#ദിനസരികള്‍ 358






            പെരുച്ചാഴികള്‍ എന്നാണ് എസ് എന്‍ ഡി പിയുടെ നേതൃത്വത്തെ നാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ഡോ പല്പു 1923 ല്‍ എഴുതിയ ഒരു കത്തില്‍ വിശേഷിപ്പിച്ചത്.ഗുരുവിന്റെ സങ്കല്പങ്ങളില്‍ നിന്നും ആ പ്രസ്ഥാനം അത്രമാത്രം വ്യതിചലിച്ചിരുന്നു. ഭേദ ചിന്തകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു മൂല്യബോധത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആ ആചാര്യന് തന്റെ ചിന്തകളെ ജനമധ്യത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘടനയെത്തന്നെ അവസാനം തള്ളിപ്പറയേണ്ടിവന്നു. യോഗത്തിന്റെ നിശ്ചയങ്ങളെ നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നുഎന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച വസ്തുതകള്‍ എത്ര വേദനാ ജനകമായിരിക്കണം എന്നു ചിന്തിച്ചു നോക്കുക.
            ആ പ്രസ്ഥാവനയില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ജാത്യാഭിമാനം എന്ന പ്രയോഗം നോക്കുക. ഏതൊന്നിനെ എതിര്‍ക്കുന്നതിന് വേണ്ടിയാണോ ഗുരു തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത് , ഗര്‍ഹണീയമായ അതേ സംഗതി, താന്‍ രൂപീകരിച്ച സംഘടനയെത്തന്നെ ചൂഴ്ന്നു നില്ക്കുന്നത് കണ്ട് അദ്ദേഹം അമ്പരന്നു പോയിട്ടുണ്ടാകണം.ഒരു ഘട്ടത്തില്‍ ഇനി കേരളത്തിലേക്കില്ല എന്നു പോലും ഗുരു നിശ്ചയിക്കുന്നുണ്ട്.അത്രമാത്രം ഗുരു കേരളത്തില്‍ നിന്നും അകന്നു നില്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം.മുറിവുകളില്ലാത്ത വിശ്വമാനവികതക്കുവേണ്ടി പ്രയത്നിച്ച ലോകവന്ദ്യനായ ഒരു ഗുരുവിനെ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ആദരിക്കുന്നസവിശേഷമായ രീതിയാണ് നാം കണ്ടത്.
            ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ വഴി പിഴച്ചുപോയ ഒരു സംഘടനയാണ് എസ് എന്‍ ഡി പി. രൂപീകരണ സമയത്തുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യങ്ങളെയൊക്കെ കൈയ്യൊഴിഞ്ഞ് സങ്കുചിതമായ ധാരണകളെ പിന്‍പറ്റി നടക്കാന്‍ തുടങ്ങിയ ആ സംഘടനയെ ഗുരു കൈയ്യൊഴിഞ്ഞതുപോലെ കേരളവും കൈയ്യൊഴിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വ്യക്തിപരമായ താല്പര്യങ്ങളുടെ വഴിക്കാണ് ആ സംഘടന നടന്നുകൊണ്ടിരിക്കുന്നത്. ജാതിരഹിതമായ ഒരു ജീവിതപന്ഥാവിലേക്ക് ജനതയെ ആകര്‍ഷിക്കുക എന്ന മൂലതത്വമൊക്കെ എന്നേ കൈവെടിഞ്ഞിരിക്കുന്നു.
            അവനവനാത്മസുഖത്തിനാചരിക്കുന്നവ
            യപരന്നു സുഖത്തിനായ വരേണം - എന്നൊക്കെ പ്രസംഗവേദികളില്‍ വെറുതെ എഴുന്നള്ളിക്കാനുള്ള കോപ്പുകളായി മാത്രം പരിണമിച്ചിരിക്കുന്നു. ഗുരുവിന്റെ ദര്‍ശനങ്ങളെ പിന്‍പറ്റുന്ന , ഗുരു പഠിപ്പിച്ച പാഠങ്ങളെ ഉള്‍‌ക്കൊള്ളുന്ന ഒരു സംഘമാണ് ഇന്നത്തെ ലോകത്തിനും കാലത്തിനും ആവശ്യമായിട്ടുള്ളത്.അതുകൊണ്ട് ശ്രീ നാരായണനെ സ്നേഹിക്കുന്നവര്‍ എസ് എന്‍ ഡി പിയെ തിരിച്ചു പിടിക്കാനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സമയമായിരിക്കുന്നു. ശ്രീ നാരായണനോട് കേരളത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ നന്ദിപ്രകടനമായിരിക്കും ആ പ്രയത്നമെന്നുകൂടി സൂചിപ്പിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1