#ദിനസരികള്‍ 341


            ഹെജിമനി എന്തെന്ന് കൂടുതല്‍ വ്യക്തമാക്കുന്നത് സാംസ്കാരിക സിദ്ധാന്തങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുമെന്നതിനാല്‍ പ്രൊഫസര്‍ വി സുകുമാരന്‍ എഴുതിയ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം നവസിദ്ധാന്തങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് ദീര്‍ഘമായ ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ ഹെജിമനി എന്ന ആശയത്തിന്റെ രൂപഭാവങ്ങളെക്കുറിച്ച് അന്റോണിയോ ഗ്രാംഷി നടത്തിയ ആഴത്തിലുള്ള പഠനമാണ് സാംസ്കാരിക സിദ്ധാന്ത വിചാരത്തിന് അദ്ദേഹം നല്കിയ കാതലായ സംഭാവന.മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും ലെനിന്റേയും ല്യൂക്കാച്ചിന്റേയും മറ്റു പല ആചാര്യന്മാരുടേയും എഴുത്തുകളില്‍ ഒരുപാട് സന്ദര്‍ഭങ്ങളിലായി കടന്നു വരുന്ന ഐഡിയോളജി എന്ന ആശയ സ്വരൂപത്തിന്റെ വികാസം . അതാണ് ഗ്രാംഷിയന്‍ ഹെജിമനി.ഇതിനെ ഒരു രാഷ്ട്രീയ സങ്കല്പമായി വിചാരണ ചെയ്യുന്നു.പടിഞ്ഞാറന്‍ ഡെമോക്രസികളില്‍ മുതലാളിത്തവും ആഭാസമായ ചൂഷണവ്യവസ്ഥയുമാണ് കൊടികുത്തി വാഴുന്നത്.എന്നിട്ടും ആ രാജ്യങ്ങളില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുന്നില്ല.എന്തുകൊണ്ട്?ഈ ചോദ്യത്തിന് ഗ്രാംഷി സമാധാനം കണ്ടെത്തുന്നത് ഹെജിമനിയുടെ സ്വത്വവിശ്ലേഷണത്തില്‍ക്കൂടിയാകുന്നു. ആധിപത്യം കൈയ്യാളുന്ന മേലാളവര്‍ഗ്ഗം ചുമ്മാതങ്ങു ഭരിക്കുകയല്ല ചെയ്യുന്നത്.ധാര്‍മികവും ധൈഷണികവുമായ നേതൃത്വം ഏറ്റെടുത്തുകൊണ്ട് അതിനെ നയിക്കുകയും ചെയ്യുന്നു.ഇതാണ് ഹെജിമനിയുടെ സ്വഭാവം.അടിച്ചമര്‍ത്തലും ചൂഷണവും നടത്തുന്നു.അതേ സമയം നല്ല പിള്ള ചമയുകയും ചെയ്യുന്നു.സാമൂഹിക സ്ഥിരതയുടേയും പൊതുസമ്മതത്തിന്റേയും കാലാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.ഇതൊക്കെ ഹെജിമനിയുടെ തന്ത്രങ്ങളാണ്.നിലവിലുള്ള അധികാരഘടനയുമായി കീഴാളരെ വിളക്കിച്ചേര്‍ക്കുക, മേലാളവര്‍ഗ്ഗത്തിന്റെ ആശയങ്ങളേയും മൂല്യങ്ങളേയും ലക്ഷ്യങ്ങളേയും സാംസ്കാരികവും രാഷ്ട്രീയവുമായ നിലപാടുകളേയും അവരെക്കൊണ്ട് അംഗീകരിപ്പിക്കുക : ഇതൊക്കെയാണ് ഹെജിമനിയുടെ അജണ്ട.അധികാരവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ സമൂഹത്തിന്റെ / രാജ്യത്തിന്റെ മൊത്ത താല്പര്യങ്ങളായി നിര്‍വചിക്കുന്നു
            ഹെജിമനികള്‍ സൃഷ്ടിച്ചെടുക്കുന്നത് ഓരോ താല്പര്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. അങ്ങനെ വരുമ്പോള്‍ ആ താല്പര്യങ്ങളാണ് ഭൂരിപക്ഷത്തിന്റെ താല്പര്യമെന്ന് പ്രചരിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും അതാത് വര്‍ഗ്ഗങ്ങളോട് ചേര്‍ന്നു നില്ക്കുന്ന ബുദ്ധിജീവികളാണ്. ഗ്രാംഷി ഇത്തരക്കാരെ ഓര്‍ഗാനിക് ഇന്‍റലക്ച്വല്‍സ് അഥവാ ജൈവ ബുദ്ധിജീവികള്‍ എന്നാണ് വിളിക്കുന്നത്.ആശയങ്ങളെ സൃഷ്ടിക്കുകയും അങ്ങനെ സൃഷ്ടിക്കപ്പെട്ട ആശയങ്ങള്‍മാത്രമാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കുകയും അത് അധികാരം പിടിച്ചെടുക്കാനുള്ള അല്ലെങ്കില്‍ നിലനിറുത്താനുള്ള സാധ്യതയായി ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ബുദ്ധിജീവികള്‍ പ്രവര്‍ത്തനത്തിലേര്‍‌പ്പെടുന്നത്.സംസ്കാരത്തിന്റെ രാഷ്ട്രീയത്തില്‍ ഹെജിമനിക്ക് സുപ്രധാനമായ പ്രാധാന്യമുണ്ട്.ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രയോഗിച്ച് വിജയിപ്പിച്ചെടുത്ത മാതൃക നമ്മുടെ മുന്നിലുണ്ട്. നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും വംശീയമായി സ്വത്വബോധങ്ങളെ തട്ടിയുണര്‍ത്തിയും കൃത്രിമമായി ശത്രുക്കളെ സൃഷ്ടിച്ചെടുത്തും ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എത്രയോ പഠനങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. സമകാലികമായി ഇന്ത്യയില്‍ നടക്കുന്ന സാംസ്കാരികമായ ഇടപെടലുകള്‍ ഒരു ഫാസിസ്റ്റ് ഭരണക്രമത്തിന്റെ സംസ്ഥാപനത്തിന് എങ്ങനെയൊക്കെ സഹായകമാകും എന്ന നിരീക്ഷണം ഹെജിമനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ സഹായകമാകും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1