#ദിനസരികള്‍ 345





ഫാസിസത്തിന്റെ സ്വഭാവത്തെക്കുറിച്ചും സമൂഹത്തില്‍ അത്തരം തിക്താത്മകമായ പ്രത്യയശാസ്ത്രങ്ങള്‍ മേല്‍ക്കോയ്മ നേടിയെടുക്കുന്ന രീതികളെക്കുറിച്ചും നാം ധാരാളം ചര്‍ച്ച ചെയ്തുകഴിഞ്ഞിരിക്കുന്നു.ഏറ്റവും സങ്കീര്‍ണവും അത്രതന്നെ ലളിതവുമായ ഭാഷയില്‍ ഫാസിസം അതിന്റെ ഗുണഭോക്താക്കളേയും ഇരകളേയും സൃഷ്ടിച്ചെടുക്കുന്ന രീതികളെക്കുറിച്ചും നമുക്കു ധാരണയുണ്ട്.ചരിത്രത്തിന്റെ ഏതോതൊക്കെ വഴികളില്‍ തന്റെ ദംഷ്ട്രകളെ ഉപയോഗിച്ചുകൊണ്ട് മാനവികേതരമായ ആ പ്രത്യയശാസ്ത്രം വേരു പിടിപ്പിച്ചിട്ടുണ്ടോ അതാതു വഴികള്‍ എല്ലായ്പ്പോഴും തന്നെ കലുഷിതവുമായിട്ടുണ്ട്.ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്കു കണ്ടെത്താനാകും.എന്നിട്ടും ഒരു ജനത എന്ന നിലയില്‍ നാം എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
ഭയപ്പെടുത്തുകയും സ്വത്വബോധങ്ങളില്‍ അതിരറ്റ് അഭിരമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്റെ സ്വഭാവസവിശേഷതയാണ്. ക്രൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടവര്‍ എന്നൊരു ധാരണ ഉണ്ടാക്കുകയും ആത്മാഭിമാനമുള്ളവര്‍ ആ ശത്രുവിനെ നേരിടാന്‍ ഒന്നിച്ചു നില്ക്കണം എന്ന് അനുശാസിക്കുകയും ചെയ്യുകയും അതാണ് ശരിയെന്ന വിധത്തിലുള്ള ധാരണ ഊട്ടിയുറപ്പിക്കാന്‍ പ്രത്യയശാസ്ത്രപരമായ മേല്‍ക്കോയ്മ ഉണ്ടാക്കിയെടുക്കാന്‍ നുണകളേയും ഉപജാപങ്ങളേയും കൂട്ടുപിടിക്കുകയും ചെയ്യുന്നു.അന്യരെന്ന് അടയാളപ്പെടുത്താന്‍ താരതമ്യേന എളുപ്പമായ ഒരു പരിതോവസ്ഥയാണ് ഇക്കാലങ്ങളില്‍ നിലനില്ക്കുന്നത്.അതിനു സഹായിക്കുന്ന ഏറ്റവും മൂര്‍ത്തമായ ഒരാശയം മതം തന്നെയാണ്. പിന്നീട് ദേശീയതയും അതിനോടനുബന്ധിച്ച് മറ്റ് അനുസാരികളും കടന്നു വരുന്നു.
കുരുക്കുകള്‍ നന്നായി മുറുകിക്കഴിഞ്ഞിരിക്കുന്നു.അവസാനത്തെ പിടച്ചിലിനുവേണ്ടിയുള്ള കാഹളമാണ് ചുറ്റും ഉയരുന്നത്.എന്നിട്ടും എന്താണ് നാം അസാധാരണമായ വിധത്തില്‍ ശാന്തമായിരിക്കുന്നത്?ഒരു കെടുതി  ആസന്നമായിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നില്ലെന്നാണോ? അതോ മനസ്സിലെവിടെയെങ്കിലും അത്തരമൊരു കാലത്തെ നാം അറിയാതെയെങ്കിലും പ്രതീക്ഷിക്കുകയാണോ? ആണെന്നു വരാം.ഉള്ളിന്റെയുള്ളില്‍ അന്യരെ സ്ഥാപിച്ചുകഴിഞ്ഞിരിക്കുമ്പോള്‍ , അസാധാരണമായി നമ്മുടെ സ്വത്വങ്ങളില്‍ അഭിരമിക്കുമ്പോള്‍ നാം ചരിത്രത്തെ മറക്കുന്നു. ചരിത്രമാകട്ടെ പ്രഹസനമായി ആവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍