#ദിനസരികള്‍ 338


            വള്ളത്തോള്‍ വിദ്യാപീഠം , സംസ്കാര പഠനം : ചരിത്രം , സിദ്ധാന്തം , പ്രയോഗം എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാംസ്കാരികപഠനമെന്ന നൂതന വിജ്ഞാനശാഖയുടെ സിദ്ധാന്തങ്ങളേയും പ്രയോഗമാതൃകകളേയും കൂറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം, ഈ മേഖലയില്‍ നമുക്ക് ലഭിച്ച കൃതികളില്‍ മുന്നിട്ടുനില്ക്കുന്ന ഒന്നു തന്നെയാണ്.പി ഗോവിന്ദപ്പിള്ള എംജി എസ് നാരായണന്‍ , കെ എന്‍‌ ഗണേഷ് , എം ആര്‍ രാഘവവാരിയര്‍, സുനില്‍ പി ഇളയിടം, പി പി രവീന്ദ്രന്‍ തുടങ്ങി ഇരുപത്തിയഞ്ചോളമാളുകളാണ് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
            എന്താണ് സംസ്കാരപഠനം എന്നു ചോദിക്കുന്നതിനെക്കാള്‍ എന്തല്ല സാംസ്കാരികപഠനം എന്നു ചോദിക്കുന്നതാവും എളുപ്പം. മനുഷ്യനുമായി ബന്ധപ്പെട്ട / പെടുന്ന എന്തും ഈ വിഷയത്തിന്റെ പരിധിയില്‍  വരുന്നു.കൃത്യമായി നിര്‍വചിക്കുക അസാധ്യമാണെന്നും ഏറ്റവും കുഴപ്പം പിടിച്ച വാക്കുകളിലൊന്നാണ് സംസ്കാരമെന്നും കീവേഡ്സില്‍ റയ്മണ്ട് വില്യംസ് ചൂണ്ടിക്കാണിക്കുന്നത്.സാസ്കാരിപഠനത്തിന്റെ പ്രസക്തിയെ അക്കമിട്ടു നിരത്തിക്കൊണ്ട് പി ഗോവിന്ദപ്പിള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ രൂപംകൊണ്ട ഒരു സാഹിത്യ കലാഗവേഷണ പദ്ധതിയാണിത്.പിന്നീട് ചരിത്രം സാമൂഹ്യവിജ്ഞാനീയം ദര്‍ശനം ചലച്ചിത്രം ടെലിവിഷന്‍ തുടങ്ങി പരസ്യവും ചുവരെഴുത്തും വരെയുള്ള സകലമാന സാമൂഹ്യരചനകളേയും പഠിക്കാന്‍ അത് പ്രയോജനപ്പെടുത്തിവരുന്നു  എന്നാണ് പ്രസ്തുത കുറിപ്പിന്റെ ഒന്നാമത്തെ ഖണ്ഡിക പറയുന്നത്.
            സംസ്കാരം എന്ന പദം നമ്മുടെ പൊതുബോധത്തില്‍ ചരിത്രത്തിലൂടെ പല അര്‍ത്ഥങ്ങളും ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്.സംസ്കാരമുള്ളവന്‍ അതില്ലാത്തവന്‍ എന്ന അധികാര ബോധമായി വ്യക്തിതലത്തില്‍ അത് പ്രകടമാകുന്നുണ്ട്.സംസ്കാരമുള്ള ജനത അതില്ലാത്ത ജനത എന്നിങ്ങനെ സമൂഹത്തെ പറ്റി പറയാറുണ്ട്. സംസ്കൃതം പ്രാകൃതം എന്നിങ്ങനെ ഭാഷയെ തിരിക്കുന്നിടത്തും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്.ആധുനികതയുമായി ചേര്‍ന്നു നിന്നപ്പോള്‍ അത് പുരോഗമിച്ചത് അല്ലാത്തത് എന്നുമായി.ഇതൊക്കെത്തന്നേയും കേവലമായ വിഭജനങ്ങളല്ല എന്നും അതില്‍ മൂല്യപരമായ വിലയിരുത്തല്‍ കൂടിയുണ്ട് എന്നും വ്യക്തമാണ്.മൂല്യപരമായ ഇത്തരം മുന്‍വിധികളെ സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.സംസ്കാരപഠനം ജനതയെ സംസ്കാരസമ്പന്നരാക്കിത്തീര്‍ക്കുന്നതിനായി രൂപപ്പെട്ട സ്ഥാപനങ്ങളുടേയും പ്രക്രിയകളുടേയും വിമര്‍ശനം കൂടിയായിത്തീരുന്നത് അങ്ങനെയാണ്.(പുസ്തകത്തില്‍ ആമുഖമായി കൊടുത്തിരിക്കുന്ന കുറിപ്പില്‍ നിന്ന് ) ഇങ്ങനെ അത്യന്തം സങ്കീര്‍ണമായ ഒരു മേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള സംസ്കാരപഠനം എന്ന ഗ്രന്ഥത്തിലെ ഓരോ ലേഖനങ്ങളും മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശമാണ് എനിക്കുള്ളത്.ആ മേഖലയെക്കുറിച്ച് വേണ്ടത്ര ധാരണയുണ്ടാകാത്തവര്‍ക്ക് അതൊരു സഹായമാകുമെന്നും പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1