#ദിനസരികള്‍ 340


ഐഡിയോളജി അഥവാ പ്രത്യയശാസ്ത്രം എന്ന പദത്തിന് ഗ്രാംഷിയന്‍ പരികല്പനകളില്‍ അസാധാരണമായ പ്രാധാന്യമുണ്ട്.ഇ.എം എസും പി ജിയും ചേര്‍ന്നെഴുതിയ ഗ്രാംഷിയന്‍ വിചാരവിപ്ലവം എന്ന പുസ്തകത്തില്‍ പ്രത്യയശാസ്ത്രം എന്തെന്ന് ഇങ്ങനെ പറയുന്നു :- രാഷ്ട്രീയവും നിയമപരവും ധാര്‍മികവും സൌന്ദര്യശാസ്ത്രം പരവും ദാര്‍ശനികവും ആയ വീക്ഷണങ്ങളുടേയും ആശയങ്ങളുടേയും വ്യവസ്ഥ , ഉപരിഘടനയുടെ ഭാഗമായ പ്രത്യയശാസ്ത്രം ആത്യന്തികമായി സമൂഹത്തിലെ സാമ്പത്തിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു.വിരുദ്ധ താല്പര്യങ്ങളുള്ള വര്‍ഗ്ഗങ്ങളോടുകൂടിയ സമൂഹത്തില്‍ പ്രത്യയശാസ്ത്രസമരം വര്‍ഗ്ഗസമരത്തിന്റെ പ്രതിഫലനമായിരിക്കും.പ്രത്യയശാസ്ത്രം ശരിയോ തെറ്റോ ആയ വിധത്തില്‍ ശാസ്ത്രീയമോ അശാസ്ത്രീയമോ ആയ വിധത്തില്‍ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാകണംപ്രത്യയശാസ്ത്രവും സംസ്കാരവും സമൂഹത്തെ ചലനാത്മകമാക്കിത്തീര്‍ക്കുന്നതില്‍ പരസ്പരം ഇടപെട്ടുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടുതലത്തില്‍ വേര്‍തിരിക്കപ്പെടുന്നതായി പി ജി രേഖപ്പെടുത്തുന്നു ഒന്ന് പൊളിറ്റിക്കല്‍ സൊസൈറ്റി അഥവാ രാഷ്ട്രീയ സമൂഹം , രണ്ട് സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹം.രാഷ്ട്രീയ സമൂഹത്തിന്റെ നിലനില്പിന് ആധാരം ഭരണാധികാരി കൈയ്യാളുന്ന മര്‍ദ്ദനോപാധിയാണ്.സമൂഹത്തിന്റെ ചിട്ടവട്ടങ്ങളേയും അധികാര ഘടനയേയും വെല്ലുവിളിക്കുന്നവര്‍‌ക്കെതിരെ പോലീസ് കോടതി സൈന്യം മുതലായവ മുഖേനേ പ്രയോഗിക്കുന്നതോ പ്രയോഗക്ഷമമായതോ ആ മര്‍ദ്ദനോപാധിയാണ് സമൂഹഘടനയേയും അതിന്റെ അടിസ്ഥാനപരമായ ഉല്‍പ്പാദനബന്ധങ്ങളേയും ചൂഷണവ്യവസ്ഥയേയും നിലനിറുത്തുന്നത്.ഒരു വര്‍ഗ്ഗം അല്ലെങ്കില്‍ വര്‍ഗ്ഗസഖ്യം മറ്റു വര്‍ഗ്ഗങ്ങളുടെ മേല്‍‌ ആധിപത്യം ചെലുത്താന്‍ ഉപയോഗപ്പെടുത്തുന്ന ഹിംസയുടെ ഘടനയാണ് ഭരണകൂടം എന്ന പ്രസിദ്ധമായ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ രൂപാന്തരപ്പെടുത്തിയ സങ്കല്പനമാണ് ഗ്രാംഷിയുടെ രാഷ്ട്രീയ സമൂഹം.നേരെ മറിച്ച് സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹത്തിന്റെ നിലനില്പ് സംസ്കാരത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും സ്വാധീനശക്തിയെ ആശ്രയിച്ചിരിക്കുന്നു
            ഈ സന്ദര്‍ഭത്തില്‍ പൌരസമൂഹം , പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ചൊക്കെ ഒരു ധാരണയുണ്ടാക്കിയതുപോലെ മറ്റൊരു ഗ്രാംഷയിന്‍ പരികല്പനയായ ഹെജിമനി എന്തെന്നുകൂടി ചര്‍ച്ച ചെയ്യുന്നതു നന്നായിരിക്കുമെന്ന് കരുതുന്നു.സാംസ്കാരികപഠനത്തില്‍ ഒഴിച്ചു നിറുത്താനാവാത്ത ഒരു പദമായി മാറിക്കഴിഞ്ഞ ഹെജിമനി എന്ന ആംഗലപദത്തിന്റെ അര്‍ത്ഥപരിസരങ്ങളെ ആവാഹിച്ചെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മലയാള പദത്തെ കണ്ടെത്തുക ദുഷ്കരമാണ്.മാര്‍ക്സിസത്തിന്റെ വീണ്ടെടുപ്പുകളില്‍ സുനില്‍ പി ഇളയിടം മേല്‍‌ക്കോയ്മ എന്ന പദത്തെ ഹെജിമനിയുടെ മലയാളമായി നല്കിയിരിക്കുന്നു.ദീര്‍ഘമായ ചര്‍ച്ചക്കുശേഷം ഗ്രാംഷിയന്‍ വിചാരവിപ്ലവവും മുന്നോട്ടു വെച്ചത് മേല്‍ക്കോയ്മ എന്ന പദംതന്നെയാണ്.ഒരു വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു വര്‍ഗ്ഗത്തിന് അധികാരം പിടിച്ചെടുക്കണമെങ്കില്‍ പ്രത്യയശാസ്ത്രപരമായ ഹെജിമനിയുടെ സംസ്ഥാപനം ആവശ്യമായി വരുന്നു (ടി പുസ്തകം ) (തുടരും )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1