#ദിനസരികള്‍ 346


            വയല്‍ക്കിളികളെക്കുറിച്ച് നമ്മുടെ മന്ത്രി സുധാകരന്‍ പറഞ്ഞത് അവര്‍ കിളികളല്ല കഴുകന്മാരാണ് എന്നാണ്. അദ്ദേഹത്തിന്റെ ആ പ്രസ്ഥാവനയോട് സുഗതകുമാരിയടക്കമുള്ളവര്‍ അതിശക്തമായി പ്രതികരിച്ചു. :- കീഴാറ്റൂരിലെ വയൽക്കിളികളിൽ ഒന്നാണു ഞാനും. പ്രകൃതിയുടെ ഭാഷ ഞങ്ങൾ സംസാരിച്ചുതുടങ്ങിയിട്ട്‌ വർഷങ്ങൾ നാല്പതിലധികമാകുന്നു.  അന്നത്തെക്കാൾ എത്രയോ ഭീകരമായ പ്രകൃതി നാശമാണ്‌ ലോകവ്യാപകമായി ഇന്നു നടക്കുന്നത്‌.  ഓരോ വയലും അന്നപൂർണ മാത്രമല്ല, ജലസംഭരണി കൂടിയാണ്‌ എന്ന്‌ ആയിരംവട്ടം പറഞ്ഞുകഴിഞ്ഞു. ഓരോ വയലും അനന്തമായ ജൈവവൈവിധ്യകേന്ദ്രമാണ്‌. മാനത്തുകണ്ണിയും തവളയും മുതൽ ഒരായിരം ദൃശ്യങ്ങളും അദൃശ്യങ്ങളുമായ ചെറുജീവികളുടെ ആവാസവ്യവസ്ഥയാണ്‌.  മനുഷ്യൻ എന്ന മഹാശക്തൻ, എത്ര തിന്നാലും ആർത്തിയൊടുങ്ങാത്തവർ, എത്ര സുഖിച്ചാലും ആസക്തി തീരാത്തവൻ മാത്രം ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ? അവയോടൊപ്പമെങ്കിലും ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ? അവയോടൊപ്പമെങ്കിലും ഈ പാവപ്പെട്ട കർഷകരെയും പ്രകൃതി  മാറോടണച്ചിരിക്കുന്നു എന്നു മറക്കരുത്‌. ബഹുമാനപ്പെട്ട സുധാകരൻ, ആറന്മുള സമരംകഴിഞ്ഞ്‌ നാമൊന്നു നെടുവീർപ്പിട്ടതല്ലേയുള്ളൂ. തികച്ചും അനാവശ്യമായ ഒരു വിമാനത്താവളത്തിനുവേണ്ടി  ഒരു ഗവൺമെന്റ്‌ സകലനിയമങ്ങളെയും ലംഘിക്കുന്നതുകണ്ട്‌ നാമെല്ലാം ഒന്നിച്ചല്ലേ ആ വയലുകളെ രക്ഷിക്കാനിറങ്ങിയത്‌? ഇത്രവേഗം അന്നത്തെ വാദഗതികളെല്ലാം മറന്നുപോയോ?എന്നാണ് ടീച്ചറുടെ സ്വാഭാവികമായ പ്രതികരണം വന്നത്.സ്വാഭാവികം എന്നുതന്നെയാണ് എഴുതിയതെന്ന് ആവര്‍ത്തിക്കട്ടെ.
            സുഗതകുമാരിടീച്ചറുടേത് വൈകാരികമായ ഒരഭിപ്രായമെന്നതിനപ്പുറം വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുമ്പോഴാണ് മന്ത്രി പറഞ്ഞ പ്രസ്ഥാവനയുടെ പൊരുള്‍ വെളിപ്പെടുക.വയലിനോടും പ്രകൃതിയോടുമുള്ള സ്നേഹത്തിനപ്പുറത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്ന രാഷ്ട്രീയമായ അജണ്ടയെ സുഗതകുമാരി തിരിച്ചറിഞ്ഞില്ല എന്ന് വിശ്വസിച്ചുകൊണ്ട് നിഷ്കളങ്കതയുടേതായ ഒരു പരിവേഷം നാം അവര്‍ക്ക് അനുവദിച്ചേക്കുക.എന്നിരുന്നാലും വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന്റെ അജണ്ട ഒരു സി പി ഐ എം വിരുദ്ധചേരിയെ സൃഷ്ടിക്കുകയെന്നതാണെന്നും ബി ജെ പിയടക്കമുള്ള കക്ഷികള്‍ സമരത്തിന് നല്കുന്ന സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയമായ താല്പര്യങ്ങളാണെന്നും തിരിച്ചറിയാനുള്ള ശേഷി സുഗതകുമാരിടീച്ചര്‍‌ക്കെന്ന മറ്റു പലര്‍ക്കും കൈമോശം വന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.
            ഈ വിഷയത്തില്‍ തീര്‍ച്ചയായും സി പി ഐ എം കടുത്ത ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.കൊച്ചു കൊച്ചു പ്രതിഷേധങ്ങളെ ഊതിപ്പെരുപ്പിച്ച് മുതലെടുപ്പുനടത്തുക എന്നതൊരു അജണ്ടയായി കേരളമാകെ വ്യാപിപ്പിക്കാനുള്ള സാധ്യതയും സിംഗൂരെന്ന പേരുപയോഗിച്ചുകൊണ്ട് ആ സമരങ്ങള്‍ക്ക് സാധ്യതയുണ്ടാക്കാനുള്ള ശ്രമവും വരും നാളുകളില്‍ പ്രതീക്ഷിക്കുക തന്നെ വേണം.രാഷ്ട്രീയമായ സമരങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള എല്ലുറപ്പ് സി പി ഐ എമ്മിനുണ്ടെന്ന് അറിയാവുന്നവര്‍ ഇത്തരത്തിലുള്ള ഒളിയൂദ്ധങ്ങള്‍ ആവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണ്.ഇടതുപക്ഷ സഹചാരികളെന്ന് അവകാശപ്പെടുന്നവര്‍ പോലും സി പി ഐ എം വിരുദ്ധ വലയിലേക്ക് വളരെ എളുപ്പത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.മതജാതി വര്‍ഗ്ഗീയ സംഘടനകളോടൊപ്പം അവര്‍ എതിര്‍മുഖത്ത് യുദ്ധസജ്ജരായി നില്ക്കുകയും ചെയ്യുന്നു.ഈ ഒറ്റപ്പെടുത്തലിനെ അതിജീവിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ട പരീക്ഷണഘട്ടമാണിത്.രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കുള്ള അവസരങ്ങള്‍ എന്തുവിലകൊടുത്തും തടയുകതന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1