴുപ്പിരിയനോ മഹാ വേദാന്തിയോ?
രണ്ട് ജാഥ
ഇതെന്തതിശയം ! പകലറുതിയില്‍
ഇളവറ്റു പടിപ്പുരയില്‍ ഞാന്‍ നില്‍ക്കേ
ഒരു മഹാജാഥ കടന്നു പോകുന്നു
ശരായിയും കളസവുമണിഞ്ഞവര്‍
കമനീയമായ തലപ്പാവുള്ളവര്‍
കഴല്‍വെപ്പില്‍ കടു കണിശമുള്ളവര്‍
അവര്‍ നേതാക്കന്മാര്‍ നിമന്ത്രിപ്പു തമ്മില്‍ :
“എവിടെ നിന്‍ മുഖം?
എവിടെ നിന്‍ മുഖം?”
മൂന്ന് ഛായ
വിളക്കിലീയല്‍ പോല്‍ പിടയുമീ പാവം
ജനത്തിനോടുള്ളില്‍ അലിവു തേങ്ങവേ
മിഴിനീരൊപ്പാന്‍ ഞാനുയര്‍ത്തും കൈലേസില്‍
തടയുന്നീലൊന്നും , - ഇതെന്തു ശൂന്യത!
പിടഞ്ഞന്ധാളിച്ചു
വിറച്ചു ഞാന്‍ മണി –
യറയില്‍പ്പാഞ്ഞെത്തിച്ചുമര്‍ക്കണ്ണാടിയില്‍
ഒരു നോക്കു കാണ്മേന്‍ : എനിക്കും കോളറിന്‍
മുകളി, ലെന്തയ്യോ മുഖമൊന്നില്ലെന്നോ ?
വെറുതെ പകര്‍ത്തി
വെച്ചുവെന്നേയുള്ളു.കാര്യമൊന്നുമില്ല.മുഖമില്ലാത്ത ഒരു പറ്റം ആളുകളുടെ ഇടയില്‍
മുഖമുണ്ടോയെന്ന് ആരെങ്കിലും പരിശോധിക്കാനൊരു പ്രേരണയായാല്‍ നന്ന്.അതല്ലാതെ ബസ്സില്‍
ബോധമറ്റു വീണ ഒരു മനുഷ്യനെ ആശുപത്രിയിലാക്കാതെ അത് തങ്ങളുടെ ഉത്തരവാദിത്തമല്ല
എന്നു വാദിക്കുന്നവരുടെ ഇടയില്‍ മറ്റെന്തു ചെയ്യാനാണ്? ഇന്നത്തെ
മാതൃഭൂമി പറയുന്നതാണ്. ബോധം കെട്ടു വീണയാളേയും കൊണ്ട് ആറു ആശുപത്രികളെ
പിന്നിട്ടുകൊണ്ട് ബസ്സ് ഓടിയത്രേ! എന്നിട്ടും ഒരാശുപത്രിക്കു മുന്നില്‍
ഒന്ന് നിറുത്തിക്കൊടുക്കാന്‍ മനസ്സു വന്നില്ലല്ലോ.അയാള്‍ മരിച്ചു.ഒരു പത്തു
മിനിട്ടു മുമ്പ് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു
എന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.ബസ്സു ജീവനക്കാര്‍ക്കെതിരെ
കൊലക്കുറ്റത്തിനടക്കം നടപടിയെടുക്കാം. പക്ഷേ ഈ മനോഭാവത്തിനെ എങ്ങനെ ചികിത്സിക്കാം
എന്നതാണ് ചോദ്യം.
Comments