#ദിനസരികള്‍ 342


            നിലനില്ക്കുന്ന സമ്മതികളെ മാറ്റിമറിക്കാനും പ്രത്യയശാസ്ത്രപരമായ മേല്‍‌ക്കോയ്മ സൃഷ്ടിച്ചെടുക്കാനും കഴിയുന്നുവെങ്കില്‍ മാത്രമേ ഒരു വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു വര്‍ഗ്ഗത്തിലേക്ക് അധികാരത്തിന്റെ കൈമാറ്റം സാധ്യമാകൂ.അങ്ങനെ മേല്‍‌ക്കോയ്മ ഉണ്ടാക്കിയെടുക്കാന്‍ നടത്തുന്ന പ്രചാരണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.സോവിയറ്റ് യൂണിയനെ മുന്‍നിറുത്തി പി ജി ഇങ്ങനെ എഴുതുന്നുസോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ തകര്‍ച്ചക്ക് ശത്രുക്കളുടെ ഉപജാപം സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ തിരോധാനം, സാമ്പത്തികരംഗത്തെ പരാജയം മുതലായ പല കാരണങ്ങളും ഉണ്ടെങ്കിലും സംസ്കാരത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും രംഗത്ത് സംഭവിച്ച അപചയം വളരെ നിര്‍ണായകമായിരുന്നുവെന്ന് പല നിരീക്ഷകന്മാരും ചൂണ്ടിക്കാണിക്കുന്നു.സംസ്കാരത്തിലും പ്രത്യയശാസ്ത്രത്തിലും മേല്‍‌ക്കൈ നേടാനുള്ള നിരന്തര പോരാട്ടം വിപ്ലവപ്രസ്ഥാനങ്ങളുടെ എന്ന പോലെ പ്രതിവിപ്ലവപ്രസ്ഥാനങ്ങളുടെ കര്‍മപരിപാടിയിലും മുഖ്യസ്ഥാനം നേടുന്നതിന്റെ കാരണം ഇതാണ്.ഹെജിമനി നേടിയെടുക്കുന്നതിനുള്ള സംഘട്ടനത്തില്‍ ഉപയോഗിക്കപ്പെടുന്ന സാധ്യതകള്‍ പ്രഥമമായും പ്രധാനമായും ഉന്നം വെക്കുന്നത് പ്രത്യയശാസ്ത്രപരമായ പരിസരങ്ങളെയായിരിക്കും.കാരണം പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളെ മുച്ചൂടും മുടിക്കുക എന്ന വര്‍ഗ്ഗ സംക്രമണത്തിന് ആക്കം കൂട്ടുകതന്നെ ചെയ്യും. സോവിയറ്റു യൂണിയനിലുണ്ടായ അത്തരം പ്രചാരണങ്ങള്‍ കമ്യൂണിസ്റ്റ് ഭരണക്രമത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പില്‍ മാത്രമല്ല , മറിച്ച് കമ്യൂണിസത്തോടുതന്നെയുള്ള എതിര്‍പ്പിലാണ് കൂടുതലായും കേന്ദ്രീകരിച്ചിട്ടുള്ളത്.
            സംസ്കാരത്തില്‍‌ സ്വാധീനം ചെലുത്തുകയും നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ ശേഷിയുള്ളതുമായ ഘടകങ്ങള്‍ സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നൊരു പരിശോധന കൂടി പി ജി ഈ ലേഖനത്തില്‍ നടത്തുന്നുണ്ട്.നിരൂപണത്തിലെ സാംസ്കാരിക വിപ്ലവം എന്ന ഇടപ്പേരില്‍ ഷേക്സ്പിയര്‍ കൃതികളെക്കുറിച്ച് സിയന്‍ മാ‌ക്വോയ് നടത്തിയ പഠനത്തില്‍ നിന്നും പി ജി ഉദ്ധരിക്കുന്ന ഭാഗം , സാഹിത്യത്തില്‍ സാംസ്കാരിക പഠനം ഇടപെടുന്ന രീതിയുടെ ഒരു നഖചിത്രം വരച്ചിടുന്നുണ്ട്. സാമ്പ്രദായികമായ എല്ലാ നിലപാടുകളേയും തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ പറയുന്നു:- ഏറ്റവും ശ്രദ്ധേയമായ ഒരാധുനികാശയമിതാണ് എല്ലാം സംഭവിക്കുന്നത് സ്ഥലത്തിലും കാലത്തിലുമാണ്.അഥവാ ചരിത്രത്തിലാണ്.അതുകൊണ്ട് കാലാതീതമോ നിത്യമോ ആയി ഒരു ഘടകവും മാറ്റമില്ലാതെ തുടരുന്നില്ല.പ്രണയം എന്ന പ്രമേയം തന്നെ എടുക്കുക.സ്ഥിരവും അമൂര്‍ത്തവുമായ ഒരു സനാതന സങ്കല്പമാണ് പലര്‍ക്കും പ്രണയം.ഒരു നാടകം പ്രണയത്തെ വിശദീകരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുമ്പോഴും പ്രണയം നാടകത്തിനുള്ളിലല്ല എന്ന് എല്ലാവര്‍ക്കും അറിയാം.പതിനാറാം നൂറ്റാണ്ടില്‍ റോമിയോവിനും ജൂലിയറ്റിനുമുണ്ടായിരുന്നതുപോലെ തന്നെ അമൂര്‍ത്തമായ ഒന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെഴുതപ്പെടുന്ന ഒരു നാടകത്തിലെ ഇണക്കും പ്രണയം” (തുടരും)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1