#ദിനസരികള്‍ 355



||ചോദ്യോത്തരങ്ങള്‍||

ചോദ്യം : ഏഷ്യാനെറ്റ് കൊണ്ടു വന്ന മിച്ചഭൂമി വിവാദത്തില്‍ ശ്രി സികെ ശശിന്ദ്രന്‍ എം എല്‍ എ എന്തിനാണ് ഇത്ര ശക്തമായി സി പി ഐ യെ ന്യായീകരിക്കുന്നത് ?
ഉത്തരം : ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ചിന്തക്ക് മേല്‍‌ക്കോയ്മയുള്ള ഇക്കാലത്ത് സി കെ ശശീന്ദ്രന്റെ നിലപാടിന്റെ മഹത്വം മനസ്സിലാക്കാന്‍ കുറച്ച് വിഷമമാണ്.ഇടതുപക്ഷ മുന്നണിയിലെ ഒരു പ്രധാനപ്പട്ടെ കക്ഷിയെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും മുന്നണിയെയാകെത്തന്നെ ബാധിക്കും എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.അതുകൊണ്ട് കിട്ടിയ അവസരത്തില്‍ അവര്‍‌ക്കെതിരെ പ്രതികരിക്കുകയല്ല വേണ്ടത് മറിച്ച് മുന്നണി മര്യാദ പാലിക്കുക എന്നതാണെന്ന തിരിച്ചറിവിന് നന്ദി പറയുക.അതേ സമയം ഇപ്പുറത്ത് ഇടതുമുന്നണിയിലെ സി പി ഐ ഒഴികെയുള്ള മറ്റേതെങ്കിലും ഒരു കക്ഷിയാണെന്ന് കരുതുക. ഏറ്റവും വലിയ ആരോപണവുമായി ആദ്യംതന്നെ രംഗത്തു വരുന്നത് ഈ സി പി ഐ തന്നെയായിരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ചോദ്യം : വയല്‍ക്കിളികളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

ഉത്തരം : ബി ജെ പിക്ക് കടന്നു വരാനുള്ള വഴിയൊരുക്കുക എന്നതല്ലാതെ ആ സമരത്തിന് മറ്റൊരു അജണ്ടയുമില്ല. സി പി ഐ എമ്മിനോടുള്ള അന്ധമായ വിരോധം മാത്രമാണ് ആ സമരത്തിന് മുന്നില്‍ നില്ക്കുന്നവരുടെ കൈമുതല്‍. ആ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ( 2018 ഏപ്രില്‍ 8 ) കെ സഹദേവനെഴുതിയ ഒരു ലേഖനമുണ്ട്. അതിന്റെ ഒരു ഭാഗം പകര്‍ത്തട്ടെ 2017 ലെ മുത്തങ്ങ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടി ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവ് ദയാമണി ബര്‍ളയുമായി സംസാരിക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടതനുസരിച്ച് ബര്‍ളയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ എന്‍ ഡി എയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സി കെ ജാനു ഈ പരിപാടിയുടെ സംഘാടകയാണോ എന്നതായിരുന്നു അവരുടെ ആദ്യ ചോദ്യം.അല്ലെന്നും രണ്ടു വിഭാഗങ്ങള്‍ വെവ്വേറെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പറഞ്ഞപ്പോള്‍ ദയാമണി പറഞ്ഞത് സഹദേവന്‍ അക്കാര്യം ഉറപ്പു വരുത്തണം.ഇന്ത്യയിലെമ്പാടും ആദിവാസികളും ദളിതരും കര്‍ഷകരും ന്യൂനപക്ഷവും നിരന്തരം ഏറ്റുമുട്ടുന്നത് സംഘപരിവാര്‍ ശക്തികളുമായിട്ടാണ്.അവരുമായി വിദൂര ബന്ധം പുലര്‍ത്തുന്നവരുമായിട്ടു പോലും വേദി പങ്കിടുന്നതില്‍ നൈതികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളുണ്ട്എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘപരിവാര ശക്തികളെ കൂട്ടുപിടിച്ചു കൊണ്ട് പ്രകൃതിസ്നേഹത്തിന്റെ പേരു പറഞ്ഞ് പുത്തന്‍ മുന്നണികളുണ്ടാക്കുവാന്‍‌ കേരളത്തിലെ ചില ഉദ്ബുദ്ധര്‍ ശ്രമിക്കുന്നത്.

ചോദ്യം : സി പി ഐയുടെ ജില്ലാ സെക്രട്ടറി ശ്രീ വിജയന്‍ ചെറുകര കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നുണ്ടോ?

ഉത്തരം : ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആ രംഗങ്ങളില്‍ വിജയന്‍ ചെറുകരയുടെ വീട്ടില്‍ നടന്ന സംഭാഷണങ്ങളില്‍ അസ്വാഭാവികതയുണ്ട്. ഒന്ന് മിച്ചഭൂമിയാണെന്ന് അറിഞ്ഞിട്ടും ആ ചര്‍ച്ച നീണ്ടു. രണ്ട് അവസാനം ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ രണ്ടു പേരുമായിരിക്കുമല്ലോ ഇനിയും ബന്ധപ്പെടുന്നത് എന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തില്‍ ഇനിയും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടും എന്ന സൂചനയുണ്ട്.എന്നുവെച്ചാല്‍ ക്രമവിരുദ്ധമായ ഒരു കാര്യം പറഞ്ഞവസാനിപ്പിച്ചില്ല എന്നത് ഗുരുതരമായ തെറ്റാണ്.





Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം