#ദിനസരികള്‍ 344



സുഗതകുമാരി എഴുതിയ ജെസ്സി എന്നൊരു കവിതയുണ്ട്.ജീവിതത്തിന്റെ അപ്രവചനീയമായ ഒഴുക്കുകളില്‍ തകര്‍ന്ന് തുലഞ്ഞു പോയ  ജീവിതത്തെ ആവിഷ്കരിക്കുന്ന ആ കവിതയിലെ ജെസ്സി എന്ന കഥാപാത്രത്തെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഇടവഴികളില്‍ വെച്ച് നാം കണ്ടുമുട്ടിയിട്ടുണ്ടാകും.ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതങ്ങളാണ് അവയൊക്കെയും തന്നെ.ജെസ്സിയും പറയുന്നതു് ഒരാര്‍ത്ഥനാദം പോലെ പാഞ്ഞുപോകുന്ന ജീവിതത്തിന് നേരിടേണ്ടിവരുന്ന കെടുതികളെക്കുറിച്ച് തന്നെയാണ്.ജെസ്സി കവയത്രിയുടെ സഹപാഠിയായിരുന്നു.എല്ലാ ബാല്യങ്ങളേയും പോലെ കൊച്ചുകൊച്ചുകുതൂഹലങ്ങളില്‍ തുങ്ങിയാടുന്ന രസികത്തരങ്ങളുമായി ജീവിതത്തിന്റെ തുടക്കങ്ങളില്‍ ജെസ്സിയും പിച്ച വെച്ചിട്ടുണ്ടാകണം.എന്നാല്‍ കവിത അവളെ കാണിച്ചു തരുമ്പോള്‍ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ് കനം തുങ്ങി വിളര്‍ത്ത , കാല്‍ മുട്ടിലുണങ്ങാത്ത വ്രണമുള്ള ഒരു കുട്ടിയാണ്.കേള്‍ക്കുക
            ഒന്നിച്ചു നാലാം ക്ലാസിലിരുന്നോള്‍ ജെസ്സി കണ്ണില്‍
            കണ്ണുനീര്‍ കനംതൂങ്ങി നില്പവള്‍ വിളര്‍ത്തവള്‍
            കാല്‍മുട്ടിലുണങ്ങാത്ത ചിരങ്ങും മയം തീരെ
            ക്കാണാത്ത ചെറുമുടിപ്പിന്നലും നിറംമങ്ങി
            പ്പിഞ്ഞിയ പാവാടയും എന്നാണ് ജെസ്സിയെ കവി ചിത്രീകരിക്കുന്നത്.പിന്നീടൊരിക്കലും കറുത്ത നിറത്തിലല്ലാതെ അവളെ നമുക്ക് കാണാനും കഴിയുന്നില്ല.
അതിജീവിക്കും എന്ന പ്രതീക്ഷ പരത്തിക്കൊണ്ട് ജെസ്സി ഒരിക്കല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.അന്ന് അക്കണ്ണുകള്‍ ചിരിക്കുന്നുണ്ടെങ്കിലും ചിതറിപ്പോയ കുടുംബത്തിന്റെ വേവലാതികള്‍ ഉള്ളിലൊളിപ്പിച്ചുവെച്ചുകൊണ്ടാണ് അവള്‍ ജീവിതം തുഴയുന്നതെന്ന വസ്തുത നാം മനസ്സിലാക്കുന്നു.
            അമ്മച്ചി പോയി ദൈവം വിളിക്കെ , യപ്പന്‍‌ വേറെ
            പെണ്ണുകെട്ടിപ്പോയ് താനേ കുടുംബം ചിതറിപ്പോയ്
            ചേച്ചിയെക്കാണാനില്ലൊരാങ്ങള തടിമില്ലി
            ലീര്‍ച്ചവാള്‍ വലിക്കുന്നു, കൊച്ചുങ്ങള്‍ രണ്ടും പോയി
            രണ്ടുപേര്‍ പള്ളിക്കാര്‍ തന്‍ കൃപയില്‍ കഴിയുന്നു
            തന്റെ കൈകളോ വേല ചെയ്തിന്നു പിഴയ്ക്കുന്നു
            അങ്ങനെ എല്ലാ പ്രതീക്ഷകളേയും കൂട്ടിപ്പിടിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്ന ജെസ്സി പക്ഷേ എങ്ങുമെത്താതിരിക്കുക എന്നൊരു ദുരന്തമാകുകയാണ്. മാംസളതയുടെ കാലത്ത് കാബറേ ഡാന്‍സിലേക്കെത്തിപ്പെടുകയും തന്റെ ഊര്‍ജ്ജമാകെയും അവിടെ ചെലവഴിച്ചു കഴിയുമ്പോള്‍ പുറന്തോടിനെ ആട്ടിയകറ്റുകയും ചെയ്യുന്ന ലോകത്തിന്റെ കെട്ട നീതി ജെസ്സിയേയും വന്നുതൊടുന്നുണ്ട്.ഗള്‍ഫിലെ ഒരു ഷേക്കിന് വീട്ടുപണിക്കായി പോകുന്ന ജെസ്സിയെയാണ് നാം അവസാനമായി കാണുന്നത്.തിരിച്ച് ഈ കെട്ട നാട്ടിലേക്കില്ല എന്നാണയിട്ടുകൊണ്ടു കൊണ്ട് എന്നെന്നേക്കുമായി വിടപറയുന്ന ജെസ്സിയെ നാം എങ്ങനെയായിരിക്കും യാത്രയാക്കുക?
                        ഉറക്കെ വിളിക്കുവാന്‍ തോന്നുന്നൂ പോകല്ലേ നീ
                        നിനക്കു വയ്യാതായി വിശ്രമം വേണ്ടേ ജെസ്സി?
                        കുറച്ചൊന്നിരിക്കുകീത്തണലില്‍ പിന്നെപ്പിന്നെ
            യുറക്കം വരും മെല്ലെക്കിടക്കാം പാവം കുട്ടി എന്നു പറയാനാണ് കഴിയുന്നില്ലെങ്കിലും കവി വെമ്പുന്നത്.അവള്‍ക്കൊരു മടിത്തടം നീട്ടുക എന്നത് മനുഷ്യനായിരിക്കുക എന്നതിന്റെ അടയാളമാണെന്ന് ഇക്കവിത അടിവരയിടുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1