#ദിനസരികള്‍ 359
സ്വാമി
സന്ദീപാനന്ദ ഗിരി , ‘ഭാരതീയത : മിത്തും യാഥാര്‍ഥ്യവും’ എന്ന
വിഷയത്തെക്കുറിച്ച് നാളെ വൈകുന്നേരം ഏഴുമണിക്ക് മാനന്തവാടിയിലെ കമ്യൂണിറ്റി ഹാളില്‍
സംവദിക്കുന്നു. പ്രസ്തുത സംവാദത്തിന്റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്ന ഡി വൈ എഫ് ഐ
, തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ചര്‍ച്ചക്കുള്ള വിഷയം നിശ്ചയിച്ചിരിക്കുന്നതെന്നത്
അഭിനന്ദനീയം തന്നെയാണ്. സമകാലികമായി ദുര്‍വ്യാഖ്യാനങ്ങളിലൂടെ ഏറ്റവുമധികം
ദുരുപയോഗം ചെയ്യപ്പെട്ട ഭാരതീയത എന്ന സങ്കല്പത്തിന്റെ നേരും നുണയും
വ്യക്തമാക്കുന്നതിന് ഈ സംവാദത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
ഭാരതീയത എന്നു കേള്‍ക്കുമ്പോള്‍ സവിശേഷമായ ഏതോ ഒന്നിനെ
പ്രത്യേകം സൂചിപ്പിക്കുന്നതാണ് എന്നു ചിന്തിച്ചു പോകുന്നുവെങ്കില്‍ നമുക്കു തെറ്റു
പറ്റും. അങ്ങനെ ഏതെങ്കിലും ചിന്താസരണിയേയോ കാഴ്ചപ്പാടുകളേയോ അടര്‍ത്തിമാറ്റിയെടുത്തുകൊണ്ട്
ഇതാണ് ഭാരതീയതയുടെ സൂചകമായിരിക്കുന്നത് എന്ന് വാദിക്കുക അസാധ്യമാകുന്നു.കാരണം
വിവിധങ്ങളും എന്നാല്‍ ശക്തങ്ങളുമായ ഒരു പിടി ആശയസംഹിതകളെ പരിപാലിച്ചുകൊണ്ട് വളര്‍ന്ന്
തിടംകൊണ്ട സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഭാരതീയത എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
അതില്‍ ചിലത് മികച്ചത് ചിലത് മോശം എന്നിങ്ങനെ വേര്‍തിരിച്ചെടുക്കുന്നത്
നിഷ്പ്രയോജനകരവും നിരുത്തരവാദപരവുമാണെന്നതില്‍ സംശയമില്ല.എന്നാല്‍ ഇക്കാലങ്ങളില്‍
സംഭവിക്കുന്നത് ഭാരതീയതയെ അതിന്റെ തന്നെ
സമഗ്രതയില്‍ മനസ്സിലാക്കുക എന്നതല്ല മറിച്ച് രാഷ്ട്രീയമായ ലാഭങ്ങളെ ലക്ഷ്യം
വെച്ചുകൊണ്ട് വിഭാഗീയമായും സങ്കുചിതമായും വ്യാഖ്യാനിച്ചെടുക്കുക എന്ന
ദുര്യോഗമാണ്.അത്തരം വ്യാഖ്യാനങ്ങള്‍ക്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ഉണ്ടാക്കിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്നതും വസ്തുതയാണ്. അതുകൊണ്ടാണല്ലോ ജാതി മത ശക്തികള്‍ക്ക്
രാഷ്ട്രീയമായി അധികാരത്തിലെത്താനും ഭാരതത്തെയാകമാനം അടക്കി ഭരിക്കാനും കഴിഞ്ഞത്.
ഭാരതീയത എന്നു പറഞ്ഞാല്‍ ഹൈന്ദവതയാണെന്നും ഹൈന്ദവത എന്നു
പറഞ്ഞാല്‍ അത് പൊളിറ്റിക്കല്‍ ഹിന്ദുത്വയാണെന്നുമുള്ള വ്യാഖ്യാനങ്ങളെ മുഖാമുഖം
നേരിടേണ്ട സമയമായിരിക്കുന്നു.ഒരു രാഷ്ട്രീയ അജണ്ടയായി ഹിന്ദുത്വ മാറുന്നതോടുകൂടി
ഭാരതത്തിന്റെ വൈവിധ്യമെന്ന മനോഹരമായ സങ്കല്പത്തിനാണ് - ചാര്‍വാകനും ബൌദ്ധനും
ജൈനനും വൈദികനും സാംഖ്യനുമൊക്കെ അടങ്ങുന്ന വൈവിധ്യത്തിനാണ് –
ക്ഷതമേല്ക്കുന്നത്.ബഹുസ്വരങ്ങളും ബഹുമുഖങ്ങളുമായ ധാരകളെ ഇല്ലായ്മ ചെയ്തുകൊണ്ട്
ഏകസ്വരവും ഏകമുഖവുമായ ഒരു ക്രമത്തെ പകരം പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ
പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.അതിനുള്ള ശ്രമങ്ങളുടെ തുടക്കമായി ഭാരതത്തിന്റെ ,
ഭാരതീയതയുടെ യഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ഒരവസരമായി സ്വാമി സന്ദീപാനന്ദ
ഗിരിയുടെ ഈ സംവാദം മാറുമെന്ന് പ്രത്യാശിക്കട്ടെ
Comments