#ദിനസരികള്‍ 356
ലൈംഗികത പൌരോഹിത്യത്തിന്റെ വിശുദ്ധിയെ സംരക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ പാപമാണെന്നും കരുതിപ്പോരുന്ന മതബോധത്തിന് അനുപേക്ഷണീയമായ ഒരു ഘടകമാണ് ബ്രഹ്മചര്യമെന്ന് പല മതങ്ങളും സാക്ഷ്യപ്പെടുത്തുന്നു.ബ്രഹ്മചാരിയായിരിക്കുന്നവന് അനിതരസാധാരണമായ എന്തൊക്കെയോ കഴിവുകളുണ്ടെന്ന് മതം ചിന്തിക്കുന്നു.ജീര്‍ണമതങ്ങള്‍ മാത്രമല്ല ഇക്കാലത്തെ സജീവമായ മതങ്ങള്‍ കൂടി ഈ വിശ്വാസത്തെ മുറുകെ പിടിക്കുന്നുണ്ടെന്ന് കാണാം.ഇങ്ങനെ സ്ത്രീ സംസര്‍ഗ്ഗമില്ലാതെ ബ്രഹ്മചാരിയായിരിക്കുന്നവര്‍ക്ക് കരഗതമാകുന്ന നേട്ടങ്ങളെക്കുറിച്ച് മതങ്ങള്‍ വാചാലരാകുന്നതുകൊണ്ടുതന്നെ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.ബ്രഹ്മചാരിയായിരിക്കുന്നവന് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ല എന്നുമാത്രം സൂചിപ്പിക്കട്ടെ.
എന്റെ കൌതുകം ബ്രഹ്മചാരിവ്രതം വേണോ വേണ്ടയോ എന്നതിലല്ല മറിച്ച് ബ്രഹ്മചാരിയായിരിക്കുവാന്‍ നമ്മുടെ ചില സന്യാസികള്‍ അനുഭവിച്ച കഷ്ടപ്പാടുകളിലാണ്.ശങ്കരാചാര്യരാല്‍ വിരചിതമെന്ന് കണക്കാക്കപ്പെടുന്ന ഭജഗോവിന്ദം എന്ന കൃതിയില്‍ അദ്ദേഹം
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദിവികാരം
മനസി വിചിന്തയ വാരം വാരം
(നാരിമാരുടെ സ്തനങ്ങളും നാഭീദേശവും ദർശിച്ച് മോഹാവേശം കൊള്ളാതിരിക്കൂ.ഇവ മാംസം, കൊഴുപ്പ് ആദിയായവയുടെ പരിണാമം മാത്രമാണെന്ന് മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ - വിക്കിഗ്രന്ഥശാല ) എന്നു പറയുന്നുണ്ട്.ഏതായാലും മാംസത്തിന്റെ ഏണും കോണും ആചാര്യന്‍ കൃത്യമായി എടുത്തു പറയുന്നുണ്ട്.ഇതൊക്കെയും മാംസത്തിന്റെ വകഭേദങ്ങള്‍ മാത്രമാണെന്നും അവയിലൊന്നും വീണു ഭ്രമിക്കരുത് എന്നു പറയുന്നതില്‍ നിന്ന് ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടും അതിന്റെ പിടിയില്‍ നിന്ന രക്ഷപ്പെടാനുള്ള വിഷമവും വ്യക്തമാണ്.
കേരളം കണ്ട സന്യാസിവര്യരില്‍ പ്രമുഖനായ ശ്രീനാരായണനാകട്ടെ ലൈംഗികതയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശരിക്കും ഉഴറിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ശിവശതകം എന്ന കൃതി നോക്കുക.താനനുഭവിക്കുന്ന സങ്കീര്‍ണമായ മാനസികാവസ്ഥ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു
പിഴ പലതുള്ളിലിരുന്നു പലപ്പൊഴും
ചുഴൽവതുകൊണ്ടു ശിവായ നമോʃസ്തു തേ
പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
നഴലതിലിട്ടലിയുന്നൊരു വെണ്ണപോൽ.
ചിലപ്പൊഴീ മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ എന്ന് കുമാരനാശാന്റെ സീത പറയുന്നതുപോലെ നാരായണന്റെ മനസ്സും ഓടാത്ത വഴികളില്ല എന്ന് വ്യക്തം. പിന്നീട് അദ്ദേഹം വെല്ലുവിളികളെ കുറച്ചു കൂടി അടുത്തുചെന്ന് നോക്കിക്കാണുന്നുണ്ട്.
മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!
തലമുടി കോതി മെടഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!
കുരുവുകൾപോലെ കുരുത്തു മാർവിടത്തിൽ
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതു നോക്കി വരുന്ന തീവിനയ്ക്കി-
ന്നൊരുകുറി പോലുമയയ്ക്കൊലാ മഹേശാ!
കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
തടമുലയേന്തി വരുന്ന കൈവളപ്പെൺ-
കൊടിയടിപാർത്തു നടത്തൊലാ മഹേശാ!
കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
നരകനടുക്കടലിൽ ഭ്രമിയാതെ, നിൻ
ചരിതരസാമൃതമെന്നുടെ മാനസേ
ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.
പരിപൂര്‍ണനായ ഒരു സന്യാസിയാകുക എന്ന ലക്ഷ്യം (പരിപൂര്‍ണനായ ഒരു സന്യാസിയാകുക എന്ന ലക്ഷ്യം കൈവരിക്കാനാകുമോ എന്നത് മറ്റൊരു തര്‍ക്ക വിഷയമാണ്) കൈവരിക്കുന്നതിന് വേണ്ടി ഇത്തരം വെല്ലുവിളികളെയൊക്കെ ശ്രീനാരായണന്‍ തട്ടിമാറ്റിയിട്ടുണ്ടെങ്കിലും ഈ പറഞ്ഞ സവിശേഷമായ ആകര്‍ഷണങ്ങളെ അദ്ദേഹം നന്നായി നിരീക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തം. കൊലമദയാന , നാഭിയാകും കുഴി തുടങ്ങി എത്രയോ രസകരമായ വിശേഷണങ്ങളാണ് ഈ വരികളിലാകെ നിറഞ്ഞിരിക്കുന്നതെന്ന് നോക്കുക.ഇത്രമാത്രം വിഷമിച്ച് ബ്രഹ്മചാരിയായിരിക്കേണ്ടതിന്റെ ആവശ്യമെന്ത് ? എന്തായാലും ശ്രീബുദ്ധന്‍ ബ്രഹ്മചാരിയായിരുന്നില്ലെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ.
Comments